കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെയുള്ള കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
മാങ്ങാട്ട്പറമ്പ് കെഎപി ബറ്റാലിയൻ കമാൻഡൻറ് യു. പ്രേമൻ അന്വേഷണതലവനായി കണ്ണൂർ എസിപി എം.പി.ആസാദ് അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണു പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. യു. പ്രേമൻറെ നേതൃത്വത്തിൽ ഇന്നലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് തുടങ്ങിയത്. കരിങ്കൊടി പ്രതിഷേധം നടന്ന കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഒന്നാം പ്രവേശന കവാടത്തിലെയും പ്ലാറ്റ്ഫോമിലെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു. വരും ദിവസങ്ങളിൽ മുൻ മന്ത്രി വീണ ജോർജ്, കരിങ്കൊടി കാണിച്ച കെഎസ്യു ജില്ലാ പ്രസിഡൻറ് എം.സി. അതുൽ ഉൾപ്പെടെയുള്ളവരിൽനിന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും.
കള്ളക്കേസിൽ കുടുക്കി തങ്ങളെ ജയിലിൽ അടയ്ക്കുകയായിരുന്നുവെന്ന് പ്രതികളായവർ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് നൽകിയ പരാതിയെത്തുടർന്നാണ് യുഡിഎഫ് സർക്കാർ പുതിയ അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണത്തിനു നിർദേശം നൽകിയത്.
കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിനു ഗുരുതരമായി പരിക്കേറ്റെന്നു കാണിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോർജ് കാറിൽ സ്വദേശമായ പത്തനംതിട്ടയിലേക്കു മടങ്ങിയ സംഭവം ഏറെ വിവാദമായിരുന്നു.
കേസിനാസ്പദമായ സംഭവം ഇങ്ങനെ
2026 ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് അക്കാലത്തെ ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തിനിടയിൽ മന്ത്രിയെ മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്നും കഴുത്തിനും കൈയ്ക്കും പരിക്കേൽപ്പിച്ചെന്നും ആരോപിച്ച് ഗൺമാന്റെ പരാതിയിലാണ് റെയിൽവേ പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
