ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഫുൾഹാം തങ്ങളുടെ പുതിയ മുഖ്യപരിശീലകനായി റയൽ മാഡ്രിഡിന്റെ മുൻ കോച്ച് ആൽവാരോ അർബെലോവയെ എത്തിക്കാൻ ചർച്ചകൾ ആരംഭിച്ചു.
റയൽ മാഡ്രിഡിൽ വെറും ആറുമാസം മാത്രം നീണ്ടുനിന്ന പരിശീലന കരിയർ കഴിഞ്ഞ ചൊവ്വാഴ്ച അവസാനിച്ചതിന് പിന്നാലെയാണ് 43കാരനായ സ്പാനിഷ് പരിശീലകൻ അർബെലോവ ഫുൽഹാമിന്റെ നോട്ടമെത്തിയത്.
അർബെലോവ പടിയിറങ്ങിയ റയൽ മാഡ്രിഡിലേക്ക് ഹോസെ മൗറീന്യോ പരിശീലകനായി തിരിച്ചെത്തിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി ഫുൽഹാമിനെ നയിച്ചിരുന്ന മാർക്കോ സിൽവ ക്ലബ്ബ് വിട്ട സാഹചര്യത്തിലാണ് പുതിയ പരിശീലകനായുള്ള തിരച്ചിൽ ശക്തമാക്കിയത്.
ഫുൽഹാമിലെ തന്റെ ആദ്യ സീസണിൽ തന്നെ ടീമിനെ ചാമ്പ്യൻഷിപ്പ് ജേതാക്കളാക്കി പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടിക്കൊടുത്ത സിൽവ, തുടർന്ന് ലീഗിൽ 10-ാം സ്ഥാനം മുതൽ 13-ാം സ്ഥാനം വരെയുള്ള സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ക്ലബ്ബിന്റെ സ്ഥാനം ഉറപ്പിച്ചു നിർത്തിയിരുന്നു. 2025ൽ ക്ലബ്ബ് റെക്കോർഡായ 54 പോയിന്റുകളോടെ ഫുൽഹാമിനെ 11-ാം സ്ഥാനത്ത് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിൽ ഹോസെ മൗറീന്യോയ്ക്ക് പകരക്കാരനായാണ് സിൽവ ഇപ്പോൾ ചുമതലയേറ്റിരിക്കുന്നത്.
കളിക്കാരനെന്ന നിലയിൽ റയൽ മാഡ്രിഡിനൊപ്പം രണ്ട് തവണ യൂറോപ്യൻ കപ്പ് സ്വന്തമാക്കുകയും, 2008-2012 കാലഘട്ടത്തിൽ സ്‌പെയിന്റെ ലോകകപ്പ്, യൂറോ കപ്പ് വിജയങ്ങളിൽ പങ്കാളിയാവുകയും ചെയ്ത മുൻ പ്രമുഖ റൈറ്റ് ബാക്കാണ് ആൽവാരോ അർബെലോവ. സാബി അലോൺസോയെ പുറത്താക്കിയതിനെ തുടർന്ന് കഴിഞ്ഞ ജനുവരി 12നാണ് അർബെലോവ റയൽ മാഡ്രിഡിന്റെ പരിശീലകനായി നിയമിതനാകുന്നത്.
എന്നാൽ അദ്ദേഹത്തിന് കീഴിൽ റയലിന്റെ തുടക്കം പാളിയിരുന്നു. ആദ്യ മത്സരത്തിൽ തന്നെ രണ്ടാം ഡിവിഷൻ ക്ലബ്ബായ അൽബാസെറ്റെയോട് പരാജയപ്പെട്ട് റയൽ കോപ്പ ഡെൽ റേയിൽ നിന്ന് പുറത്തായി. തുടർന്ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇരുപാദങ്ങളിലുമായി 6-4 എന്ന അഗ്രിഗേറ്റ് സ്‌കോറിന് ബയേൺ മ്യൂണിക്കിനോട് തോറ്റ് പുറത്താവുകയും, ലാ ലിഗയിൽ ബാഴ്‌സലോണയ്ക്ക് 8 പോയിന്റ് പുറകിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്നതുമാണ് അർബെലോവയുടെ സ്ഥാനം തെറിക്കാൻ കാരണമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
