തൃശ്ശൂർ : പീച്ചി പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലുള്ള സി.സി.റ്റി.വി. ദൃശ്യങ്ങളിലെ മനുഷ്യാവകാശ ധ്വംസനത്തിന്റെ അടിസ്ഥാനത്തിൽ മുൻ എസ്.ഐ.ക്കെതിരെ സ്വീകരിച്ച നടപടികൾ അടിയന്തരമായി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഒരാഴ്ചക്കകം മറുപടി നൽകണം.
ഇക്കഴിഞ്ഞ മെയ് 30 ന് കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ സംസ്ഥാന പോലീസ് മേധാവി ഒരു മാസത്തിനകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിശദീകരണം സമർപ്പിച്ചിട്ടില്ല. തുടർന്നാണ് നോട്ടീസയച്ചത്.
കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് പീച്ചി പോലീസ് സ്റ്റേഷനിൽ സൂചിപ്പിച്ചിരിക്കുന്ന സി.സി.റ്റി.വി. ദൃശ്യങ്ങളുടെ പകർപ്പ് പൊതുപ്രവർത്തകന് നൽകുന്നതിന് നിയമതടസമുണ്ടോ എന്നതു സംബന്ധിച്ചും സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതും അടിയന്തരമായി നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു .
പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാൻ കഴിയുന്ന വിവിധ ഓഫീസുകളുടെ വിലാസം സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നതിന്റെ പ്രായോഗികത പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപെട്ടിരുന്നു. ഇതും അടിയന്തരമായി ലഭ്യമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
പൊതുപ്രവർത്തകനായ പി. ബി. സതീഷാണ് പീച്ചി കസ്റ്റഡി മർദ്ദനത്തിനെതിരെ കമ്മീഷനിൽ പരാതി നൽകിയത്.
പീച്ചി കസ്റ്റഡി മർദ്ദനം മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം അന്വേഷിച്ച് കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്