വീട്ടുജോലികളെ ലിംഗഭേദവുമായി ബന്ധിപ്പിക്കുന്ന പരമ്പരാഗത ചിന്താഗതിക്കെതിരെ ശക്തമായ പ്രതികരണവുമായി ആഗോള താരം പ്രിയങ്ക ചോപ്ര. ഫ്രാൻസിൽ നടക്കുന്ന കാൻ ലയൺസ് അന്താരാഷ്ട്ര ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
പാചകം ചെയ്യുന്നതും വീട് വൃത്തിയാക്കുന്നതും സ്ത്രീകളുടെ മാത്രം കടമയാണെന്ന കാലഹരണപ്പെട്ട ബോധത്തെ പ്രിയങ്ക പൂർണ്ണമായും തള്ളിപ്പറഞ്ഞു. പ്രായപൂർത്തിയായ ഏതൊരാളും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ജീവിത നൈപുണ്യങ്ങൾ മാത്രമാണ് വീട്ടുജോലികളെന്ന് പ്രിയങ്ക ഓർമ്മിപ്പിച്ചു.
"വീട് വൃത്തിയാക്കുന്നതും പാചകം ചെയ്യുന്നതും സ്ത്രീകളുടെ മാത്രം ജോലിയല്ല. അതൊക്കെ സ്വന്തം കാര്യങ്ങൾ നോക്കി ജീവിക്കുന്നതിന്റെ ഭാഗമാണ്. ഇത്തരം കാര്യങ്ങളിൽ ലിംഗഭേദത്തെ മടിയുമായി കൂട്ടിമുട്ടിക്കരുത്."- പ്രിയങ്ക വ്യക്തമാക്കി.
ഡിജിറ്റൽ യുഗം സിനിമാ നിർമ്മാണ രംഗത്ത് വരുത്തിയ വലിയ മാറ്റങ്ങളെക്കുറിച്ചും താരം വേദിയിൽ സംസാരിച്ചു. മുൻകാലങ്ങളിൽ ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിക്കുക എന്നത് കഠിനമായ പ്രക്രിയയായിരുന്നുവെന്നും, ഇന്ന് യൂട്യൂബ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഏതൊരാൾക്കും തങ്ങളുടെ ആശയങ്ങൾ ലോകത്തിന് മുന്നിൽ എത്തിക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഹോളിവുഡ് താരം ആഞ്ജലീന ജോളിയുമായി ഒന്നിച്ചുള്ള തന്റെ പുതിയ പ്രോജക്ടിനെക്കുറിച്ചും പ്രിയങ്ക സൂചന നൽകി. 'ഫോർച്യൂൺ ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കൂട്ടുകെട്ട് സ്ഥിരീകരിച്ചത്. എന്നാൽ ഇത് ഒരു സിനിമയാണോ, പരസ്യമാണോ അതോ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാണോ എന്ന കാര്യം വെളിപ്പെടുത്താൻ പ്രിയങ്ക തയ്യാറായിട്ടില്ല. നിലവിൽ എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ 'വാരണാസി'യുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
