ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ നരേഷ് പാല്‍ ഗാങ്വാറിനെ നിയമിച്ചു. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് മുന്‍ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി പുതിയ നിയമനം നടത്തിയിരിക്കുന്നത്. എന്നാല്‍ പുതിയ നിയമനം നേടിയതിന് പിന്നാലെ നരേഷ് പാല്‍ ഗാങ്വാറിന്റെ കുടുംബാംഗങ്ങള്‍ കേന്ദ്ര പദ്ധതിയിലൂടെ ഭീമമായ തുക സബ്സിഡിയായി കൈപ്പറ്റിയെന്ന വിവരങ്ങള്‍ പുറത്തുവന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
1994 ബാച്ച് രാജസ്ഥാന്‍ കേഡറിലെ ഉദ്യോഗസ്ഥനായ ഗാങ്വാറിന്റെ അമ്മ, ഭാര്യ, മകന്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1.16 കോടി രൂപ കര്‍ഷക സബ്സിഡിയായി കൈപ്പറ്റിയെന്നാണ് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ഹോര്‍ട്ടികള്‍ചര്‍ ബോര്‍ഡ് വഴി വാണിജ്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി പ്രകാരമാണ് ഈ തുക അനുവദിക്കപ്പെട്ടത്. രാജസ്ഥാനിലെ ജയ്പുര്‍ ജില്ലയിലുള്ള കുടുംബ കൃഷിയിടത്തില്‍ വെള്ളരിക്ക കൃഷി ചെയ്യുന്നതിനായാണ് പ്രധാനമായും സബ്സിഡി ലഭ്യമാക്കിയത്.
രേഖകള്‍ പ്രകാരം ഗാങ്വാറിന്റെ അമ്മ ബിന്ദുമതി 46.03 ലക്ഷം രൂപ 2025 ജനുവരിയിലും മകന്‍ കുമാര്‍ ഋത്വിക് 46.49 ലക്ഷം രൂപ 2023 മാര്‍ച്ച് മാസത്തിലും സബ്സിഡിയായി സ്വന്തമാക്കി. കൂടാതെ ഇദ്ദേഹത്തിന്റെ ഭാര്യ ഡോ. രഞ്ജിത സിംഗ് 24.36 ലക്ഷം രൂപ 2021-22 കാലയളവിലും കൈപ്പറ്റിയതായി കണ്ടെത്തയിട്ടുണ്ട്.
അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി നരേഷ് പാല്‍ ഗാങ്വാര്‍ രംഗത്തെത്തി. ഓള്‍ ഇന്ത്യ സര്‍വീസസ് റൂള്‍സ് 1968 ലെ സെക്ഷന്‍ 2 (ബി) പ്രകാരം, സര്‍വീസിലുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പൂര്‍ണ്ണമായും ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കളോ മക്കളോ മാത്രമേ കുടുംബാംഗങ്ങള്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ അമ്മ ബിന്ദുമതിയും മകന്‍ കുമാര്‍ ഋത്വിക്കും സാമ്പത്തികമായി തന്നെ ആശ്രയിച്ചല്ല കഴിയുന്നതെന്നും സ്വന്തം സര്‍വീസ് റെക്കോര്‍ഡുകളിലും ഇവര്‍ തന്നില്‍ ആശ്രയിക്കുന്നവരല്ലെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഗാങ്വാര്‍ വ്യക്തമാക്കുന്നു.
നിയമപരമായി അവര്‍ തന്റെ ആശ്രിതരല്ലാത്തതിനാല്‍ അവരുടെ പേരില്‍ ലഭിച്ച സബ്സിഡികളുടെ വിശദാംശങ്ങള്‍ താന്‍ നല്‍കേണ്ട വാര്‍ഷിക സ്വത്ത് വിവരങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട ഉത്തരവാദിത്തമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. എങ്കിലും 2024-2025 വര്‍ഷത്തെ സ്വത്ത് വിവരങ്ങളില്‍ ഭാര്യ, അമ്മ, മകന്‍, മകള്‍ എന്നിവരുടെ പേരിലുള്ള കൃഷി ഭൂമിയെക്കുറിച്ചും അവിടെ നടപ്പിലാക്കുന്ന വാണിജ്യ കൃഷി പ്രോജക്ടിനെക്കുറിച്ചും താന്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്ക് വായ്പ, നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡില്‍ നിന്നുള്ള 75% സബ്സിഡി, ഉടമസ്ഥരുടെ 25% വിഹിതം എന്നിവ സംയോജിപ്പിച്ചാണ് 50 ലക്ഷം രൂപയുടെ ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
