ടി20യിൽ പുതിയ നാഴികക്കല്ല് സ്വന്തമാക്കി പാക് താരം ബാബർ അസം. ടി20യിൽ 12,000 റൺസ് പൂർത്തിയാക്കിയാണ് ബാബർ പുതിയ റെക്കോർഡിട്ടത്. ടി20യിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന താരമായും ബാബർ മാറി. 338 മത്സരങ്ങളിൽ നിന്നുമാണ് ബാബർ ഈ നേട്ടം കൈവരിച്ചത്.
വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ് തകർത്താണ് ബാബറിന്റെ മുന്നേറ്റം. 343 മത്സരങ്ങളിൽ നിന്നുമാണ് ഗെയ്ൽ 12,000 റൺസ് നേടിയത്. കുട്ടിക്രിക്കറ്റിൽ 12,000 റൺസ് നേടുന്ന രണ്ടാമത്തെ പാക് താരമാണ് ബാബർ. 13,571 റൺസ് നേടിയ ഷൊയ്ബ് മാലിക്കാണ് ആദ്യമായി ഈ നേട്ടം കൈവരിച്ച പാക് താരം. ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ഷൊയ്ബ് മാലിക്കാണ്.
പാകിസ്താൻ സൂപ്പർ ലീഗിൽ പെഷവാർ സാൽമിക്ക് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് താരത്തെ ഈ നേട്ടത്തിലെത്തിച്ചത്. കറാച്ചി കിങ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 51 പന്തിൽ പുറത്താവാതെ 87 റൺസ് നേടിയാണ് പാക് ക്യാപ്ടൻ കൂടിയായ ബാബർ തിളങ്ങിയത്. 10 ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
മത്സരത്തിൽ 159 റൺസിന്റെ കൂറ്റൻ വിജയമാണ് ബാബർ അസമും സംഘവും സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പെഷവാർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 246 റൺസാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്ന കറാച്ചി കിങ്‌സ് 87 റൺസിന് പുറത്തായി. പെഷവാറിന് വേണ്ടി കുശാൽ മെൻഡീസ് സെഞ്ച്വറി നേടി. 52 പന്തിൽ 109 റൺസാണ് താരം നേടിയത്.
ബൗളിങ്ങിൽ ഇഫ്തിക്കർ അഹമ്മദ്, നഹിദ് റാണ, സൂഫിയാൻ മുഖീം എന്നിവർ മൂന്ന് വീതം വിക്കറ്റുകളും ഷോരിഫുൽ ഇസ്ലാം ഒരു വിക്കറ്റും നേടിയപ്പോൾ കറാച്ചി തകർന്നടിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
