പാരീസ് ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവായ അമൻ സെഹ്‌റാവത്തിനെ ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ (ഡബ്ല്യുഎഫ്‌ഐ) ഒരു വർഷത്തേക്ക് വിലക്കി. അടുത്തിടെ സാഗ്രെബിൽ നടന്ന ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിലെ ആദ്യ മത്സരത്തിന് മുമ്പ് ശരീരഭാരം കുറയ്ക്കുന്നതിൽ താരം പരാജയപ്പെട്ടിരുന്നു.
തുടർന്ന്, ചാമ്പ്യൻഷിപ്പിൽ നിന്ന് അമനെ അയോഗ്യനാക്കിയിരുന്നു. 1.7 കിലോഗ്രാം അധികഭാരം കണ്ടെത്തുകയായിരുന്നു. ലോകകപ്പുകൾ, യുഡബ്ല്യുഡബ്ല്യു റാങ്കിങ് സീരീസ് ടൂർണമെന്‍റുകൾ, മറ്റ് അന്താരാഷ്ട്ര മത്സരങ്ങൾ എന്നിവയ്ക്ക് രണ്ട് കിലോഗ്രാം ഭാരം കൂടുതല്‍ അനുവദനീയമാണെങ്കിലും, ലോക ചാമ്പ്യൻഷിപ്പുകൾക്കും ഒളിമ്പിക്‌സിനും അത്തരം വ്യവസ്ഥകളൊന്നുമില്ല.
രണ്ട് തവണ ജൂനിയർ ലോക ചാമ്പ്യനായ താരത്തിന് അടുത്ത വർഷം ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസും നഷ്‌ടമായേക്കും. 2026 സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ഗെയിംസ് നടക്കുക. അമന്‍റെ വിലക്ക് 2025 സെപ്റ്റംബർ 23 മുതൽ 2026 സെപ്റ്റംബർ 22 വരെയാണ്. ട്രയൽസിൽ പങ്കെടുക്കാൻ അനുവാദമില്ലാത്തതിനാല്‍ ഗെയിംസിനുള്ള താരത്തിന്‍റെ എൻട്രി സംഘാടകർക്ക് അയയ്ക്കില്ല.
സെപ്റ്റംബർ 23 ന് സാഗ്രെബിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അമന് ഫെഡറേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഭാരം കുറക്കുന്നതിൽ പരാജയപ്പെട്ടതിലെ അശ്രദ്ധ വിശദീകരിക്കാൻ താരത്തിനോട് ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യൻ ഗുസ്‌തിക്കാർക്കിടയിൽ ആവർത്തിച്ചുവരുന്ന ഭാരം നിയന്ത്രിക്കൽ സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിന് നാല് പുരുഷ ഫ്രീസ്റ്റൈൽ പരിശീലകർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്