ബോളിവുഡിന്റെ എക്കാലത്തെയും പ്രിയപ്പെട്ട 'ഡ്രീം ഗേൾ' ഹേമമാലിനി ഇന്ത്യൻ ചലച്ചിത്ര രംഗത്ത് 60 വർഷം പൂർത്തിയാക്കുകയാണ്. ഈ സപ്തതി നിറവിലും തിളങ്ങിനിൽക്കുന്ന താരത്തിന്റെ ജീവിതം വരുംകാലത്ത് ഒരു ബയോപിക് സിനിമയായി പ്രേക്ഷകരിലേക്ക് എത്തുമെന്നത് തീർച്ചയാണ്. ഇപ്പോഴിതാ, തന്റെ ജീവിതം സിനിമയാക്കുകയാണെങ്കിൽ അതിൽ പ്രധാന വേഷം ചെയ്യാൻ ഏറ്റവും അനുയോജ്യയായ നടി ആരായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹേമമാലിനി.
ഒരു പരിപാടിയിൽ സംസാരിക്കവെയാണ്, ബയോപിക്കിൽ ദീപിക പദുകോൺ അഭിനയിക്കുന്നതിനോടുള്ള തന്റെ താല്പര്യം താരം വ്യക്തമാക്കിയത്.ബയോപിക്കിൽ ദീപിക അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഹേമമാലിനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
"അവൾക്ക് ആഗ്രഹമുണ്ടെങ്കിൽ അത് ചെയ്യാൻ കഴിയും. തീർച്ചയായും ആർക്കും അത് ചെയ്യാൻ സാധിക്കും. ദീപിക സുന്ദരിയും അതോടൊപ്പം തന്നെ വളരെ കഴിവുമുള്ള ഒരു കുട്ടിയാണ്." ഹേമമാലിനിയുടെ ഈ വാക്കുകൾ ദീപികാ ആരാധകരെയും സിനിമാ പ്രേമികളെയും ഒരേപോലെ ആവേശത്തിലാക്കിയിട്ടുണ്ട്.
ഹേമമാലിനിയും ദീപികയും തമ്മിൽ മുൻപും ഇത്തരം ചില രസകരമായ ബന്ധങ്ങളുണ്ടായിട്ടുണ്ട്. 2017-ൽ പുറത്തിറങ്ങിയ ഹേമമാലിനിയുടെ ജീവചരിത്ര പുസ്തകമായ 'ഹേമ മാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ' പ്രകാശനം ചെയ്യാൻ ഹേമ പ്രത്യേകം തിരഞ്ഞെടുത്തത് ദീപികയെയായിരുന്നു.
മാത്രമല്ല, ദീപിക പദുകോൺ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഫറാ ഖാന്റെ 'ഓം ശാന്തി ഓ' (2007) എന്ന ചിത്രത്തിലെ ശാന്തിപ്രിയ എന്ന കഥാപാത്രം ഹേമമാലിനിയുടെ ജീവിതവുമായി ഏറെ സാമ്യമുള്ളതാണെന്ന് പറയപ്പെടുന്നു. ഹേമമാലിനിയുടെ വിളിപ്പേരായ 'ഡ്രീം ഗേൾ' എന്നതിന് സമാനമായി 'ഡ്രീമി ഗേൾ' എന്നാണ് ചിത്രത്തിൽ ദീപികയുടെ കഥാപാത്രത്തെ വിശേഷിപ്പിച്ചിരുന്നത്.
തന്റെ വിജയകരമായ സിനിമാ ജീവിതത്തിൽ അമ്മ ജയ ചക്രവർത്തി വഹിച്ച പങ്കിനെക്കുറിച്ചും ഹേമമാലിനി വേദിയിൽ ഓർത്തു. തുടക്കകാലത്ത് തന്റെ മാനേജരായും പിന്നീട് നിർമ്മാതാവായും അമ്മ കൂടെയുണ്ടായിരുന്നു.
"എന്റെ അമ്മയോട് ഞാൻ എന്നും നന്ദിയുള്ളവളാണ്. അവർ എപ്പോഴും എന്റെ കൂടെ നിന്നു. കുട്ടികളുടെ ജീവിതത്തിലും കരിയറിലും അമ്മമാർക്ക് വലിയൊരു പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് വളരാൻ കഴിഞ്ഞത്," ഹേമമാലിനി പറഞ്ഞു. പ്രശസ്ത താരം ധർമ്മേന്ദ്രയെ വിവാഹം ചെയ്ത ഹേമമാലിനിക്ക് ഇഷാ ഡിയോൾ, അഹാന ഡിയോൾ എന്നീ രണ്ട് മക്കളാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
