ഗുവാഹാട്ടി: അസമില്‍ 10 മണിക്കൂറിനുള്ളില്‍ ഡോക്ടര്‍ നടത്തിയത് 21 സിസേറിയനുകള്‍. അണുനശീകരണ, രോഗി-സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പ്, ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അസമിലെ മൊറിഗാവ് ജില്ലയിലെ ഒരു സിവില്‍ ആശുപത്രിയിലെ മുതിര്‍ന്ന ഗൈനക്കോളജിസ്റ്റാണ് 10 മണിക്കൂറിനുള്ളില്‍ 21 സിസേറിയന്‍ പ്രസവങ്ങള്‍ നടത്തിയത്.
മൊറിഗാവിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കമ്മീഷണര്‍ (ആരോഗ്യം) ആണ്, ആശുപത്രിയിലെ മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസറായ ഡോ. കാന്തേശ്വര്‍ ബോര്‍ദൊലോയിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സെപ്റ്റംബര്‍ അഞ്ചിന് ആശുപത്രിയിലെ പ്രധാന ഓപ്പറേഷന്‍ തിയേറ്ററില്‍ നടത്തിയ ലോവര്‍ സെഗ്മെന്റ് സിസേറിയന്‍ സെക്ഷന്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി.
'സെപ്റ്റംബര്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് 3:40-നും സെപ്റ്റംബര്‍ ആറിന് പുലര്‍ച്ചെ 1:50-നും ഇടയില്‍ മൊറിഗാവിലെ എസ്ടിഎച്ച്ജി സിവില്‍ ആശുപത്രിയിലെ പ്രധാന ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച് ഡോ. ബോര്‍ദൊലോയി 21 അടിയന്തര എല്‍എസ്സിഎസ് ശസ്ത്രക്രിയകള്‍ നടത്തി. ഇത് ചില ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു, അതിനാല്‍ ഇക്കാര്യത്തില്‍, മുകളില്‍ പറഞ്ഞ ഓരോ കേസുകളെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇതിനാല്‍ നിര്‍ദ്ദേശിക്കുന്നു.' എന്നാണ് മൊറിഗാവ് ജില്ലാ ഭരണകൂടത്തിന്റെ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഡോക്ടര്‍ നടത്തിയ ഓരോ സിസേറിയന്‍ പ്രസവത്തെക്കുറിച്ചും, കേസ് തയ്യാറാക്കല്‍, അണുവിമുക്തമാക്കല്‍ പ്രോട്ടോക്കോളുകള്‍ പാലിച്ചത് എന്നിവ ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കാനാണ് കത്തില്‍ ഡോക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്. ശസ്ത്രക്രിയയ്ക്കിടെ, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിന് പാലിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ വ്യക്തമാക്കാനും ഭരണകൂടം അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, തന്റെ നടപടിയെ ന്യായീകരിച്ച ഡോ. ബോര്‍ദൊലോയി, കുറഞ്ഞ സമയത്തിനുള്ളില്‍ ഒന്നിലധികം ശസ്ത്രക്രിയകള്‍ നടത്താന്‍ തനിക്ക് കഴിവുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്