യുവജനങ്ങളുടെ തൊഴിൽ സംരക്ഷണത്തിന് നയവേദിയുമായി (പോളിസി ഫോറം) 'ടീം വോയ്‌സ് ഓഫ് ഫോമാ'

JUNE 26, 2026, 1:53 PM

ന്യൂയോർക്ക്: യുവജനങ്ങളുടെ തൊഴിൽ സംരക്ഷണത്തിനായി ടീം വോയ്‌സ് ഓഫ് ഫോമാ നയവേദി (പോളിസി ഫോറം) രൂപീകരിക്കും. ഇന്ന് നോർത്ത് അമേരിക്കയിലെ മലയാളി സമൂഹം പ്രത്യേകിച്ച് യുവജനങ്ങൾ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ഗൗരവതരമായ ഒരു വിഷയമാണ് അർഹതക്കനുസരിച്ചുള്ള തൊഴിലില്ലായ്മ.

ഇതിനൊരു പരിഹാരം കാണുവാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി, ഈ മേഖലകളിൽ പ്രവർത്തന പരിചയമുള്ളവരെ ഉൾപ്പെടുത്തി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കുകയും പ്രസ്തുത സമിതിയുടെ സേവനം നോർത്ത് അമേരിക്ക മുഴുവനും ലഭ്യമാക്കുകയും ചെയ്യുമെന്ന് ഫോമായുടെ 20262028 ഭരണസമിതിയിലേയ്ക്ക് ജനവിധി തേടുന്ന ടീം വോയ്‌സ് ഓഫ് ഫോമാ'യുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ബിജു തോണിക്കടവിൽ വ്യക്തമാക്കി.

എച്ച്-1ബി വിസയിലെത്തി അമേരിക്കൻ മലയാളി സമൂഹത്തിൽ തൊഴിലില്ലാതെ പ്രയാസമനുഭവിക്കുന്ന ഐ.റ്റി പ്രോഫഷണലുകൾ ഉൾപ്പെടെയുള്ള യുവ മലയാളികൾക്കായി ഗവൺമെന്റ് തലത്തിൽ ലോബിയിങ് നടത്താൻ നയവേദിയുടെ നേതൃത്ത്വത്തിൽ 'ടീം വോയ്‌സ് ഓഫ് ഫോമാ' ആത്മാർത്ഥമായി പരിശ്രമിക്കുമെന്ന് ബിജു തോണിക്കടവിൽ പറഞ്ഞു.

vachakam
vachakam
vachakam

തൊഴിൽ ആവശ്യങ്ങൾക്കായി എത്തുന്ന യുവതലമുറയിൽ ഭൂരിഭാഗവും ആശ്രയിക്കുന്നത് എച്ച്-1ബി വിസയെയാണെന്നിരിക്കെ മാറിയ യു.എസ് വിസ നയങ്ങളും, തൊഴിൽ വിപണിയിലെ അനിശ്ചിതത്വങ്ങളും പുതിയ ഇമിഗ്രന്റ്‌സിന് വലിയ വെല്ലുവിളികൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണ് അവർക്ക് നിയമ സഹായം ഉൾപ്പെടെയുള്ള കൃത്യമായ മാർഗ നിർദേശങ്ങൾ നൽകാൻ 'ടീം വോയ്‌സ് ഓഫ് ഫോമാ' മുന്നോട്ടു വരുന്നത്.

തങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ തൊഴിൽ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന യുവജനങ്ങളുടെ ശബ്ദം അമേരിക്കൻ മലയാളി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഫോമാ ബന്ധപ്പെട്ട യു.എസ് അധികാരികളുടെയും ജനപ്രതിനിധികളുടെയും മുന്നിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. എച്ച്-1ബി വിസക്കാരുടെ യു.എസിലെ ജീവിതവും തൊഴിലും കൂടുതൽ സുരക്ഷിതമാക്കുക എന്നതാണ് ടീം വോയ്‌സ് ഓഫ് ഫോമാ 'നയവേദി' പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്. ഇതിനായി രാഷ്ട്രീയഭരണ തലങ്ങളിൽ സ്വാധീനം ചെലുത്തേണ്ടതുണ്ട്.

കൂടാതെ നയവേദിയുടെ നേതൃത്വത്തിൽ മലയാളി ഐ.ടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവർ ഇന്ന് നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമെന്ന നിലയിൽ ബിസിനസുകാരെയും തൊഴിൽ ദാതാക്കളെയും സംഘടിപ്പിച്ച് കാമ്പെയ്ൻ നടത്താനും പദ്ധതിയുണ്ട്. വിസ നിയമങ്ങളെക്കുറിച്ചും തൊഴിൽ അവകാശങ്ങളെക്കുറിച്ചും കൃത്യമായ ധാരണ നൽകാൻ ഇമിഗ്രേഷൻ ലോയർമാരുടെ സേവനവും ഉറപ്പാക്കും. എച്ച്1ബി വിസയിലെത്തുന്നവർ കേവലം തൊഴിലാളികൾ മാത്രമല്ല, അവർ അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഭാഗം കൂടിയാണ് എന്ന കാഴ്ചപ്പാടിലാണ് അവരെ ശാക്തീകരിക്കുന്ന പ്രവർത്തനങ്ങളുമായി ടീം വോയ്‌സ് ഓഫ് ഫോമാ മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നത്.

vachakam
vachakam
vachakam

അവർക്ക് മാനസികവും സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താൻ മറ്റ് ഇന്ത്യൻ ബിസിനസ് കൂട്ടായ്മകളുമായും ആശയവിനിമയം നടത്തും. ഒരു ശക്തമായ സംഘടന തങ്ങളുടെ അവകാശങ്ങൾക്കായി കൂടെയുണ്ട് എന്ന വിശ്വാസം പുതിയ തലമുറയ്ക്ക് ആത്മവിശ്വാസം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. അമേരിക്കൻ ഭരണകൂടത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന വിസ നയങ്ങളെ മറികടന്ന് അനുകൂല തീരുമാനങ്ങൾ നേടിയെടുക്കുക എന്നത് കഠിന ദൗത്യമാണെന്ന യാഥാർത്ഥ്യവും നമ്മുടെ മുന്നിലുണ്ട്.

ടീം വോയ്‌സ് ഓഫ് ഫോമാ നയവേദിയിലൂടെ മുന്നോട്ട് വയ്ക്കുന്ന ഈ ലോബിയിംഗ് ശ്രമങ്ങൾ ഫലപ്രദമാക്കാൻ നമ്മുടെ ബിസിനസുകാരടെയും അഭ്യുദയകാംക്ഷികളുടെയും അകമഴിഞ്ഞ പിന്തുണ ആവശ്യമാണ്. അങ്ങനെയെങ്കിൽ, അത് 20ാം വാർഷികം ആഘോഷിക്കാൻ പോകുന്ന ഫോമായുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു നാഴികക്കല്ലാകും.

പുതിയ എച്ച്1ബി പ്രവാസികൾക്ക് ജോലിസ്ഥലത്തും ജീവിതത്തിലും കൂടുതൽ സ്ഥിരതയും മികച്ചൊരു ഭാവിയും കെട്ടിപ്പടുക്കാൻ ഈ പദ്ധതിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജു തോണിക്കടവിൽ നേതൃത്വം നൽകുന്ന ടീം ഫോമായുടെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന പോൾ പി ജോസ് (ജനറൽ സെക്രട്ടറി), പ്രദീപ് നായർ (ട്രഷറർ), സാമുവൽ മത്തായി (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോൺസൺ കണ്ണൂക്കാടൻ (ജോയിന്റ് ട്രഷറർ) എന്നിവർ പറഞ്ഞു.

vachakam
vachakam
vachakam

എ.എസ് ശ്രീകുമാർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam