ന്യൂഡല്‍ഹി: വീടിന് മുന്നിലിരുന്ന് മദ്യപിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തത് ചോദ്യം ചെയ്ത മുതിര്‍ന്ന മണിപ്പൂരി സംഗീതജ്ഞനെ ഒരു സംഘം ആള്‍ക്കാര്‍ ചേര്‍ന്ന് അടിച്ചുക്കൊന്നു. സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കിലോകരി ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ക്രൂരമായ സംഭവം നടന്നത്. മണിപ്പൂര്‍ സ്വദേശിയും മേയ്‌തെ സമുദായംഗവുമായ സി. വിക്രം സിങ് (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വര്‍ഷങ്ങളായി കിലോകരിയില്‍ കുടുംബ സമേതം താമസിച്ചുവരികയായിരുന്ന വിക്രം സിങ്, അപാര്‍ട്ട്‌മെന്റിന് പുറത്ത് ഡെലിവറി ജീവനക്കാരും സമീപത്തെ ധാബ തൊഴിലാളികളും ചേര്‍ന്ന് മദ്യപിച്ച ശേഷം ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. വാക്കുതര്‍ക്കത്തിന് പിന്നാലെ സംഘം ചേര്‍ന്ന് വിക്രം സിങ്ങിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ മകന്‍ ഉടനടി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം പ്രതികള്‍ പടികളിറങ്ങി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് സൗത്ത് ഈസ്റ്റ് ഡല്‍ഹി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
