അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ റീജിയന്റെ പ്രഥമ പ്രതിനിധി സമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ മാത്യു മൂലക്കാട്ട് പിതാവ് ഉദ്ഘാടനം ചെയിതു. 'ക്‌നാനായ പൈതൃകത്തിൽ വേരൂന്നിയ അജപാലന നവീകരണം' എന്നതാണ് സമ്മേളനത്തിന്റെ ആപ്തവാക്യം. ജൂൺ 2, 3, 4 എന്നീ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പ്രതിനിധി സമ്മേളനം അമേരിക്കയിൽ ആദ്യമായി സന്ദർശനത്തിന് എത്തിയ കോട്ടയം അതിരൂപതയിലെ മലങ്കര സഹായ മെത്രാൻ അഭിവന്ദ്യ കുരിശുമൂട്ടിൽ മാർ ഗീവർഗീസ് അപ്രേം പിതാവിന്റെ സാന്നിധ്യം കൊണ്ട് വളരെ ശ്രദ്ധേയമായി.
അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ടവിശുദ്ധ ബലിയിൽ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം പിതാവും ക്‌നാനായ റീജിയൻ ഡയറക്ടറും ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ വികാരി ജനറലുമായ മോൺ. തോമസ് മുളവനാൽ അച്ഛനും റീജിയണിലെ മാറ്റ് മുഴുവൻ വൈദികരും സഹകാർമ്മീകർ ആയിരുന്നു.
അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ തിരുസഭ പെന്തക്കുസ്താ തിരുന്നാളിന് തയ്യാറെടുക്കുന്ന ഈ പവിത്രമായ അവസാന നാളുകളിൽ പരിശുദ്ധ അമ്മയോടൊപ്പം ക്രിസ്തുശിക്ഷ്യന്മാർ എങ്ങനെ പ്രാർത്ഥനാനിരതരായി ഒരുമയോടും സ്‌നേഹത്തോടും ക്രിസ്തു ചൈതന്യത്തിൽ പരിശുദ്ധാത്മനിവേശിതമായി പ്രേഷിത വേലയ്ക്കായി ഇറങ്ങിയോ അതുപോലെ ഈ മൂന്ന് ദിവസം പ്രയോജനകരവും ഫലപ്രദവുമായിരിക്കട്ടെ എന്ന് ആശംസിച്ചു.
ആരേയും ഒഴിവാക്കാതെ എല്ലാവരെയും ശ്രവിച്ചും കൂട്ടായ ചർച്ചകളിലൂടെയും സഭയിൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി സിനഡാലിറ്റിയിലൂടെ നടക്കുന്ന തുറവിയുടെ ചൈതന്യം എല്ലാ ചർച്ചകളിലും തീരുമാനങ്ങളിലും ഉണ്ടാകട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതിദ്രുതഗതിയിൽ നടക്കുന്ന ക്‌നാനായ കുടിയേറ്റത്തിന്റെ വെളിച്ചത്തിൽ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപ്പാപ്പയോടൊപ്പം നിർമ്മിത ബുദ്ധിയും നവമാധ്യമങ്ങളും ഉൾക്കൊള്ളുന്ന ഈ അത്യാധുനിക കാലഘട്ടത്തിൽ ക്‌നാനായ പാരമ്പര്യത്തിൽ ശക്തമായ ഊന്നൽ കൊടുത്തുകൊണ്ട് പൂർവീകർ പകർന്നു നൽകിയ വിശ്വാസജ്വാല തലമുറകളിലേക്ക് പകർന്ന് നൽകാനുള്ള പക്വമായ തീരുമാനങ്ങളും ആശയങ്ങളും ഈ സമ്മേളനത്തിൽ ഉണ്ടാകട്ടെയെന്ന് അഭിവന്ദ്യ പിതാവ് ആശംസിച്ചു.
സീറോ മലബാർ സഭയുടെ പ്രോപ്പർ ടെറിട്ടറിക്ക് വെളിയിൽ ആദ്യമായി സ്ഥാപിതമായ ഷിക്കാഗോ രൂപതയിലെ ക്‌നാനായ റീജിയന്റെ പ്രഥമ സമ്മേളനത്തിലേക്ക് റീജിയൻ ഡയറക്ടർ ബഹുമാനപ്പെട്ട മോൺ. തോമസ് മുളവനാലച്ചൻ പിതാക്കന്മാരെയും വൈദികരെയും സിസ്റ്റേഴ്‌സിനെയും അൽമായ പ്രതിനിധികളെയും സ്വാഗതം ചെയ്തു.
അമേരിക്കയുടെ വിവിധഭാഗങ്ങളിൽ ഉള്ള പതിനഞ്ചിടവകകളിലും ഏഴു മിഷനുകളിൽ നിന്നുമായി എഴുപത് പ്രതിനിധികളാണ് ക്‌നാനായ റീജിയൻ കോൺഫ്രൻസിൽ പങ്കെടുക്കുന്നത്. ജൂൺ നാല് ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അഭി. മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിക്കുമ്പോൾ ഷിക്കാഗോ സെ. തോമസ് സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ. ജോയി ആലപ്പാട്ട് പിതാവ് അധ്യക്ഷത വഹിക്കും.
സമാപന സമ്മേളനത്തിൽ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം പിതാവും കാനഡ മിസിസാഗ സീറോ മലബാർ രൂപതാ വികാരി ജനറൽ മോൺ. പത്രോസ് ചമ്പക്കര അച്ചനും അനുഗ്രഹപ്രഭാഷണങ്ങൾ നടത്തും. ഡാളസ് ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവകയാണ് പ്രതിനിധി സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ഇടവക വികാരി എബ്രഹാം കളരിക്കൽ, തിയോഫിൻ ചാമക്കാല, മറ്റ് കൈക്കാരന്മാർ എന്നിവരാണ് പ്രതിനിധി സമ്മേളനത്തിന് വേണ്ട ഒരുക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്