കൊൽക്കത്ത: ചെറുപ്പം മുതൽ ഒപ്പം വളർത്തിയ മുത്തശ്ശിയുടെ വേർപാടിൽ മനംനൊന്ത് മൃതദേഹത്തിനൊപ്പം ദഹനച്ചൂളയിലേക്ക് ചാടി പേരക്കുട്ടിയുടെ ആത്മഹത്യാ ശ്രമം. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദീപിൽ തിങ്കളാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബന്ധുക്കളുടെയും ശ്മശാന ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ കൊണ്ട് ജീവൻ രക്ഷിക്കാനായെങ്കിലും 30-കാരനായ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു.
സംസ്കാര ചടങ്ങുകളുടെ അവസാന ഘട്ടത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. അന്ത്യകർമ്മങ്ങൾക്ക് ശേഷം മൃതദേഹം ഇലക്ട്രിക് ശ്മശാനത്തിലെ ദഹനച്ചൂളയിലേക്ക് വെച്ച് അടയ്ക്കാനൊരുങ്ങുന്നതിനിടെയാണ് പേരക്കുട്ടിയായ ഇന്ദ്രജിത് ബിശ്വാസ് അതിലേക്ക് ചാടിവീണത്. ഇതുകണ്ട് ഞെട്ടിയ ബന്ധുക്കളും ജീവനക്കാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് യുവാവിനെ പുറത്തെത്തിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ഇന്ദ്രജിതിനെ ഉടൻ തന്നെ നബദീപിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുത്തശ്ശി മരിച്ച സമയം മുതൽ ഇന്ദ്രജിത് വലിയ സങ്കടത്തിലായിരുന്നുവെന്നും പകൽ മുഴുവൻ കരയുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. എന്നാൽ സംസ്കാര ചടങ്ങിനിടെ യുവാവ് ഇത്തരമൊരു അതിക്രമത്തിന് മുതിരുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് ബന്ധുക്കൾ വിതുമ്പലോടെ ഓർത്തെടുക്കുന്നു. അതിനിടെ, യുവാവ് ചൂളയിലേക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
