ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തില്‍ വീണ്ടും ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം ആകെ വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.
ഡല്‍ഹിയില്‍ ശിവസേന എം.പി സഞ്ജയ് റാവുത്ത്, എന്‍.സി.പി എം.പി സുപ്രിയ സുലേ എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം ഉന്നയിച്ചത്.
''സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് മഹാരാഷ്ട്രയില്‍ വോട്ടവകാശമുള്ളവരുടെ എണ്ണം 9.54 കോടിയാണ്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 9.7 കോടി പേര്‍ വോട്ട് രേഖപ്പെടുത്തി. ഇത് എങ്ങനെ സാധ്യമാകും'', രാഹുല്‍ഗാന്ധി ചോദിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തങ്ങള്‍ എന്തെങ്കിലും ആരോപണം ഉന്നയിക്കുന്നില്ലെന്നും എന്നാല്‍ അന്തിമ വോട്ടര്‍ പട്ടികയാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.
2019 ലെ നിയമസഭ തിരഞ്ഞെടുപ്പിനും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും ഇടയില്‍ 32 ലക്ഷം വോട്ടര്‍മാരെയാണ് വോട്ടര്‍പട്ടികയില്‍ പുതുതായി ചേര്‍ത്തത്. എന്നാല്‍ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനും അതേവര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിനും ഇടയില്‍ 39 ലക്ഷം പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു. വെറും അഞ്ച് മാസത്തിനിടെയാണ് ഇത്രയും പേരെ ചേര്‍ത്തത്. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ഇക്കാര്യം താന്‍ ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്