ഈ വർഷം ഇന്ത്യൻ ഹോക്കിക്ക് 100 വയസ് തികയുകയാണ്. 1925 നവംബർ 7ന് ഗ്വാളിയോറിൽ ഇന്ത്യൻ ഹോക്കി ഫെഡറേഷൻ (IHF) രൂപംകൊണ്ടതോടുകൂടിയാണ് ഇന്ത്യയിൽ ഹോക്കിക്ക് സംഘടിതമായ രൂപമുണ്ടാകുന്നത്. ഇന്ത്യൻ ഹോക്കി ഫെഡറേഷൻ രൂപീകരണത്തിന്റെ നൂറാം വാർഷികം സമുചിതമായി ആഘോഷിക്കാനാണ് ഹോക്കി ഇന്ത്യ (ഇന്ത്യൻ ഹോക്കി ഫെഡറേഷന്റെ 2009 മുതലുള്ള പേര്) തീരുമാനം.
ഇന്ന് രാജ്യത്ത് ആയിരത്തോളം ഹോക്കി മത്സരങ്ങൾ സംഘടിപ്പിച്ച് നൂറാം വാർഷികം ആഘോഷമാക്കുകയാണ് ഹോക്കി ഇന്ത്യ. 1908 ലണ്ടൻ ഒളിമ്പിക്‌സിലാണ് ഹോക്കി ഒരു മത്സരയിനമായി മാറുന്നത്. എന്നാൽ ഇന്ത്യ 1928 ആംസ്റ്റർഡാം ഒളിമ്പിക്‌സിലാണ് ആദ്യമായി ഹോക്കിയിൽ മത്സരിക്കുന്നതും സ്വർണമെഡൽ നേടുന്നതും. അവിടുന്നങ്ങോട്ട് ഒളിമ്പിക്‌സിൽ ഹോക്കിയിൽ ഇന്ത്യയുടെ ജൈത്രയാത്രയായിരുന്നു.
1928 ആംസ്റ്റർഡാം ഒളിമ്പിക്‌സ് മുതൽ 2024 പാരീസ് ഒളിമ്പിക്‌സ് വരെ ഇന്ത്യ ഹോക്കിയിൽ 12 മെഡലുകൾ നേടിയിട്ടുണ്ട്. 8 സ്വർണ്ണമെഡലുകളും, ഒരു വെള്ളിമെഡലും നാലു വെങ്കലമെഡലുകളും. തുടർച്ചയായ ആറ് ഒളിമ്പിക്‌സുകളിലാണ് ഇന്ത്യ സ്വർണം നേടിയത്. ഇത് സർവകാല റെക്കാഡാണ്.
1928 മുതൽ 1960 വരെയുള്ള ഒളിമ്പിക്‌സുകളിൽ ഇന്ത്യയെ ആർക്കും തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. 30 മത്സരങ്ങളിലാണ് ഇന്ത്യ തുടർച്ചയായി ജയിച്ചത്. ഒളിമ്പിക്‌സുകളിൽ കളിച്ച 142 മത്സരങ്ങളിൽ 87 എണ്ണത്തിലും വിജയിച്ച ടീമാണ് ഇന്ത്യ. മറ്റൊരു ടീമും ഒളിമ്പിക്‌സിൽ ഇത്രയും മത്സരങ്ങൾ വിജയിച്ചിട്ടില്ല. 1928 ലും 1956ലും ഒറ്റഗോൾ പോലും വഴങ്ങാതെയാണ് ഒളിമ്പിക് സ്വർണം നേടിയത്.
ഒരു കാലത്ത് ലോകഹോക്കിയെ നിയന്ത്രിച്ചിരുന്നത് ഇന്ത്യയായിരുന്നു. ഇന്ത്യൻ ഹോക്കിയുടെ പ്രതാപകാലം 1980 മോസ്‌കോ ഒളിമ്പിക്‌സോടെ അവസാനിച്ചു. എന്നാൽ 2020 ടോക്കിയോ ഒളിമ്പിക്‌സിലും 2024 പാരീസ് ഒളിമ്പിക്‌സിലും വെങ്കലം നേടി പി.ആർ ശ്രീജേഷും പിള്ളേരും ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കി.
2020 ടോക്കിയോ ഒളിമ്പിക്‌സിൽ ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകളും ഹോക്കി സെമിഫൈനലിൽ പ്രവേശിച്ചു. എന്നാൽ തലനാരിഴയ്ക്ക് സെമിയിൽ പരാജയപ്പെടേണ്ടിവന്നു.
എട്ട് ഒളിമ്പിക്‌സുകളിൽ സ്വർണം നൽകിയ ഹോക്കിയിൽ നിന്ന് നിരവധി മഹാരഥന്മാരായ ഇന്ത്യൻ കളിക്കാരുണ്ടായി.
സ്റ്റിക്കിലൊട്ടിപ്പിടിച്ച പന്തുമായി ഹിറ്റ്‌ലറെപ്പോലും അതിശയിപ്പിച്ച മാന്ത്രികൻ ധ്യാൻചന്ദും ബൽബീർ സിംഗ് സീനിയറും ഉദ്ധം സിംഗും ലെസ്‌ലി ക്‌ളോഡിയസും അസ്‌ലം ഷേർ ഖാനും അശോക് കുമാറും മുഹമ്മദ് ഷാഹിദും ധൻരാജ് പിള്ളയും ദിലീപ് ടിർക്കിയും മുതൽ മലയാളിതാരങ്ങളായ മാനുവൽ ഫ്രെഡറിക്‌സും പി.ആർ ശ്രീജേഷ് വരെയുള്ള ഇതിഹാസതാരങ്ങൾ ഇന്ത്യൻ മണ്ണിൽ നിന്ന് ഉദിച്ചുയർന്നു.
മലയാളിത്തിളക്കമായി മാനുവലും ശ്രീജേഷും
ഇന്ത്യൻ ഹോക്കിയിൽ എടുത്തുപറയേണ്ട ആദ്യ മലയാളി കണ്ണൂർ സ്വദേശിയായ മാനുവൽ ഫ്രെഡറിക്‌സാണ്. 1972ൽ മ്യൂണിക്ക് ഒളിമ്പിക്‌സിൽ വെങ്കലവും 1973 നെതർലാൻഡ് ലോകകപ്പിൽ വെള്ളിയും നേടിയ ടീമുകളുടെ ഗോൾകീപ്പറായിരുന്ന അദ്ദേഹം കഴിഞ്ഞദിവസമാണ് മരണത്തിന് കീഴടങ്ങിയത്.
വെങ്കല മെഡൽ നേടിയ 2020, 2024 ഒളിമ്പിക്‌സുകളിലും സ്വർണമെഡൽ നേടിയ 2014, 2022 ഏഷ്യൻ ഗെയിംസുകളിലും വെള്ളിമെഡൽ നേടിയ 2014, 2018 കോമൺവെൽത്ത് ഗെയിംസുകളിലും ഇന്ത്യൻ ടീമിന്റെ ഗോൾവലയം കാത്തത് മലയാളിയായ ശ്രീജേഷാണ്. പാരീസ് ഒളിമ്പിക്‌സിന് ശേഷം കളിക്കളത്തിൽ നിന്ന് വിരമിച്ച ശ്രീജേഷ് ഇപ്പോൾ ഇന്ത്യൻ ജൂനിയർ ടീമിന്റെ പരിശീലകനാണ്.
ഹോക്കി ഇന്ത്യ ആഘോഷം ഡൽഹിയിൽ
രാജ്യമെങ്ങും ഇന്ന് രാവിലെ എട്ടുമുതൽ 12വരെയുള്ള സമയത്ത് 1000 വേദികളിൽ ഹോക്കി മത്സരങ്ങൾ സംഘടിപ്പിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ഇതിന്റെ ദേശീയതല ച്ചു. ഒളിമ്പ്യന്മാരായ സഫർ ഇഖ്ബാൽ, ജഗ്ബീർ സിംഗ്, ഹോക്കി ഇന്ത്യ പ്രസിഡന്റ് കൂടിയായ ദിലീപ് തിർക്കി,ലോകകപ്പ് ജേതാവ് അശോക് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
കേരളത്തിൽ 120 കേന്ദ്രങ്ങളിൽ
കേരളത്തിലെ ആഘോഷം 120 കേന്ദ്രങ്ങളിൽ നടക്കുമെന്ന് ഹോക്കി കേരള പ്രസിഡന്റ് വി.സുനിൽകുമാർ അറിയിച്ചു. തിരുവനന്തപുരം മൈലേ ജി.വി രാജ സ്‌കൂളിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ ഐ.ബി സതീഷ് എം.എൽ.എ, സ്‌പോർട്‌സ് ഡയറക്ടർ വിഷ്ണുരാജ്, അഡി.ഡയറക്ടർ സി.എസ് പ്രദീപ്, വി.സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
