ആലുവ: പ്രശസ്ത കഥകളി നടൻ കിഴക്കെ കടുങ്ങല്ലൂർ പുഷ്പകത്ത് കലാമണ്ഡലം കേശവൻ നമ്പീശൻ (82, കടുങ്ങല്ലൂർ നമ്പീശൻ ) നിര്യാതനായി.
ആറു പതിറ്റാണ്ടിലധികമായി കഥകളി രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. നിരവധി വേദികളിൽ കുചേലനെ അവതരിപ്പിച്ച് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. രാവണൻ, ഹനുമാൻ, കാർകോടകൻ എന്നിവയും നമ്പീശന്റെ ഇഷ്ട കഥാപാത്രങ്ങളായിരുന്നു.
സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.
ഭാര്യ: തങ്കമണി. മകൻ: ഗിരീശൻ. മരുമകൾ: ശ്രീജ.
അരങ്ങിൽ ആറ് പതിറ്റാണ്ടോളം
കൗമാരത്തിൽ തന്നെ കഥകളിയിൽ ആകൃഷ്ടനായിരുന്നു കടുങ്ങല്ലൂർ കേശവൻ നമ്പീശൻ. ഗുരുകുല വിദ്യാഭ്യാസ രീതിയിൽ വേങ്ങൂർ രാമകൃഷ്ണനാശാന് കീഴിലായിരുന്നു പ്രാഥമിക അദ്ധ്യയനം.
12-ാം വയസിൽ മുപ്പത്തടം കയന്റിക്കര ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയിൽ അരങ്ങേറ്റം നടത്തി. ചന്ദ്രമന ശ്രീധരൻ നമ്പൂതിരി, കലാമണ്ഡലം കരുണാകരൻ, കഥകളി രംഗത്തെ ഭീഷ്മാചാര്യനായ കലാമണ്ഡലം കൃഷ്ണൻ നായർ, കീഴ്പടം കുമാരൻ നായർ എന്നിവരുടെ കീഴിലും കഥകളി അഭ്യസിച്ചു. തുടർന്ന് കലാമണ്ഡലത്തിൽ ചേർന്നു. സ്ത്രീവേഷവും ബ്രാഹ്മണവേഷവും ആസ്വാദ്യകരമാക്കുന്നതിൽ അദ്ദേഹത്തിന് പ്രാവീണ്യം ഉണ്ടായിരുന്നു.
കഥകളിസംഗീതവും കേശവൻ നമ്പീശന് വഴങ്ങി. നാദബ്രഹ്മം സംഗീതസഭാ പുരസ്‌കാരം, കലാരത്‌ന പുരസ്‌കാരം, സരിഗ സംഗീത അക്കാഡമി പുരസ്‌കാരം, സൂര്യ കലാക്ഷേത്ര പുരസ്‌കാരം തുടങ്ങിയവയടക്കമുള്ള ബഹുമതികൾ സ്വന്തമാക്കിയിട്ടുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1