ടോറൻറ്റോ: തീർത്ഥാടന കേന്ദ്രമായി ഉയർത്തപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ ഇടവക തിരുനാളിന് ഒരുങ്ങുകയാണ് മിസ്സിസ്സാഗ രൂപതയിലെ പ്രഥമ സിറോ മലബാർ ഇടവകയായ സ്‌കാർബോറോയിലെ സെയിന്റ് തോമസ് ഫൊറോനാ തീർത്ഥാടന ദേവാലയം.
ജൂൺ 25 മുതൽ ജൂലൈ 5 വരെ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഈ വർഷം തിരുന്നാൾ ആഘോഷിക്കുന്നത്. ജൂലൈ 3, 4, 5 തീയതികളിലാണ് പ്രധാന തിരുനാൾ കർമ്മങ്ങളും ആഘോഷങ്ങളും.
ദൈവത്തിന്റെ വലിയ അനുഗ്രഹങ്ങളാൽ ഫോറോന പള്ളിയിൽ നിന്നും തീർത്ഥാടന കേന്ദ്രം എന്ന പദവിയിലേക്ക് അടുത്തകാലത്ത് ഉയർത്തപ്പെടുകയും ഇടവക മധ്യസ്ഥനായ മാർ തോമാശ്ലീഹായുടെ ഒന്നാം ക്ലാസ്സ് തിരുശേഷിപ്പ് ഇവിടെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തതിനു ശേഷമുള്ള ആദ്യത്തെ ഇടവക തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേരുവാൻ ഏവരെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ.ജോജോ ചങ്ങാനംതുണ്ടത്തിലും സഹ വികാരി. ഫാ.ഫ്രാൻസിസ് അക്കരപ്പറ്റിയെക്കലും ട്രസ്റ്റിമാരായ ജോൺ ചേന്നോത്തും, സജി തോമസും അറിയിച്ചു.
തിരുന്നാളിന് പ്രാരംഭമായി, ഒൻപതു ദിവസത്തെ നൊവേന ജൂൺ 25 നു വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഈ തിരുനാൾ ആഘോഷങ്ങളിൽ പ്രാർത്ഥനയിലൂടെ ആത്മീയമായും, നിങ്ങളുടെ സാന്നിധ്യത്തിലൂടെ നേരിട്ടും പങ്കുചേരുന്നതിനുള്ള അവസരമുണ്ട്.
ലഭിച്ച എല്ലാ നന്മകൾക്കും കൃതജ്ഞത പ്രകാശിപ്പിക്കുന്നതിനും, നമ്മുടെ പ്രത്യേക പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിക്കുന്നതിനുമായി തിരുനാളിനോടനുബന്ധിച്ചുള്ള നൊവേനകളിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ, 'പ്രസുദേന്തി' ആയി തിരുനാൾ നടത്തിപ്പിൽ പങ്കാളിയായിക്കൊണ്ടും വഴിപാടുകൾ നൽകിയും ഈ ആഘോഷത്തിൽ ഭാഗഭാക്കാകുന്നതിനും ഈ തിരുനാൾ മഹോത്സവം ഒരു ജനകീയ വിജയമാക്കി മാറ്റുവാനും ഓരോരുത്തരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായതും സംഘാടക സമിതി അറിയിച്ചു.
ജൂൺ 25 മുതൽ രൂപതയിലെ വിവിധ വൈദികരുടെ നേതൃത്വത്തിൽ സമർപ്പിക്കുന്ന ഒൻപത് ദിവസത്തെ നൊവേനയിലെ പ്രധാന ദിവസങ്ങളിലെ നിയോഗങ്ങൾ താഴെ പറയുന്നവയാണ്
ജൂൺ 25 (വ്യാഴം): കുട്ടികളുടെ ദിനം, ജൂൺ 26 (വെള്ളി): പരിശുദ്ധ കുർബാനയുടെ ദിനം, ജൂൺ 27 (ശനി): മരിച്ചവരുടെ ഓർമ്മദിനം സെമിത്തേരി സന്ദർശനം, ജൂൺ 29 (തിങ്കൾ): കുടുംബ ദിനം, ജൂൺ 30 (ചൊവ്വ): ദൈവവിളി ദിനം, ജൂലൈ 01 (ബുധൻ): രോഗികൾക്കായുള്ള ദിനം, ജൂലൈ 02 (വ്യാഴം): തൊഴിലാളി ദിനം എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂൺ 28 ഞായറാഴ്ച സാധാരണ രീതിയിലുള്ള വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.
ജൂലൈ 3, 4, 5 തീയതികളിലെ പ്രധാന തിരുനാൾ പരിപാടികളുടെ വിശദവിവരങ്ങൾ : ജൂലൈ 03 വെള്ളിയാഴ്ച യുവജന ദിനമായി ആചരിക്കും. വൈകുന്നേരം 4:45നു ജപമാല, തുടർന്ന് കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, വൈകുന്നേരം 5:45 നു ആഘോഷമായ പാട്ടുകുർബാനയും നൊവേനയും. മുഖ്യകാർമ്മികൻ: മാർ ജോസ് കല്ലുവേലിൽ (മിസ്സിസാഗ രൂപതാ മെത്രാൻ), റവ. ഫാ. ജോജോ ചങ്ങാനംതുണ്ടത്തിൽ, റവ. ഫാ. ഫ്രാൻസിസ് അക്കരപ്പറ്റിയെക്കൽ എന്നിവർ പങ്കാളികളാകും.
രാത്രി 7:00: സ്‌നേഹവിരുന്ന്, 7.30 മുതൽ കാറ്റിക്കിസം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.
ജൂലൈ 04, ശനിയാഴ്ച്ച വയോജനങ്ങളുടെ ദിനമായി ആചരിക്കും. അന്ന് വൈകുന്നേരം 3:00 മുതൽ മണി മുതൽ നേർച്ചകാഴ്ചകൾ, അടിമ വെയ്ക്കൽ, കഴുന്ന് എടുക്കൽ.
വൈകുന്നേരം 4:30നു ജപമാലയും, തുടർന്ന് ആഘോഷമായ ദിവ്യബലിയും, നൊവേനയും. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസം കത്തീഡ്രൽ വികാരിയുമായ റവ. ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ ആണ് മുഖ്യ കാർമ്മികൻ. തുടർന്ന് സ്‌നേഹ വിരുന്നും ഇടവകയിലെ സ്ത്രീകളും പെൺകുട്ടികളും ചേർന്ന് അവതരിപ്പിക്കുന്ന കേരളീയ ഫ്യൂഷൻ ഡാൻസും അരങ്ങേറും. 7.30 മുതൽ കലാസന്ധ്യയും, തുടർന്ന് ആകർഷകമായ കരിമരുന്നു പ്രദർശനവും.
മുഖ്യ തിരുന്നാൾ ദിനമായ ജൂലൈ 5നു രാവിലെ 9 മണിക്ക് വിശുദ്ധ കുർബാന. ഉച്ച കഴിഞു 3 മണി മുതൽ കഴുന്നു നേർച്ച, അടിമ വയ്ക്കൽ. 4 മണിക്ക് ജപമാലയും, 4.30 നു തലശ്ശേരി രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോർജ് ഞരളകാട്ടു,
റവ. ഫാ. ഷിജോ കാരിക്കൽ, റവ.ഫാ. ജസ്റ്റിൻ രണ്ടുപറപുത്തൻപറമ്പിൽ എന്നിവരുടെ കാർമ്മികത്വത്തിൽ ആഘോഷമായ റാസ കുർബാനയും. 7 മണി മുതൽ അയോൺ വ്യൂ കമ്മ്യൂണിറ്റിയിലൂടെ വി. തോമാ ശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, രൂപം വണങ്ങുന്നതിനു ശേഷം സ്‌നേഹ വിരുന്നും, ലൈറ്റ് ആൻഡ് സൗണ്ടു ഷോയും ആണ് പ്രധാന ആകർഷണങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
