ആലപ്പുഴ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ 16 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ മത്സരത്തിൻ്റെ സമ്പൂർണ ചിത്രം വ്യക്തമായ മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ.
വളരെ നേരത്തെ തന്നെ ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച എൽഡിഎഫ് പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്. അൽപ്പം വൈകിയാണെങ്കിലും ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയതിൻ്റെ ആശ്വാസത്തിലാണ് കോൺഗ്രസ്.
മുതിർന്ന നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ കോൺഗ്രസിനായി ആലപ്പുഴയിലിറങ്ങുമ്പോൾ സി.പി.എമ്മിനായി സിറ്റിങ് എം.പിയായ എ.എം ആരിഫാണ് മത്സരിക്കുന്നത്. മറുവശത്ത് ബിജെപിയുടെ സ്ത്രീ ശക്തി ശോഭാ സുരേന്ദ്രനും രംഗത്തുണ്ട്.
ഒരു ഇടവേളക്ക് ശേഷമാണ് കെസി വേണുഗോപാല്‍ തന്റെ സ്വന്തം തട്ടകമായ ആലപ്പുഴയില്‍ എത്തുന്നത്. കഴിഞ്ഞ തവണ അവസാന നിമിഷം ഷാനിമോള്‍ ഉസ്‌മാനാണ് നറുക്ക് വീണത്. എന്നാല്‍ അതിന്റെ പ്രായശ്ചിത്തം എന്നോണം ഇത്തവണ ജയം ലക്ഷ്യമിട്ടാണ് കെസിയുടെ വരവ്.
കഴിഞ്ഞ തവണ സകല മണ്ഡലങ്ങളും ചീട്ടുകൊട്ടാരം പോലെ തകർന്നു വീണിട്ടും ഇടതുപക്ഷത്തെ ചേർത്തുപിടിച്ചു എന്നതാണ് ആരിഫിന് ഇവിടെ ആശ്വാസമാകുന്ന വസ്‌തുത. സിറ്റിങ് എംപി എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയെന്നാണ് ഇടതുകേന്ദ്രങ്ങളും ആരിഫും വിലയിരുത്തുന്നത്.
മണ്ഡലത്തിൽ മത്സരിക്കുമ്പോൾ ശോഭാ സുരേന്ദ്രന് ഏറെ പ്രതീക്ഷകളുണ്ട്. ജയിക്കാനായില്ലെങ്കിലും പരമാവധി വോട്ട് നേടുക എന്നതാണ് ഇവരുടെ തന്ത്രം. കഴിഞ്ഞ ദിവസം മുതലാണ് ശോഭാ സുരേന്ദ്രൻ ഇവിടെ പ്രചാരണം തുടങ്ങിയത്. ഈഴവ വോട്ട് ശേഖരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ശോഭയെ രംഗത്തിറക്കിയതെന്ന വാദം ശക്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്