കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റും ജാമിഅ മർകസ് സീനിയർ മുദരിസുമായ കെ.കെ. അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ (80) അന്തരിച്ചു.
ജനാസ നിസ്‌കാരം രാവിലെ എട്ട് മണിക്ക് മർകസ് കാമ്പസിലുള്ള മസ്ജിദുൽ ഹാമിലിയിൽ തുടങ്ങി. ഉച്ചക്ക് ഒരു മണിക്ക് താമരശ്ശേരിക്കു സമീപം കട്ടിപ്പാറ ചെമ്പ്ര കുണ്ട ജുമാ മസ്ജിദിലും നടക്കും. താമരശ്ശേരിക്കടുത്ത കട്ടിപ്പാറ ചെമ്പ്രകുണ്ടയിലായിരുന്നു താമസം.
കോഴിക്കോട് ജില്ലയിലെ മങ്ങാട് കുറുപ്പനക്കണ്ടി തറവാട്ടിൽ കുഞ്ഞായിൻ കുട്ടി ഹാജിയുടെയും ഇമ്പിച്ചി ആയിശ ഹജ്ജുമ്മയുടെയും മകനായി 1945ൽ ജനനം. ഇയ്യാട് യുപി സ്‌കൂളിൽ ഏഴാം ക്ലാസ് വരെ പഠനം. മങ്ങാട്, ഇയ്യാട്, തൃപ്പനച്ചിക്കടുത്ത പാലക്കാട്, കൊടുവള്ളിക്ക് അടുത്ത ഉരുളിക്കുന്ന് പള്ളി, ആക്കോട് ജുമാ മസ്ജിദ്, ഐക്കരപ്പടി പുത്തൂപ്പാടം, പരപ്പനങ്ങാടി പനയത്തിൽ പള്ളി, ചാലിയം ജുമാ മസ്ജിദ്, വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് എന്നിവിടങ്ങളിലാണ് മതപഠനം നടത്തിയത്.
ഇ.കെ. ഹസൻ മുസ്‌ലിയാർ, ഇമ്പിച്യാലി മുസ്‌ലിയാർ, കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാർ, പി.എ. അഹ്മദ് മുസ്‌ലിയാർ, ഉസ്താദുൽ അസാതീദ് ഒകെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ, ശൈഖ് ഹസൻ ഹസ്‌റത്ത് എന്നിവരാണ് പ്രധാന ഗുരുവര്യർ. 1972 ൽ മൗലവി ഫാളിൽ ബാഖവി ബിരുദം നേടി.
കൊടുവള്ളിക്കടുത്ത കരുവൻപൊയിൽ ദർസിലാണ് ഇസ്‌ലാമിക അധ്യാപന ജീവിതം ആരംഭിക്കുന്നത്. ശേഷം വടകര അടക്കാതെരുവ്, അന്നശ്ശേരി, എളേറ്റിൽ വട്ടോളിക്കടുത്ത കണ്ണിറ്റമാക്കിൽ എന്നിവിടങ്ങളിലും ദർസ് നടത്തി. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ക്ഷണം സ്വീകരിച്ച് 1988ൽ കാരന്തൂർ ജാമിഅ മർകസിൽ മുദരിസായി.
നിലവിൽ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്, കേരള മുസ്‌ലിം ജമാഅത്ത്, മർകസുസ്സഖാഫത്തി സുന്നിയ്യ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തുടങ്ങിയവയുടെ വൈസ് പ്രസിഡന്റ് പദവി വഹിക്കുന്നു. കട്ടിപ്പാറ അൽ ഇഹ്‌സാൻ സ്ഥാപങ്ങളുടെ പ്രസിഡന്റ് ആണ്. കൂടാതെ നിരവധി സ്ഥാപനങ്ങളുടെയും മഹല്ലുകളുടെയും നേതൃസ്ഥാനവും വഹിച്ചിരുന്നു.
നേരത്തെ സമസ്ത കേരള സുന്നി യുവജന സംഘം വൈസ് പ്രസിഡന്റായിരുന്നു.
ഭാര്യ: ബീഫാത്തിമ ഹജ്ജുമ്മ. മക്കൾ: മുനീറ, ശരീഫ, ഹബീബ, സുമയ്യ, ആബിദ, അബ്ദുറഹ്മാൻ, സഹ്ൽ സഖാഫി. മരുമക്കൾ: മുഹമ്മദ് ബാഖവി, അബ്ദുസമദ്, സലാം ദാരിമി, ശുക്കൂർ, ബശീർ, സൽവ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
