ടീം പ്രോമീസ് ഫോമായ്ക്ക് ഡിട്രോയിറ്റിൽ വിവിധ മലയാളി അസോസിയേഷനുകളുടെ ഊഷ്മള സ്വീകരണം

JUNE 17, 2026, 1:15 PM

ഡിട്രോയിറ്റ്: അമേരിക്കൻ മലയാളികളുടെ ആശയും അഭിലാഷവുമായ ഫോമായുടെ ജനകീയ പ്രവർത്തനങ്ങളുടെ ഊർജസ്വലമായ തുടർച്ച മുദ്രാവാക്യമാക്കി 2026'28 ഭരണ സമിതിയിലേയ്ക്ക് ആത്മവിശ്വാസത്തോടെ ജനവിധി തേടുന്ന 'ടീം പ്രോമീസ് ഫോമാ'യ്ക്ക് ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ, മിഷിഗൺ മലയാളി അസോസിയേഷൻ, കേരള ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഊഷ്മള സ്വീകരണം നൽകി.

ഫോമായുടെ സ്ഥാപക നേതാവായ മാത്യു വർഗീസ് (ജോസ് ഫ്‌ളോറിഡ) നയിക്കുന്ന ടീം പ്രോമിസിന്റെ സ്ഥാനാർത്ഥികൾ വിവിധ സംഘടനാ ഭാരവാഹികളുമായി ആശയവിനിമയം നടത്തുകയും ഫോമായുടെ ഭാവി വളർച്ചയെക്കുറിച്ചും തങ്ങൾ ആവിഷ്‌കരിക്കുന്ന സ്വപ്ന പദ്ധതികൾ സംബന്ധിച്ചും അഭിപ്രായങ്ങൾ പങ്കുവച്ചു.


vachakam
vachakam
vachakam

ഇക്കഴിഞ്ഞ ജൂൺ 12-ാം തീയതി വൈകിട്ട് 7 മണിക്ക് ഡിട്രോയിറ്റിലുള്ള ഒഥന്റിക്ക ഇന്ത്യൻ ക്വസിനിൽ സംഘടിപ്പിക്കപ്പെട്ട സ്വീകരണ യോഗത്തിൽ ടീം പ്രോമീസ്, വരുന്ന രണ്ട് കൊല്ലം നടപ്പാക്കാൻ പോകുന്ന വിദ്യാ ജ്യോതി സ്‌കോളർഷിപ്പ്, ആർദ്രം കാൻസർ പ്രോജക്ട്, കേരള പഠന പദ്ധതി ഉൾപ്പെടെയുള്ള വിവിധ പരിപാടികളെപ്പറ്റി പ്രസിഡന്റ് സ്ഥാനാർത്ഥി മാത്യു വർഗീസ് വിവരിച്ചു.

അമേരിക്കൻ മലയാളി വിദ്യാർത്ഥികൾക്കായയുള്ള 'വിദ്യാജ്യോതി' ഫോമാ 2026-2028 എന്ന പേരിൽ സ്‌കോളർഷിപ്പ് ഫണ്ട് സ്വരൂപിക്കുന്നതാണ്. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനിലെ മലയാള വിഭാഗവും കേരളാ യൂണിവേഴ്‌സിറ്റിയുമായി മലയാള ഭാഷാ പഠനം സംബന്ധിച്ച കേരള പഠന പദ്ധതിക്കും ടീം പ്രോമീസ് ഫോമാ ലക്ഷ്യമിടുന്നുണ്ട്.


vachakam
vachakam
vachakam

സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയും ക്ഷേമവും മുൻനിർത്തിക്കൊണ്ടുള്ള ആർദ്രം കാൻസർ കെയർ പദ്ധതിയാണ് മറ്റൊന്ന്. പ്രസ്തുത പദ്ധതി കേരളത്തിലെ കാൻസർ ചികിത്സാ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നൽകും.

കാൻസർ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ പ്രോജക്ട് ആവിഷ്‌കരിക്കുകയെന്ന് മാത്യു വർഗീസ് പറഞ്ഞു.


vachakam
vachakam
vachakam

ടീം പ്രോമീസ് ഫോമായുടെ ഭാവനാപൂർണമായ പദ്ധതികളെ യോഗം പ്രശംസിച്ചു. യോഗത്തിൽ ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ തോമസ് കർത്തനാൾ, ഇലക്ഷൻ കമ്മിഷൻ ചെയർമാൻ മാത്യു ചെരുവിൽ, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബോബി ആലപ്പാട്ട്, കേരള ക്ലബ് പ്രസിഡന്റ് സുജിത്ത് നായർ, മിഷിഗൺ മലയാളി അസോസിയേഷൻ പ്രതിനിധി ജെയ്‌സ് മാത്യു, അഡൈ്വസറി ബോർഡ് സെക്രട്ടറി സാജൻ കണിയോടിക്കൽ, കേരള ക്ലബ് മുൻ പ്രസിഡന്റ് ജോളി ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു. ആർ.വി.പി ആയി മൽസരിക്കുന്ന ബാബു കുര്യനും നാഷണൽ കമ്മിറ്റിയിലേയ്ക്ക് മൽസരിക്കുന്ന രാജേഷ് കുട്ടിക്കും വുമൺസ് ഫോറത്തിലേയ്ക്ക് മൽസരിക്കുന്ന സുമിനി ജോർഡനും (ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ വിമൺസ് ഫോറം പ്രസിഡന്റ്) യോഗം എല്ലാവിധ വിജയാശംസകളും നേർന്നു.


മാത്യു വർഗീസിന് പുറമെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മൽസരിക്കുന്ന അനു സ്‌കറിയ, ട്രഷറർ സ്ഥാനാർത്ഥി ബിനോയ് തോമസ്, ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജൻ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോൺ (ജോയിന്റ് ട്രഷറർ) എന്നിവരുടെ പ്രവർത്തനങ്ങൾ ഫോമായ്ക്ക് മുതൽക്കൂട്ടാവുമെന്ന് അവർക്ക് ആശംസകൾ നേർന്നുകൊണ്ട് വിവിധ സംഘടനാ നേതാക്കൾ പറഞ്ഞു.

തങ്ങൾക്ക് ഹൃദ്യമായ സ്വീകരണം നൽകിയതിന് ടീം പ്രോമീസ് ഏവർക്കും നന്ദി പറഞ്ഞു.



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam