അന്താരാഷ്ട്ര മീലാദ് സമ്മേളനം; പ്രചാരണങ്ങൾ പരോഗമിക്കുന്നു

SEPTEMBER 9, 2025, 8:56 AM

കോഴിക്കോട്: സെപ്തംബർ 13 ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾ അന്തിമഘട്ടത്തോടടുക്കുന്നു. കേരളത്തിന്റെ ആഗോള ബന്ധങ്ങളുടെ കവാടം എന്ന നിലയിലും മുസ്‌ലിം സാംസ്‌കാരിക കേന്ദ്രം എന്ന നിലയിലും വർഷങ്ങളായി മികച്ച രീതിയിലാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനം കോഴിക്കോട് നഗരത്തിൽ നടന്നുവരുന്നത്. വിവിധ രാജ്യങ്ങളിലെ പണ്ഡിതരും മുഫ്തിമാരും യൂണിവേഴ്‌സിറ്റി തലവന്മാരും സമസ്ത നേതാക്കളും പങ്കെടുക്കുന്ന ഈ വർഷത്തെ സമ്മേളനം പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. തിരുനബി ദർശനങ്ങളും മൊഴികളും കൂടുതൽ പ്രസക്തിയാർജിക്കുന്ന സമകാലികാന്തരീക്ഷത്തിൽ അവ കൂടുതൽ ജനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ദൗത്യം. നൂറിലധികം ദഫ്, സ്‌കൗട്ട്, ഫ്‌ളവർഷോ സംഘങ്ങൾ അണിനിരക്കുന്ന മെഗാ ദഫ് ഘോഷയാത്രയും സമ്മേളന ദിവസം നഗരത്തിൽ നടക്കുന്നുണ്ട്.

'തിരുവസന്തം 1500' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി സംസ്ഥാനത്തെ വിവിധ മഹല്ലുകളിലെ മീലാദ് പരിപാടികളിൽ വിളംബര സംഗമങ്ങൾ കഴിഞ്ഞ ദിവസം നടന്നു. നഗരങ്ങളും കവലകളും സ്ഥാപനങ്ങളും കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് യൂണിറ്റുകളും മുഖേനയുമാണ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നത്. യൂണിറ്റുകളിൽ വിളംബര റാലിയും സന്ദേശ പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്രചാരണവും മികച്ച രൂപത്തിൽ മുന്നേറുന്നു.

മർകസ് ഗ്ലോബൽ കൗൺസിലിന്റെ സൗദി അറേബ്യ, ഖത്വർ, കുവൈത്ത്, യു.എ.ഇ, മലേഷ്യ, ബഹ്‌റൈൻ ചാപ്ടറുകളുടെ ആഭിമുഖ്യത്തിലും വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളും ഓഫീസുകളും കേന്ദ്രീകരിച്ചും പ്രീ കോൺഫറൻസുകൾ,സ്‌നേഹ സംഗമങ്ങൾ സംഘടിപ്പിച്ചു വരുന്നു. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്മേളനത്തെ വരവേറ്റ് പ്രചാരണ കമാനങ്ങൾ ഉയർന്നുകഴിഞ്ഞു. നഗരത്തിലെ പ്രാസ്ഥാനിക ചലനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന മഹത്തുക്കളെയും വ്യക്തികളെയും അനുസ്മരിച്ചാണ് കമാനങ്ങൾ സ്ഥാപിച്ചത്. വിവിധ മർകസ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ കവലകൾ കേന്ദ്രീകരിച്ച് ഫ്‌ളാഷ് മോബുകളും നടക്കുന്നുണ്ട്. സമ്മേളനത്തിന്റെ പ്രചാരണങ്ങൾ ഊർജിതപ്പെടുത്തുന്നതിനും അവലോകനം ചെയ്യുന്നതിനും നാളെ വളണ്ടിയർ മീറ്റും പ്രാസ്ഥാനിക സംഗമവും നടക്കും. തിരുപ്പിറവിയുടെ 1500 -ാമത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ മീലാദ് സമ്മേളനം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് മർകസും പ്രസ്ഥാനവും പ്രവർത്തകരും സ്‌നേഹജനങ്ങളും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam