കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയനേയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
പോറ്റിക്കൊപ്പം പടം എടുത്തതുകൊണ്ട് അടൂര്‍ പ്രകാശ് പ്രതിയാകുമോയെന്നും അങ്ങനെയെങ്കില്‍ പിണറായി വിജയനും പ്രതിയാകുമല്ലോ. എസ്.ഐ.ടി അദ്ദേഹത്തെയും ചോദ്യം ചെയ്യണമല്ലോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കുറിച്ച് കൂടുതല്‍ അറിയാവുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സഹപ്രവര്‍ത്തകരാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ചേര്‍ന്ന് അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റിയത്. എന്നിട്ടാണോ അതേ പോറ്റിക്കൊപ്പം മുഖ്യമന്ത്രി നിന്നത്. മുഖ്യമന്ത്രി പോറ്റിക്കൊപ്പം നിന്നതിനെ തങ്ങള്‍ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുകയാണെങ്കില്‍ പിണറായി വിജയനെയും ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണം കട്ടതില്‍ നാണംകെട്ട് നില്‍ക്കുന്നത് ബാലന്‍സ് ചെയ്യാനാണ് ശ്രമിക്കുന്നത്. സ്വര്‍ണം കട്ടത് സി.പി.എമ്മാണ്. അതില്‍ മാറ്റാരെയും അവര്‍ പങ്കാളികളാക്കിയിട്ടില്ല. മൂന്ന് സി.പി.എം നേതാക്കളാണ് സ്വര്‍ണം കട്ടതിന് ജയിലില്‍ കിടക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. ആരോപണം ഉന്നയിച്ച് 84 ദിവസമായിട്ടും കീറ കടലാസ് പോലും താന്‍ കോടതിയില്‍ ഹാജരാക്കിയില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. കോടതിയില്‍ കീറക്കടലാസല്ല തെളിവായി ഹാജരാക്കുന്നത്. മന്ത്രിയായിരുന്ന ആള്‍ക്ക് സിവില്‍ കോടതിയിലെ നടപടിക്രമങ്ങള്‍ അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ഇഷ്ടമുള്ളപ്പോള്‍ തെളിവ് ഹാജരാക്കാനാകില്ല. ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കും. ഒന്നും പറയാനില്ലാത്തോണ്ട് വിളിച്ച് കൂവുകയാണ്. രണ്ട് കോടിയുടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച ആളാണ് കേസ് കൊടുത്തപ്പോള്‍ മാനം പത്ത് ലക്ഷമായി ചുരുക്കിയതെന്നും സതീശന്‍ പരിഹസിച്ചു.
ആഗോള അയ്യപ്പസംഗമം നടത്തി തിരുവനന്തപുരത്ത് എത്തുന്നതിന് മുന്‍പ് 2019 മുതല്‍ ശബരിമലയില്‍ നടത്തിയ കളവിന്റെ പരമ്പരകള്‍ പുറത്തുവന്നു. കട്ടിളയിലെ ശിവരൂപം പോലും അടിച്ചുകൊണ്ട് പോയി. കോടതി പിടിച്ചില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹം വരെ ഇവര്‍ അടിച്ചു മാറ്റിയേനെയും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
