ഹൂസ്റ്റൺ: ജൂലൈ മാസത്തിന് എന്നും ഒരു പ്രത്യേക ഭാവമുണ്ട് ഹൂസ്റ്റണിൽ. ഒരു ദിവസം അപ്രതീക്ഷിതമായ ഇടിമിന്നലോടുകൂടിയ മഴയും, മറുനാൾ കഠിനമായ ചൂടും ഈർപ്പവും. വീട്ടുമുറ്റത്തെ ഉദ്യാനപരിപാലകർക്കു പ്രകൃതി നൽകുന്ന ഈ വൈവിധ്യം അനുഗ്രഹമാകുമ്പോൾ, അവിടുത്തെ മലയാളി സമൂഹത്തിന്റെ സ്ഥിരം പരാതിയാകുന്നത് കൊതുകുകളുടെ ശല്യമാണ്. തെക്കുകിഴക്കൻ ടെക്‌സസിന്റെ യഥാർത്ഥ അധിപന്മാർ കൊതുകുകളാണെന്ന തമാശയും ഈ സാഹചര്യത്തിൽ അനായാസം ഓർമയിൽ വരുന്നു.
ജൂലൈ 19ന് ഉച്ചകഴിഞ്ഞ് മസാല ഹട്ട് കേരള റസ്റ്റോറന്റിൽ സംഘടിപ്പിച്ച കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ സാഹിത്യ സംഗമം, ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ ആവേശം നിറഞ്ഞ പശ്ചാത്തലത്തിലായിരുന്നു. യോഗം ചേരാനിരുന്ന ഹാളിൽ യുവജനങ്ങൾ വൻ സ്‌ക്രീനിൽ മത്സരം ആസ്വദിക്കുന്ന കാഴ്ച അംഗങ്ങളെയും ആഹ്ലാദത്തിൽ പങ്കുചേരാൻ പ്രേരിപ്പിച്ചു.
ഹിസ്പാനിക് സമൂഹത്തോടൊപ്പം മലയാളികളും ഫുട്‌ബോളിനോടുള്ള തങ്ങളുടെ ആവേശം പ്രകടമാക്കി. പ്രത്യേകിച്ച് അർജന്റീനയ്ക്കുവേണ്ടി ഭൂരിഭാഗം പേരും ആർപ്പുവിളിച്ചെങ്കിലും, ഒടുവിൽ സ്‌പെയിൻ കിരീടം സ്വന്തമാക്കിയെന്ന വാർത്ത മത്സരത്തിന്റെ ആവേശത്തെ വേറൊരു തലത്തിലേക്ക് ഉയർത്തി.
ഈ മാസത്തെ മുഖ്യപ്രഭാഷണ വിഷയമായി സ്വാമി വിവേകാനന്ദന്റെ ജീവിതവും ദർശനവും തിരഞ്ഞെടുക്കുകയുണ്ടായി. അതോടൊപ്പം അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷത്തോടനുബന്ധിച്ച്, അമേരിക്കൻ ചരിത്രത്തിന്റെ സുപ്രധാന മുഹൂർത്തങ്ങളും അതുമായി ബന്ധപ്പെടുത്തി അംഗങ്ങളുടെ വ്യക്തിപരമായ അമേരിക്കൻ ജീവിതാനുഭവങ്ങളും പങ്കുവെക്കുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. ചരിത്രവും ജീവിതാനുഭവങ്ങളും ഇഴചേർന്ന ഈ സംവാദം ശ്രദ്ധേയമായി.
സുരേന്ദ്രൻ നായർ സ്വാമി വിവേകാനന്ദന്റെ ജീവിതദർശനത്തെ ആസ്പദമാക്കി ആഴമേറിയ പ്രബന്ധം അവതരിപ്പിച്ചു. യുഗാവതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീരാമകൃഷ്ണ പരമഹംസരെന്ന ഗുരുവും പിൽക്കാലത്ത് വിശ്വത്തെ പ്രകമ്പനം കൊള്ളിച്ച ശിഷ്യനും തമ്മിലുണ്ടായ സമാഗമം യുവാവായ നരേന്ദ്രനെ വിവേകാനന്ദനായി മാറ്റുകയാണുണ്ടായത്. ആ വിവേകാനന്ദനെയാണ് ലോകം 'മഹാനായ ഗുരുവിന്റെ മഹാനായ ശിഷ്യൻ' എന്ന് വിശേഷിപ്പിച്ചത്.
തുടർന്ന് ഭാരതത്തിന്റെ മാനവ ശേഷിയിൽ മഹാഭൂരിപക്ഷമായ യുവജനങ്ങളിൽ അവശേഷിക്കുന്ന അടിമത്ത മനോഭാവവം അകലെക്കളയാനും സ്വാഭിമാനവും നിശ്ചയദാർഢ്യവും ഉത്തേജിപ്പിക്കാനും വിവേകാനന്ദ ദർശനങ്ങളേക്കാൾ ഉചിതമായ മറ്റൊ1രു മാതൃകയില്ലെന്ന് സുരേന്ദ്രൻ നായർ ചൂണ്ടിക്കാട്ടി.
സജീവമായ ചർച്ചയിൽ ഫോറം അംഗങ്ങളെല്ലാവരും പങ്കെടുത്തു. ചോദ്യോത്തര രീതിയിൽ നടന്ന ചർച്ചയിൽ മാത്യു നെല്ലിക്കുന്ന്, ചെറിയാൻ മഠത്തിലേത്ത്, എ.സി ജോർജ്, ഡോളി കാച്ചപ്പിള്ളി, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, മാത്യു മത്തായി, ജോൺ മാത്യു എന്നിവർ സജീവമായി പങ്കെടുത്ത് വിഷയത്തെ വിവിധ വീക്ഷണകോണുകളിൽ നിന്ന് വിശകലനം ചെയ്തു.
ഫോറം പ്രസിഡന്റ് ചെറിയാൻ മഠത്തിലേത്ത് അധ്യക്ഷനായി യോഗം നിയന്ത്രിക്കുകയും എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. അടുത്തിടെ അന്തരിച്ച ന്യൂയോർക്കിലെ പ്രമുഖ സാഹിത്യകാരൻ പി.ടി പൗലോസ് അനുസ്മരണാർഹനായ വ്യക്തിത്വമാണെന്ന് യോഗം ഏകകണ്ഠമായി രേഖപ്പെടുത്തി.
അമേരിക്കൻ മലയാള സാഹിത്യരംഗത്ത് പ്രഗത്ഭനായ ഉപന്യാസകാരൻ, കഥാകൃത്ത്, സാഹിത്യനിരൂപകൻ എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ അനുസ്മരിച്ച അംഗങ്ങൾ, ദേശീയ സാഹിത്യസമ്മേളനങ്ങളിൽ അദ്ദേഹത്തോടൊപ്പം പങ്കിട്ട ആത്മബന്ധവും ആദരപൂർവം സ്മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഫോറം അനുശോചനം രേഖപ്പെടുത്തി.
സാഹിത്യസമ്മേളനത്തിന്റെ മോഡറേറ്ററായിരുന്നത് ജോൺ മാത്യു ആയിരുന്നു. യോഗാവസാനത്തിൽ അധ്യക്ഷന്റെ സമാപനപ്രസംഗത്തിനുശേഷം ഫോറത്തിന്റെ ട്രഷറർ മാത്യു മത്തായി കൃതജ്ഞത രേഖപ്പെടുത്തി.
അറിവും അനുഭവവും ചരിബ്രോധവും സാഹിത്യചിന്തയും സമന്വയിപ്പിച്ച ഈ മാസത്തെ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ സംഗമം, അംഗങ്ങൾക്ക് സമ്പന്നമായ ഒരു ബൗദ്ധികാനുഭവമായി മാറുകയും, സംഘടനയുടെ സാഹിത്യപ്രവർത്തനങ്ങൾക്ക് പുതുവൈഭവം പകരുകയും ചെയ്തു.
ചെറിയാൻ മഠത്തിലേത്ത്, പ്രസിഡന്റ്, കേരള റൈറ്റേഴ്‌സ് ഫോറം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
