ന്യൂഡൽഹി: രാജ്യത്ത് ഇ20 പെട്രോൾ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പാർലമെന്റിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ. ഇ20 ഇന്ധനത്തിലേക്ക് പൂർണ്ണമായി മാറുന്നതിന് മുമ്പ് വിപുലമായ ശാസ്ത്രീയ പഠനങ്ങളും സാങ്കേതിക പരിശോധനകളും നടത്തിയിരുന്നുവെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി.
ഏകദേശം 23 കോടി വാഹനങ്ങളിൽ നടത്തിയ കൃത്യമായ വിലയിരുത്തലുകളിൽ E20 ഇന്ധനം കാരണം എഞ്ചിൻ തകരാറുകളോ അസാധാരണമായ കേടുപാടുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. ഇ20 ഉപയോഗിക്കുന്നത് മൂലം എഞ്ചിൻ കേടാകുന്നു, മൈലേജ് കുറയുന്നു, വാഹനത്തിന്റെ പ്രകടനം മോശമാകുന്നു എന്നീ പരാതികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ ഔദ്യോഗിക വിശദീകരണം.
രാജ്യത്ത് നിലവിൽ വിൽക്കുന്ന സാധാരണ പെട്രോളിൽ മാത്രമാണ് 20 ശതമാനം വരെ എത്തനോൾ കലർത്തുന്നത്. എന്നാൽ പ്രീമിയം പെട്രോളുകളിൽ എത്തനോൾ ചേർക്കുന്നില്ലെന്നും ഇവ പൂർണ്ണമായും 'E0' വിഭാഗത്തിൽപ്പെടുന്നവയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഓയിലിന്റെ എക്‌സ്.പി 100 (XP 100), ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പവർ 100 (Power 100), ഭാരത് പെട്രോളിയത്തിന്റെ സ്പീഡ് 100 (Speed 100) തുടങ്ങിയ ഉയർന്ന നിലവാരമുള്ള ഇന്ധനങ്ങൾ ഇതിന് ഉദാഹരണമാണ്. അതേസമയം, രാജ്യത്തെ ആകെ പെട്രോൾ വിൽപ്പനയുടെ വെറും 0.5 ശതമാനം മാത്രമാണ് ഇത്തരത്തിലുള്ള പ്രീമിയം ഇന്ധനങ്ങളെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, ഇ20-ന് മുകളിലേക്ക് എത്തനോൾ തോത് ഉയർത്തി E25, E27 പെട്രോളുകൾ ഉടൻ അവതരിപ്പിക്കുമെന്ന പ്രചാരണങ്ങൾ സർക്കാർ തള്ളി. നിലവിൽ 20 ശതമാനത്തിൽ കൂടുതൽ എത്തനോൾ കലർത്താൻ യാതൊരു പദ്ധതിയുമില്ലെന്ന് ലോക്‌സഭയിൽ അറിയിച്ചു. ഭാവിയിൽ അത്തരമൊരു നീക്കം ഉണ്ടാകുകയാണെങ്കിൽ തന്നെ ശാസ്ത്രീയ പഠനങ്ങൾ, സാങ്കേതിക പരിശോധനകൾ, വാഹന നിർമാതാക്കൾ, എണ്ണക്കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരുമായി വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും മന്ത്രാലയം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
