തിരുവനന്തപുരം: ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനം. ഈ മണ്ഡലകാലത്തേക്ക് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല. ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ച് അരവണയും അപ്പവും നിർമ്മിക്കും.
ഇത് ശുദ്ധീകരിക്കാൻ ബോർഡിന് ശബരിമലയിൽ പ്ലാന്റ് ഉണ്ടെന്നും ബോർഡ് വ്യക്തമാക്കി. മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ചതിൽ അന്വേഷണം നടക്കുകയാണ്.
വിപണിയിൽ ലിറ്ററിന് 720 രൂപ വിലയുള്ള മിൽമ നെയ്യ് ലിറ്ററിന് 540 രൂപ നിരക്കിൽ 1,70,000 ലിറ്റർ ശബരിമലയിലും പമ്പയിലും ലഭ്യമാക്കാനായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിൽ കരാറുണ്ടായിരുന്നത്. മിൽമ ഡയറിയിൽ നിന്ന് ലോഡുകളായി കൊണ്ടുപോയ നെയ്യ് വഴിമധ്യേ മറ്റ് വിപണികളിൽ മറിച്ചുവിറ്റ ശേഷം തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിക്കുകയായിരുന്നു എന്നാണ് പ്രധാന ആക്ഷേപം. ഏകദേശം എഴുപതിനായിരത്തോളം ലിറ്റർ നെയ്യ് ഇത്തരത്തിൽ മറിച്ചുവിറ്റതായി കണക്കാക്കുന്നു.
മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ചതിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മിൽമ നെയ്യ് വേണ്ടെന്ന ബോർഡ് തീരുമാനം വന്നിരിക്കുന്നത്.
ശബരിമലയില്‍ മില്‍മയുടെ വ്യാജ നെയ്യ് എത്തിക്കാന്‍ മില്‍മ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാര്‍ സഹായിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ദേവസ്വം ബോര്‍ഡില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പദവി വഹിച്ചയാളാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കും മില്‍മ ഭരണസമിതിക്കും വിവരം ലഭിച്ചെങ്കിലും അന്വേഷണത്തിന് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ക്രമക്കേട് അക്കമിട്ട് നിരത്തുന്നത്. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാട് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
