കല്‍പറ്റ: വയനാടിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതിലൂടെ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താന്‍ മാറുകയാണെന്ന് പ്രിയങ്ക ഗാന്ധി. നിങ്ങള്‍ എന്നെ തിരഞ്ഞെടുത്താല്‍ അത് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദരമായിരിക്കുമെന്നും മീനങ്ങാടിയിലെ പൊതുയോഗത്തില്‍ പ്രിയങ്ക പറഞ്ഞു. വയനാട്ടില്‍ പ്രിയങ്ക യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ ശേഷമുള്ള ആദ്യ പൊതുപരിപാടിയായിരുന്നു മീനങ്ങാടിയിലേത്.
വയനാട്ടിലെ ജനങ്ങള്‍ ധൈര്യമുള്ളവരാണെന്നും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരാണെന്നും വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രിയങ്ക വ്യക്തമാക്കി. രാജ്യത്ത് വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഭയവും ദേഷ്യവും പടര്‍ന്നുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നു. മണിപ്പുരില്‍ എന്ത് സംഭവിച്ചുവെന്ന് നിങ്ങള്‍ കണ്ടതാണ്.
ആസൂത്രിതമായി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വെറുപ്പ് പടര്‍ത്തുന്നു. ഭരണഘടനാമൂല്യങ്ങള്‍ നിരന്തരം അട്ടിമറിക്കപ്പെടുന്നു. പൊതുജനങ്ങളുടെ താത്പര്യത്തേക്കാള്‍, പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ക്കുവേണ്ടിയാണ് രാജ്യത്ത് നയങ്ങള്‍ രൂപവത്കരിക്കപ്പെടുന്നത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നല്‍കാമെന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വയനാട് മെഡിക്കല്‍ കോളജിനുവേണ്ടി ശക്തമായ ഇടപെടല്‍ നടത്തുമെന്നും പ്രിയങ്ക വ്യക്തമാക്കി. കൂടാതെ രാത്രിയാത്രാ നിരോധനം നീക്കാനും മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും ഇടപെടും. എല്ലാവരും തന്റെ സഹോദരനെതിരെ തിരിഞ്ഞപ്പോള്‍, വയനാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിച്ചു. എന്നെ എം.പിയായി തിരഞ്ഞെടുത്താല്‍ കഴിവിന്റെ പരമാവധി നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. നിങ്ങളുടെ തോളോട് തോള്‍ ചേര്‍ന്ന്, പ്രശ്നങ്ങളും ശബ്ദവും പാര്‍ലമെന്റില്‍ ഉയര്‍ത്തുവാന്‍ സാധ്യമായതെല്ലാം ചെയ്യും. എന്നിലര്‍പ്പിക്കുന്ന വിശ്വാസം ഒരിക്കലും പാഴാവില്ലെന്ന് ഉറപ്പുനല്‍കുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്