മെൽബൺ: അഞ്ച് വിക്കറ്റുമായി കളം നിറഞ്ഞ ക്യാപ്ടൻ പാറ്റ് കമ്മിൻസിന്റെ ബൗളിംഗ് മികവിൽ പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിൽ 79 റൺസിന്റെ ജയം നേടി ആസ്‌ട്രേലിയ പരമ്പര സ്വന്തനാക്കി. ആദ്യ ടെസ്റ്റിലും ജയിച്ച ആസ്‌ട്രേലിയ ഒരു മത്സരം കൂടി ബാക്കി നിൽക്കെ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ഓസീസ് ഉയർത്തിയ 317 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാക് പട ഓസീസ് പേസ് ആക്രമണത്തിന് മുമ്പിൽ അടിതെറ്റി 237 റൺസിന് ഓൾഔട്ടാവുകയായിരുന്നു. സ്‌കോർ: ഓസ്‌ട്രേലിയ 318/10,262/10. പാകിസ്ഥാൻ 264/10,237/10.
187/6 എന്ന നിലയിൽ ഇന്നലെ രാവിലെ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 262 റൺസിന് ഓൾഔട്ടായി. മിച്ചൽ സ്റ്റാർക്ക് (9), പാറ്റ് കമിൻസ് (16), നഥാൻ ലയൺ (11), അലക്‌സ് കാരി (53) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നാലാം ദിനം നഷ്ടമായത്. പാകിസ്ഥാനായി ഷഹീൻ അഫ്രീദിയും മിർ ഹംസയും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഒരുഘട്ടത്തിൽ 16/4 എന്ന നിലയിൽ പതറിയ ഓസ്‌ട്രേലിയയെ സ്റ്റീവ് സ്മിത്തും (50), മിച്ചൽ മാർഷും (96) ചേർന്നാണ് കരകയറ്റിയത്. ഇരുവരും അഞ്ചാം വിക്കറ്റിൽ 267 പന്തിൽ 153 റൺസ് കൂട്ടിച്ചേർത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ ഓപ്പണർ അബ്ദുള്ള ഷഫീഖിന (4) തുടക്കത്തിലെ പുറത്താക്കി മിച്ചൽ സ്റ്റാർക്കാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂനൽകിയത്. തുടർന്ന് കൃത്യമായ ഇടവേളയിൽ പാകിസ്ഥാന് മുൻനിര വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. 18 റൺസെടുക്കുന്നതിനിടെയാണ് പാകിസ്ഥാന് അവസാന അഞ്ച് വിക്കറ്റുകൾ നഷ്ടമായത്.
അർദ്ധ സെഞ്ച്വറിയുമായി ചെറുത്ത് നില്പ് നടത്തിയ സൽമാൻ അലി ആഗയേയും (50) ലാസ്റ്റ് മാൻ മിർ ഹംസയേയും (2) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി സ്റ്റാർക്കാണ് പാക് ഇന്നിംഗ്‌സിന് തിരശീലയിട്ട് ഓസീസിന്റെ ജയമുറപ്പിച്ചത്. സ്റ്റാർക്ക് 4 വിക്കറ്റ് വീഴ്ത്തി. 60 റൺസെടുത്ത ക്യാപ്ടൻ ഷാൻ മസൂദാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറർ.
രണ്ട് ഇന്നിംഗ്‌സിലും 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി ആകെ 10 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്ടൻ പാറ്റ് കമ്മിൻസാണ് കളിയിലെതാരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്