ജനഹൃദയങ്ങളിൽ ഇടം നേടുന്നവർ

OCTOBER 20, 2024, 9:55 AM

ജീവകാരുണ്യ പ്രവർത്തനങ്ങൾ മനുഷികതയുടെ മുഖമുദ്രയാണ്. സഹജീവികളോടുള്ള കരുണയും കരുതലുമാണ് ഏതു മനുഷ്യനെയും മാനവികത ഉള്ളവനാക്കുന്നത്. ആധുനിക ലോകം സ്വാർഥതയുടെ പര്യായമായി മാറുന്നു എന്ന പരാതി പരക്കേ ഉയരുമ്പോൾ ഉപവിയുടെ ഉദാത്ത മാനങ്ങൾ അവിടവിടെ നക്ഷത്രശോഭ പരത്തി നിലകൊള്ളുന്നു. രാത്രിയിലെ ഇരുളിലും ഒളിമിന്നുന്ന നക്ഷത്രങ്ങളാണല്ലോ നമുക്ക് ആശ്വാസമേകുന്നതും നമ്മെ ആഹ്‌ളാദചിത്തരാക്കുന്നതും.

ചില മനുഷ്യർ നക്ഷത്രങ്ങളെപ്പോലെയാണ്. മണ്ണോടു ചേർന്നാലും അവർ മാനത്ത് പ്രഭ ചൊരിഞ്ഞു  നിൽക്കും. അത്തരം നിരവധി മനുഷ്യനക്ഷത്രങ്ങൾ ഈ ലോകത്തിൽ ജീവിച്ചു മരിച്ച് അമരത്വം നേടി നീലാകാശത്ത് നക്ഷത്രമായി നിലയുറപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരു നക്ഷത്രം കൂടി സ്ഥാനം പിടിച്ചിരിക്കുന്നു. അടുത്തിടെ അന്തരിച്ച രത്തൻ ടാറ്റ ചാരിറ്റിയെക്കുറിച്ചു ചില വ്യത്യസ്ത ചിന്തകൾ സമൂഹത്തോടു പങ്കുവച്ചു. രണ്ടു പതിറ്റാണ്ടിലേറെ ടാറ്റാ ഗ്രൂപ്പിന്റെ സാരഥിയായിരുന്നു രത്തൻ ടാറ്റ. 1868ൽ സ്ഥാപിതമായ ഈ കമ്പനിയുടെ തുടക്കക്കാരൻ ജെംഷെഡ്ജി ടാറ്റയാണ്. കിളയ്ക്കാനുപയോഗിക്കുന്ന തൂമ്പ മുതൽ ആധുനിക വാഹനങ്ങളും ഐടി കമ്പനികളുമൊക്കെ ടാറ്റ ഗ്രൂപ്പിന്റെ കീഴിലുണ്ട്.

തികച്ചും തദ്ദേശീയമായ ഈ കമ്പനി രാജ്യത്തിന്റെ വ്യാവസായിക മുന്നേറ്റത്തിൽ മാത്രമല്ല സമഗ്ര വികസനത്തിലും നിർണായക പങ്കു വഹിച്ചിട്ടുണ്ട്. മൂല്യാധിഷ്ടിത കമ്പനി എന്ന് വിശേഷിപ്പിക്കപ്പെടുന്നു എന്നതാണ് ടാറ്റായുടെ അഭിമാനകരമായ സവിശേഷത. സംരഭകത്വത്തിന്റെ നാൾവഴികളിലൂടെ നേട്ടത്തിന്റെ പടവുകൾ കയറുമ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ടാറ്റാ ഗ്രൂപ്പിന്റെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്നത്. വിവിധ ട്രസ്റ്റുകളും ഇതിനായി സ്ഥാപിക്കപ്പെട്ടു. എന്തുകൊണ്ടാണ് ഒരു വ്യവസായിയുടെ വിയോഗത്തിന് ഇത്രമേൽ പ്രധാന്യം കൈവന്നത്. അത് അദ്ദേഹം 30 ലക്ഷം കോടി രൂപ ആസ്തിയുള്ളൊരു വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായതുകൊണ്ടു മാത്രമാണോ? അല്ലേയല്ല. രത്തൻ ടാറ്റയുടെ വിയോഗവാർത്തയ്ക്കു ലഭിച്ച അന്താരാഷ്ട്ര കവറേജ് അടുത്തകാലത്തെങ്ങും ഒരു വ്യവസായിക്കു ലഭിച്ചിട്ടില്ല.

vachakam
vachakam
vachakam

അടുത്തെങ്ങും ലഭിക്കാനും സാധ്യതയില്ല. ബ്രൂണൈ രാജാവിനെപോലയുള്ള അതിസമ്പന്നർ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. കൗതുകകരമായ പല കഥകളും അവരെക്കുറിച്ചുണ്ടാവും. പക്ഷേ രത്തൻ ടാറ്റാ അവരിൽനിന്നൊക്കെ വ്യത്യസ്തനാകുന്നത് എന്തുകൊണ്ടാണ്? ടാറ്റ എന്ന നാമം ഇന്ത്യയുടെ വികസന ചരിത്രവുമായി ഏറെ ബന്ധപ്പെട്ടതാണ്. ടാറ്റ എന്ന നാലരക്ഷരം ഇംഗ്ലീഷിൽ പതിച്ച തൂമ്പകൾ ഇന്നും നമ്മുടെ നാട്ടിലെ ഇരുമ്പുകടകളിൽ കാണാനാവും. മണ്ണ് കിളയ്ക്കാനുള്ള തൂമ്പമുതൽ ഡിജിറ്റൽ യുഗത്തിലെ അത്ഭുതരമായ സാങ്കേതികവിദ്യവരെ ടാറ്റയുടേതായി ഉണ്ട്. രാജ്യത്തെ ഉദാരവത്കരണ നയം ടാറ്റയുടെ വ്യവസായ മുന്നേറ്റത്തിലും വലിയ വ്യതിയാനങ്ങളുണ്ടാക്കി. അതുവരെ ഇന്ത്യയുടെ അടിസ്ഥാന വികസനത്തിന്റെ രാസത്വരകമായി പ്രവർത്തിച്ചുപോന്ന ടാറ്റയുടെ വ്യവസായസാമ്രാജ്യം ലോകമെമ്പാടും പടർന്നു പന്തലിച്ചു.

ടാറ്റയെ ലോകോത്തര ബ്രാൻഡാക്കി മാറ്റുന്നതിൽ രത്തൻ ടാറ്റ വഹിച്ച പങ്ക് അതുല്യമാണ്. സാങ്കേതികവിദ്യയുടെ പുതിയ പാന്ഥാവിലൂടെ ടാറ്റാ സമ്രാജ്യത്തെ രത്തൻ വഴിതെളിച്ചു. അമേരിക്കയിൽ വിദ്യാഭ്യാസം കഴിഞ്ഞ് അവിടെത്തന്നെ ആർക്കിടെക്റ്റായി ജോലി ചെയ്തിരുന്ന രത്തനെ വീട്ടുകാർ നിർബന്ധിച്ചാണ് കുടുംബവ്യവസായത്തിലേക്കു കൊണ്ടുവന്നത്. 1962ൽ ടാറ്റാ സ്റ്റീലിൽ ട്രെയിനിയായിട്ടായിരുന്നു തുടക്കം. പല മികച്ച വ്യവസായ ഗ്രൂപ്പുകളും അവരുടെ പിൻതലമുറക്കാരെ താഴേത്തട്ടുമുതൽ പരിശീലിപ്പിച്ചുകൊണ്ടുവരാൻ ശ്രദ്ധിക്കാറുണ്ട്. വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ച് വിദേശവിദ്യാഭ്യാസം നേടി ഒരു സുപ്രഭാതത്തിൽ തങ്ങളുടെ വ്യവസായ സാമ്രാജ്യത്തിന്റെ തലപ്പത്തേക്ക് അഭിഷേകം ചെയ്യപ്പെട്ട പലരും സ്ഥാപനത്തെത്തന്നെ കെട്ടുകെട്ടിച്ച കഥകളും ധാരാളമുണ്ടല്ലോ.

അതിൽനിന്നൊക്കെ തികച്ചും വ്യത്യസ്തമായിരുന്നു ടാറ്റാ ഗ്രൂപ്പ്. അവിടെയും പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടില്ലെന്നല്ല. അതൊക്കെ മറികടക്കാൻ കരുത്തുറ്റ നേതൃത്വം ഉണ്ടായിരുന്നു. ഉന്നതമായ ചില ദർശനങ്ങൾ അവർക്കു മാർഗദീപമായി.
2012ൽ രത്തൻ ടാറ്റാ ടാറ്റാ സൺസിന്റെ ചെയർമാൻ പദവി ഒഴിഞ്ഞതിനെത്തുടർന്നു സ്ഥാനമേറ്റ സൈറസ് മിസ്ത്രി അഭിപ്രായവ്യത്യാസങ്ങളെത്തുർന്നു പുറത്തായപ്പോൾ വീണ്ടും കമ്പനിയുടെ രക്ഷയ്‌ക്കെത്താൻ രത്തൻ മടിച്ചില്ല. 2016ൽ ഇടക്കാല ചെയർമാനായി തിരിച്ചെത്തിയ രത്തൻ ടാറ്റ അടുത്ത വർഷംതന്നെ എൻ. ചന്ദ്രശേഖരനു പദവി കൈമാറി. പിന്നീടു ടാറ്റയുടെ എമിരിത്തൂസ് ചെയർമാനായി.

vachakam
vachakam
vachakam

2008ലെ മുംബൈ ഭീകരാക്രമണത്തിലും ടാറ്റാ ഗ്രൂപ്പിന് കനത്ത ആഘാതം നേരിടേണ്ടിവന്നു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള താജ്മഹൽ പാലസ് ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിൽ 31 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ആ ആക്രമണത്തിൽ ടാറ്റാ ഗ്രൂപ്പിന് 400 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഹോട്ടലിലേക്കു കടന്നു വന്ന ഭീകരർ തലങ്ങും വിലങ്ങും വെടിയുതിർത്തപ്പോൾ ജീവൻ നൽകിയാണ് പല ജീവനക്കാരും അവരുടെ അതിഥികളെ സംരക്ഷിച്ചത്. ടാറ്റയിൽനിന്നു ലഭിച്ച മൂല്യങ്ങളാകാം അവരെ അതിനു പ്രേരിപ്പിച്ചത്. അന്ന് ജീവനക്കാരെ മാത്രമല്ല, ആക്രമണത്തിന് ഇരയായ മറ്റു നിരവധിപേരെയും ചേർത്തുപിടിച്ചു രത്തൻ ടാറ്റ. അവരുടെ കുടുംബാഗങ്ങളെ കരുതലോടെ കാത്തു. സാമ്പത്തിക സഹായം മാത്രമല്ല മാനസികമായി കരുത്തുപകർന്ന് അവരെ പുനരധിവിസിപ്പിക്കാനും രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ പദ്ധതികൾ നടപ്പാക്കി.

അതിസമ്പന്നതയുടെയും അത്യാഡംബരത്തിന്റെയും ബാല്യം രത്തനെ തെല്ലും അലസനാക്കിയില്ല. അമ്പതോളം ജോലിക്കാരാണ് അന്നു വീട്ടിൽ മാത്രം ഉണ്ടായിരുന്നത്. രത്തനു പത്തു വയസുള്ളപ്പോൾ മാതാപിതാക്കൾ വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. പിന്നീടു മുത്തശ്ശിയായിരുന്നു പോറ്റമ്മ. ലോസാഞ്ചലസിലെ നഷ്ടപ്രണയവും പൂവിടാത്ത മറ്റു ചില ബന്ധങ്ങളും രത്തന്റെ ജീവിതത്തെ തകിടം മറിച്ചില്ല. വിവാഹജീവിതം വേണ്ടെന്നുവച്ചെങ്കിലും ഉള്ളിൽ ഉറകൂടിയ സ്‌നേഹവായ്പും കാരുണ്യസ്പർശവും തന്റെ വ്യവസായ സാമ്രാജ്യത്തിലെ ജീവനക്കാർക്കും അശരണരായ പതിനായിരങ്ങൾക്കും ആശ്വാസമേകി. സഹസ്രകോടികളുടെ സാരഥിയായിരുന്നപ്പോഴും കുടുംബജീവിതത്തിന്റെ സൗഭാഗ്യന്ഷ്ടവും ഒറ്റപ്പെടലിന്റെ നീറ്റലും ചിലപ്പോഴൊക്കെ രത്തൻ ടാറ്റാ തുറന്നു പറഞ്ഞിട്ടുണ്ട്. കൊളാബയിലെ സാധാരണ ഫ്‌ളാറ്റിലാണ് രത്തൻ ടാറ്റാ വർഷങ്ങളോളം കഴിഞ്ഞിരുന്നത്.

ഇന്നിപ്പോൾ ആറു ഭൂഖണ്ഡങ്ങളിലായി നൂറു രാജ്യങ്ങളിൽ ടാറ്റയുടെ വ്യവസായ സാമ്രാജ്യം പടർന്നു കിടക്കുന്നു. ഊർജ മേഖലയിലും ഉരുക്കു നിർമാണ മേഖലയിലും ടാറ്റാ മുൻനിരയിലാണ്. ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനികളിലൊന്നാണ് ടിസിഎസ് എന്നറിയപ്പെടുന്ന ടാറ്റാ കൺസൾട്ടൻസി സർവീസ്. തൂമ്പമുതൽ തുമ്പയിലെ ബഹിരാകാശ ഗവേഷണകേന്ദ്രത്തിനാവശ്യമായ വിക്ഷേപണത്തറ വരെ ഒരുക്കുന്ന ടാറ്റാ സംരംഭങ്ങൾ ഇന്ത്യയുടെ നാഡീവ്യൂഹത്തിലെ പ്രധാന ഞരമ്പുകളാണ്. ഇതൊക്കെയാണെങ്കിലും ഇതര വ്യവസായികളിൽനിന്നു രത്തൻ ടാറ്റ വേറിട്ടുനിൽക്കുന്നത് സമൂഹത്തോടുള്ള കരുതലും വേദനിക്കുന്നവരോടുള്ള സഹാനുഭൂതിയും വാക്കുകളിൽ മാത്രമല്ല ഉദാത്തമായ പ്രവൃത്തികളിലൂടെയും അദ്ദേഹം പകർന്നു നൽകിയതുമൂലമാണ്. പല കമ്പനികളും തങ്ങളുടെ വരുമാനത്തിന്റെ ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കാറുണ്ട്.

vachakam
vachakam
vachakam

കമ്പനി ആക്ട് 2013 പ്രകാരം കോർപറേറ്റ് സ്ഥാപനങ്ങൾ തങ്ങളുടെ ലാഭത്തിന്റെ രണ്ടു ശതമാനം സാമൂഹ്യ ഉത്തരവാദിത്വ നിർവഹണത്തിനായി നീക്കിവയ്‌ക്കേണ്ടതുണ്ട്. ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനകളുടെ പ്രവർത്തനങ്ങൾക്കായി ഈ തുക ചെലവഴിക്കാം. അതാണ് സിഎസ് ആർ ഫണ്ട് എന്ന പേരിൽ അറിയപ്പെടുന്നത്. രത്തൻ ടാറ്റയുടെ വിയോഗവാർത്തയോടനുബന്ധിച്ചു പുറത്തുവന്ന അദ്ദേഹത്തിന്റെ അത്രയൊന്നും അറിയപ്പെടാത്ത ജീവിതകഥകൾ പലതും അവിശ്വസനീമെന്നു തോന്നിയേക്കാം. പക്ഷേ, അധികമാരും അറിയാതെ അദ്ദേഹം ചെയ്തുതീർത്ത ചില ദൗത്യങ്ങളുണ്ട്. അത് ആയിരക്കണക്കിനാളുകളുടെ ജീവിതത്തെ സ്വാധീനിച്ചു. പലരുടെയും ജീവിതവഴികളെ സുഗമമാക്കി. ടാറ്റയുടെ കരുതലിന്റെ കരളുരുകുന്ന കഥകൾ പലർക്കും പറയാനുണ്ട്. ടാജ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി വർഗീസ് തോമസിന്റെ കുടുംബം അത് ഏറ്റുപറയും. താജിലെ വസാബി ജാപ്പനീസ് റസ്റ്ററന്റിലെ ക്യാപ്ടനായിരുന്നു വർഗീസ് തോമസ്. ആക്രമണത്തിൽ നിരവധി അതിഥികളെ രക്ഷിക്കാൻ തോമസിനു കഴിഞ്ഞു. പക്ഷേ സ്വന്തം ജീവൻ ബലിയർപ്പിക്കേണ്ടിവന്നു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട താജ് ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ കൂട്ടായ്മയിൽ പങ്കടുത്ത രത്തൻ ടാറ്റ തോമസ് വർഗീസിന്റെ ഭാര്യ സുനു വർഗീസിന്റെ കരം ഗ്രഹിച്ച് പറഞ്ഞ വാക്കുകൾ ഇന്നും ആ സ്ഥാപനം പാലിക്കുന്നു. വീട്ടമ്മയായി കഴിഞ്ഞിരുന്ന സുനുവിന് ടാറ്റാ ട്രസ്റ്റിൽ ജോലി നൽകി. മക്കളുടെ പഠനത്തിനുവേണ്ട എല്ലാ സഹായവും നൽകി. ഭർത്താവ് അവസാനം വാങ്ങിയ ശമ്പളം ഇപ്പോഴും മാസാമാസം സുനുവിന്റെ ബാങ്ക് അക്കൗണ്ടിലും എത്തുന്നു. വ്യവസായത്തിലും ബിസിനസിലും മൂല്യബോധം പാലിക്കുക അത്ര എളുപ്പമല്ല. എന്നാൽ ധാർമികതയ്ക്കും മൂല്യങ്ങൾക്കും മുഖ്യസ്ഥാനം നൽകിയാണു ടാറ്റയുടെ സ്ഥാപനങ്ങൾ മുന്നോട്ടു പോയത്. മനുഷ്യത്വത്തെ മുൻനിർത്തിയുള്ള ഈ വ്യവസായ ധർമം രാജ്യപുരോഗതിക്കും രാസത്വരകമായി.
എത്രയോ സമ്പന്നർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഏറെ പണം ചെലവഴിക്കുന്നു.

മിക്കവരും അതു നാലു പേര് അറിയണമെന്നു കരുതി വലിയ പ്രചാരണമൊക്കെ നൽകിയാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത്. മറ്റുള്ളവർക്കു മാതൃകയാകും എന്നതാണ് ഇതിനു പറയുന്ന ഒരു ന്യായീകരണം. ചിലർ പിആർ എജൻസികളെപ്പോലും ഏർപ്പാടാക്കാറുണ്ട്. ജീവകാരുണ്യം തർക്കങ്ങൾക്കും വിഭാഗീയതയ്ക്കുമൊന്നും ഇടവരുത്താതിരിക്കട്ടെ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കുവയ്ക്കുന്ന പണം ദുരുപയോഗിക്കപ്പെടുന്ന സംഭവങ്ങളും വിരളമല്ല.
വലിയ ആസ്തിമൂല്യമുള്ള കമ്പനികളുണ്ടായിട്ടും വൻതുക ലാഭം നേടിയിട്ടും എന്തുകൊണ്ടാണ് രത്തൻ ടാറ്റ ലോകത്തെയോ രാജ്യത്തെത്തന്നയോ അതിസമ്പന്നരുടെ പട്ടികയിൽ വരാതിരുന്നത്?

ടാറ്റാ ഗ്രൂപ്പിന്റെ വരുമാനത്തിൽ നല്ലൊരു പങ്ക് വിവിധ ട്രസ്റ്റുകളിലൂടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കും മറ്റുമായി ചെലവഴിച്ചതുകൊണ്ടാണിത്.  ലോക കോടീശ്വരന്മാരുടെ ഗണത്തിൽ പെടുന്നതിനേക്കാൾ ജനഹൃദയങ്ങളിൽ ചേക്കേറാൻ ടാറ്റാ ഗ്രൂപ്പിനും രണ്ടു ദശാബ്ദത്തിലേറെ ആ വ്യവസായ സാമ്രാജ്യത്തെ നയിച്ച രത്തൻ ടാറ്റയക്കും കഴിഞ്ഞതും അതുകൊണ്ടുതന്നെയാവും.

സെർജി ആന്റണി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam