ന്യൂഡെല്‍ഹി: 2014ല്‍ ബിജെപി അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാര്‍ലമെന്റും വിമാനത്താവള ഭൂമിയും വഖഫിന് നല്‍കുമായിരുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു. പ്രതിപക്ഷ ബഹളത്തിനിടെ ബുധനാഴ്ച ലോക്സഭയില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു റിജിജു.
ഏകീകൃത വഖഫ് മാനേജ്മെന്റ് ശാക്തീകരണം, കാര്യക്ഷമത, വികസന ബില്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുന്ന ബില്‍, പ്രതിപക്ഷം പ്രചരിപ്പിക്കും പോലെ മുസ്ലീം സമൂഹത്തിന്റെ ഭൂമിയോ പള്ളികളോ തട്ടിയെടുക്കാന്‍ ലക്ഷ്യമിടുന്നില്ലെന്ന് റിജിജു വ്യക്തമാക്കി.
കോണ്‍ഗ്രസ് സര്‍ക്കാര്‍ 123 സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്ത് വഖഫ് ബോര്‍ഡിന് കൈമാറിയതായി ന്യൂനപക്ഷകാര്യ മന്ത്രി പറഞ്ഞു. 'ഈ ഭേദഗതി അവതരിപ്പിച്ചില്ലായിരുന്നെങ്കില്‍ പാര്‍ലമെന്റ് കെട്ടിടം പോലും വഖഫ് സ്വത്തായി അവകാശപ്പെടാമായിരുന്നു,' അദ്ദേഹം പറഞ്ഞു.
ദരിദ്രരായ മുസ്ലീങ്ങളുടെയും സ്ത്രീകളുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് ബില്‍ എന്നും സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കുമെന്നും റിജിജു ഊന്നിപ്പറഞ്ഞു. ബില്ലിലെ വ്യവസ്ഥകള്‍ വിശദീകരിച്ചുകൊണ്ട്, രണ്ട് വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ പരമാവധി നാല് അമുസ്ലിം അംഗങ്ങള്‍ വഖഫ് കൗണ്‍സിലില്‍ ഉണ്ടായിരിക്കണമെന്ന് റിജിജു പറഞ്ഞു.
ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്താനും അവകാശങ്ങള്‍ നിഷേധിക്കാനും രാജ്യത്തെ വിഭജിക്കാനുമാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആരോപിച്ചു. വഖഫ് ബില്‍ രാജ്യത്തിന്റെ മതേതര പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നും ബിജെപിയുടെ വിഭജന അജണ്ടയാണിതെന്നും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു. ആളുകളുടെ വീടുകളും കടകളും തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണിതെന്നും അദ്ദേഹം ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്