എല്ലാ ഹണിമൂണുകളും സ്വിറ്റ്സർലൻഡിൽ തന്നെ വേണോ?  ഇന്ത്യൻ സിനിമകൾ അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്ന് കമൽ ഹാസൻ

MAY 16, 2026, 4:54 AM

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ  ആഡംബര സംസ്കാരത്തെ രൂക്ഷമായി വിമർശിച്ചു തെന്നിന്ത്യൻ ഉലകനായകൻ കമൽ ഹാസൻ. വർദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധികൾക്കും ആഗോള അനിശ്ചിതത്വങ്ങൾക്കും ഇടയിലും ചലച്ചിത്ര പ്രവർത്തകർ എന്തിനാണ് ചെലവേറിയ വിദേശ ചിത്രീകരണങ്ങൾക്ക് പിന്നാലെ പായുന്നതെന്ന് അദ്ദേഹം ചോദ്യം ചെയ്തു.

"എല്ലാ പ്രണയകഥകളും പാരീസിൽ മാത്രം തളിർക്കേണ്ടതുണ്ടോ? എല്ലാ ഹണിമൂണുകളും സ്വിറ്റ്സർലൻഡിൽ തന്നെ അവസാനിക്കണോ? ഭാഗ്യവശാൽ പ്രണയത്തിന് വിദേശ നാണയം ആവശ്യമില്ല," കമൽ ഹാസൻ കുറിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയും അത് മൂലമുണ്ടായ ഇന്ധന, ഗതാഗത ചെലവുകളും ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇന്ത്യൻ സിനിമയിൽ അടിയന്തരമായി ഒരു 'ചെലവ് ചുരുക്കൽ'  ആവശ്യമാണെന്ന് ഓർമ്മിപ്പിച്ചു. അനാവശ്യമായ വിദേശ ഷെഡ്യൂളുകളും വലിയ പ്രൊഡക്ഷൻ സംസ്കാരവും സിനിമ വ്യവസായം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഇത്തരം സാമ്പത്തിക നിയന്ത്രണങ്ങൾ ഒരിക്കലും സിനിമാ വ്യവസായത്തിന്റെ നട്ടെല്ലായ സാധാരണ തൊഴിലാളികളുടെ വേതനത്തെയോ സുരക്ഷയെയോ ബാധിക്കരുതെന്ന് അദ്ദേഹം കർശനമായി പറഞ്ഞു. തൊഴിലാളികളുടെ അന്തസ്സ്, ഭക്ഷണം, താമസം, ഗതാഗതം, മാനുഷികമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവയിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ടാവരുത് ചെലവ് ചുരുക്കൽ. കഠിനാധ്വാനം ചെയ്യുന്ന ഈ തൊഴിലാളികൾ ഒരിക്കലും നിർമ്മാതാക്കളുടെ മോശം ആസൂത്രണത്തിന്റെ ഇരകളാകരുത്. സിനിമയിലെ യഥാർത്ഥ പ്രശ്നം തൊഴിലാളികളുടെ കൂലിയല്ല, മറിച്ച് അനാവശ്യമായ ധൂർത്തും കാരവൻ സംസ്കാരവും കൃത്യതയില്ലാത്ത പ്ലാനിംഗുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

ഇന്ത്യൻ സിനിമയിലെ മികച്ച സൃഷ്ടികൾ പലതും ഉണ്ടായത് അമിതമായ പണം കൊണ്ടല്ല, മറിച്ച് വ്യക്തതയും അച്ചടക്കവും ദൃഢനിശ്ചയവും കൊണ്ടാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിദേശ ലൊക്കേഷനുകളേക്കാൾ ഇന്ത്യയിലെ പ്രാദേശിക സാധ്യതകളെ ഉപയോഗപ്പെടുത്താൻ സിനിമാലോകം തയ്യാറാകണം. നിർമ്മാതാക്കൾ, അഭിനേതാക്കൾ, തിയേറ്റർ ഉടമകൾ, ഒടിടി (OTT) പ്ലാറ്റ്‌ഫോമുകൾ എന്നിവരടങ്ങുന്ന ഒരു കൂട്ടായ ചർച്ച ഇതിനായി ഉണ്ടാകണം. ഇന്നത്തെ സിനിമയുടെ സാമ്പത്തിക ഭദ്രത കാത്തുസൂക്ഷിച്ചാൽ മാത്രമേ അതിന്റെ ഭാവി സുരക്ഷിതമാകൂ എന്ന് പറഞ്ഞ കമൽ ഹാസൻ, താനുൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ ഇതിന് മാതൃകയാകണമെന്നും ആഹ്വാനം ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam