ബംഗാളിലെ വോട്ടിൽ കുഴങ്ങി കേരളം ; 'സേട്ടൻ'മാരോട് 'സോറി'

APRIL 22, 2026, 11:02 AM

ഇറാനിലെ സംഘർഷം മൂലം വന്നുപെട്ട ഇന്ധന ക്ഷാമത്തിൽ നിന്നു കരകയറാനാകാതെ വിഷമിക്കുന്നു കേരളത്തിലെ ഹോട്ടൽ ബിസിനസ്് മേഖല. ഇതോടൊപ്പം ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങിയതിന്റെ താൽക്കാലിക ആഘാതവും കേരളം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു.അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിപക്ഷം വരുന്ന ബംഗാളികൾ വോട്ട് ചെയ്യാൻ കൂട്ടത്തോടെ പോയതോടെ മിക്ക മേഖലകളും ഏറെക്കുറെ നിശ്ചലമായിരിക്കുന്നു. 

ഈ മാസം 23, 29 തീയതികളിലാണ് പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മെയ് നാലിനും. മെയ് അവസാനമാണ് ബക്രീദ്. മിക്കവാറും അതു കഴിഞ്ഞായിരിക്കും ഭൂരിപക്ഷം പേരുടെയും മടക്കം. അതുവരെ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് കേരളത്തിലെ നിർമ്മാണ  ഹോട്ടൽ മേഖലകൾ. ദേശീയപാതയുടെയും പാലങ്ങളുടെയും പണികൾ ഇവരുടെ കുറവു മൂലം മന്ദഗതിയിലായി.തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കൽ പണിയുടെ വരെ താളം തെറ്റി. ടൂറിസം മേഖലയും കുഴപ്പത്തിലായിരിക്കുന്നു. സംസ്ഥാനത്ത് ഈ മേഖലയിൽ ജോലിചെയ്യുന്നവരിൽ തൊണ്ണൂറ് ശതമാനവും അസം, ബംഗാൾ സ്വദേശികളാണ്. 

നാട്ടിൽ പോയാൽ ബംഗാളികൾ രണ്ടും മൂന്നും മാസം കഴിഞ്ഞാണ് പലപ്പോഴും തിരിച്ചുവരിക. അതിനാൽ തൊഴിലുടമകൾ ഇവരെ കൂട്ടത്തോടെ നാട്ടിലേക്കു വിടാറില്ല. ഇത്തവണ എസ്.ഐ.ആറിന്റെ പശ്ചാത്തലത്തിൽ ഇവരുടെ നിർബന്ധത്തിനു വഴങ്ങി കൂട്ടത്തോടെ അവധി നൽകുകയായിരുന്നു.കോവിഡ് കാലത്താണ് ഇത്രയധികം അന്യസംസ്ഥാന തൊഴിലാളികൾ ഇതിനു മുമ്പ് തിരിച്ചുപോയിട്ടുള്ളത്. അന്ന് എല്ലാ മേഖലകളും നിയമപരമായിത്തന്നെ അടഞ്ഞുകിടന്നതിനാൽ അത് കേരളത്തെ ഇത്രയധികം ബാധിച്ചിരുന്നില്ല. 'സേട്ടൻ'മാരോടു 'സോറി' പറഞ്ഞ് അവരിപ്പോൾ ലീവെടുത്തു പോയി.അതോടെ പൂർണമായും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ ആശ്രയിച്ചാണ് കേരളം കഴിയുന്നത് എന്ന വസ്തുത പ്രകടമായി തിരിച്ചറിയപ്പെടുന്നു.

vachakam
vachakam
vachakam

കേരളത്തിൽ കുറേക്കാലമായി വിതയ്ക്കുന്നതും കൊയ്യുന്നതും റബർ വെട്ടുന്നതും ചായ അടിക്കുന്നതുമൊക്കെ ബംഗാളികളുടെ കുത്തകയാണ്. അവരുടെ താത്കാലിക അഭാവം നിർമ്മാണ, ഹോട്ടൽ മേഖലയെ താളം തെറ്റിച്ചിരിക്കുന്നതിൽ അതിശയിക്കേണ്ടതില്ല.നാൽപ്പതു ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ എല്ലാക്കാലവും ഇവിടെ ഇതുപോലെ ഉണ്ടാകണമെന്നില്ല. നാളെ അവരുടെ എണ്ണം കുറയുമ്പോൾ പകരം എന്താവണം സംവിധാനമെന്ന് ഇപ്പോഴേ ആലോചിച്ചു തുടങ്ങണമെന്ന് ഓർമ്മിപ്പിക്കുന്ന സംഭവ വികാസമാണിപ്പോഴത്തേതെന്ന് സാമൂഹിക നിരീക്ഷകർ പറയുന്നു. ലഭ്യമായ കണക്കു പ്രകാരം കേരളത്തിലുള്ള 13 പേരിൽ ഒരാൾ ഇതര സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളിയാണ്.

രണ്ടുവർഷം മുമ്പ് സംസ്ഥാനത്തെ അന്യ സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന മലയാളം മിഷന്റെ 'അനന്യ മലയാളം അതിഥി മലയാളം' പദ്ധതി ഉദ്ഘാടനം ചെയ്യവേ, അന്യ സംസ്ഥാന തൊഴിലാളികൾ കേരള ജനതയുടെ ഭാഗമായി മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മുമ്പൊക്കെ തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളാണ് കേരളത്തിൽ കൂടുതലായി കൂലിവേലയ്ക്കും മറ്റും വന്നിരുന്നത്. ഇന്നവരെ കാണാനില്ല. പകരം ചായയും വടയും മറ്റും വിൽക്കുന്ന ചെറുകിട സംരംഭങ്ങളിൽ തൊണ്ണൂറ് ശതമാനവും തമിഴ്‌നാട്ടുകാരാണ്. താഴെത്തട്ടിൽ ജോലിക്കാർ ബംഗാളികളും മുതലാളിമാർ തമിഴരും എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. 

ആലപ്പുഴ ജില്ലയിൽ അരൂർ പാലത്തിന്റെ ഉൾപ്പെടെ നിർമ്മാണം നടക്കുകയാണ്. കുമ്പളം  തുറവൂർ ഭാഗത്തും പാലങ്ങളുടെയും യാർഡുകളുടെയും പണി നടക്കുന്നു. ആവശ്യത്തിന് ജോലിക്കാർ ഇല്ലാത്തതിനാൽ വെൽഡിംഗ്, കട്ടിംഗ് പണികൾ ഏതാണ്ട് നിലച്ച മട്ടാണ്. പാചകവാതക വിതരണത്തിലെ തടസം കാരണം കേരളത്തിലെ പകുതിയിലധികം ചെറുകിട റസ്റ്റോറന്റുകളും ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. തുറന്നു പ്രവർത്തിക്കുന്നവയിൽത്തന്നെ വിഭവങ്ങൾ കുറവും. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിതരണം കുറച്ചിട്ട് ഒരു മാസം പൂർത്തിയാവുന്നു. ഇപ്പോഴും ആവശ്യത്തിന്റെ അമ്പതു ശതമാനം പോലും ലഭിക്കുന്നില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.

vachakam
vachakam
vachakam

പ്രവാസി മലയാളികളെ കുറിച്ച് അഭിമാനിക്കുന്നത് പോലെ തന്നെ ഇവിടെ വന്ന് ജോലി ചെയ്യുന്ന ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളും കേരളത്തിലെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിലും മറ്റെല്ലാ നിലകളിലുമുള്ള പുരോഗതിക്കും നിർണ്ണായക സ്വാധീനം ചെലുത്തുന്നു.നിലവിൽ 40 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. കേരളത്തിലെ ദൈനംദിന ജീവിതത്തിലെ സാമ്പത്തികവും തൊഴിൽപരവുമായ സജീവത നിലനിർത്തുന്നതിൽ കേരളത്തിലേക്കുള്ള തൊഴിലാളി കുടിയേറ്റം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി വലിയ പങ്ക് വഹിക്കുന്നു.സംസ്ഥാനത്തെ ഇന്നത്തെ നിലയിൽ നിലനിർത്തുന്നതിൽ കേരളത്തിൽ നിന്നുള്ള കുടിയേറ്റവും കേരളത്തിലേക്കുള്ള കുടിയേറ്റവും ഒരു പോലെ പങ്ക് വഹിക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

നിർമ്മാണം, ഉൽപ്പാദനം, കൃഷി, സമുദ്ര മത്സ്യബന്ധനം തുടങ്ങിയ അസംഘടിത അനൗപചാരിക മേഖലകളിലാണ് അവരിൽ ഭൂരിഭാഗവും ജോലി ചെയ്യുന്നത്. 2021 ലെ കണക്കനുസരിച്ച് ദീർഘകാല, ഹ്രസ്വകാല കുടിയേറ്റക്കാർ ഉൾപ്പെടെ ഏകദേശം 31.5 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. പഞ്ചാബ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ കെ.ആർ. ജജതി കേശാരി പരിദയും സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ. കെ രവിരാമനും ചേർന്ന് കേരള ആസൂത്രണ ബോർഡിന് വേണ്ടി 2021 ൽ നടത്തിയ പഠനത്തിലാണ് ഈ കണക്കുകൾ പറയുന്നത്. അക്കാലത്തെ വിവരം അനുസരിച്ച്, അവർ പ്രാദേശിക വിപണിയിൽ ജീവിതച്ചെലവിനായി പ്രതിവർഷം 10000 കോടി രൂപ ചെലവഴിക്കുകയും വർഷംതോറും 750 കോടി രൂപ അവരുടെ നാടുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.

മരണം രേഖയിലില്ല

vachakam
vachakam
vachakam

നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ മരണമടയുന്നുണ്ടെങ്കിലും സർക്കാരിലോ തൊഴിലാളി യൂണിയനുകളുേെയാ എൻ ജി ഒകളുേെയാ കൈവശം ഇതിന്റെ കണക്കില്ല. പല മരണങ്ങളും സംബന്ധിച്ച് വ്യക്തമായ രേഖപ്പെടുത്തലും നടക്കാറില്ല. ആശുപത്രിയിൽ വച്ച് മരണമടഞ്ഞാൽ അത് അധികൃതമാകും. അപകമോ കൊലപാതകമോ ആത്മഹത്യയോ ആയാൽ പൊലീസ് റിപ്പോർട്ടും. വാർത്തകളും മറ്റും അടിസ്ഥാനമാക്കി പരിശോധിക്കുമ്പോൾ ഏകദേശം രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിദിനം കേരളത്തിൽ മരിക്കുന്നു.പക്ഷേ, ഇത് കൃത്യ കണക്കല്ല.

ഇവിടെ തൊഴിലാളികളായി എത്തുന്നവരൊക്കെ തന്നെ അവരുടെ സംസ്ഥാനങ്ങളിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ പലരുടെയും മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തുന്നില്ല.ബന്ധുക്കൾക്ക് ഇവിടെ വന്ന് സർട്ടിഫിക്കറ്റ് വാങ്ങാനുള്ള ഭാഷാപരമായും സാമ്പത്തികമായും സാമൂഹികമായുമുള്ള പരിമിതികളാണ് ഇതിന് പ്രധാന കാരണം.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അസംഘടിത മേഖലയിലെ ജോലികൾക്കായി കുടിയേറ്റ തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന വേതനം നൽകുന്നത് കേരളമാണെന്ന് ഒരു പഠനത്തിൽ വ്യക്തമായിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക്, 1980കളോടെ മന്ദഗതിയിലായിട്ടും, മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യത്തിൽ ഗണ്യമായ കുറവ് കേരളം കൈവരിച്ചു. കേരള മോഡൽ വികസന തന്ത്രം, തൊഴിൽ വിപണിയെ സ്വാധീനിച്ചു.നിലവിൽ കേരളത്തിൽ നിന്നുള്ള തൊഴിൽ കുടിയേറ്റത്തേക്കാൾ കൂടിയ നിരക്കിലാണ് കേരളത്തിലേക്കുള്ള തൊഴിൽ കുടിയേറ്റം.

കേരള രൂപീകരണം (1956) മുതൽ തന്നെ അയൽ സംസ്ഥാനങ്ങളായ തമിഴ് നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്കുള്ള തൊഴിലാളികളുടെ വരവ് ഉണ്ടായിരുന്നു. 1961 മുതൽ 1991 വരെയുള്ള കാലഘട്ടത്തിൽ കായികാധ്വാനം വേണ്ടുന്ന ബ്ലൂകോളർ ജോലികളിൽ ഈ രണ്ട് സംസ്ഥാനങ്ങളിലെയും തൊഴിലാളികളുടെ സജീവ സാന്നിദ്ധ്യം കേരളത്തിലെ തൊഴിലാളികൾക്കൊപ്പമായിരുന്നു. തൊഴിൽ തേടി കേരളത്തിലെത്തുന്നവർ പ്രധാനമായും ജോലി ചെയ്തിരുന്ന മേഖലകൾ തോട്ടങ്ങളും ഇഷ്ടിക ചൂളകളുമാണ്.

കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ വരുന്ന രീതിയിൽ മാറ്റം സംഭവിക്കുന്നത് 2011ഓടെയാണ്. 1956 മുതൽ 2011 വരെ അയൽ സംസ്ഥാനങ്ങളിൽ നിന്നുമായിരുന്നു തൊഴിൽ തേടിയെത്തുന്നവരിൽ കൂടുതലുമെങ്കിലും 2011 മുതൽ ഇതിന് മാറ്റം വന്നു. ബംഗാൾ, അസം, ഒഡീഷ, ബീഹാർ എന്നിവ അതിഥി തൊഴിലാളികളെ സംഭാവന ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങളായി. തൊണ്ണൂറുകൾ മുതൽ, ഈ കുടിയേറ്റത്തിൽ കുതിച്ചുചാട്ടമുണ്ടായി.കേരളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഭൂട്ടാനിൽ നിന്നും നേപ്പാളിൽ നിന്നുമുള്ളവരുമുണ്ട്.

നിലവിൽ കേരളത്തിലുള്ള അതിഥി തൊഴിലാളികളിൽ കൂടുതലും ബംഗാളിൽ നിന്നുള്ളവരാണ്, 47 ശതമാനം. തൊട്ടുപിന്നിൽ ഒറീസ (15%), അസം (12%). എറണാകുളത്താണ് (17 % ) ഏറ്റവും കൂടുതൽ പേർ തൊഴിൽ തേടിയെത്തുന്നതെന്നതാണ് ജില്ല തിരിച്ചുള്ള കണക്ക്്. വയനാട് (13%), കണ്ണൂർ (11%) എന്നിങ്ങനെയുമാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം.ഇവരിൽ ഭൂരിപക്ഷം പേരും പരിമിതമായ വെളിച്ചവും വായുസഞ്ചാരവുമുള്ള മുറികളിൽ തിങ്ങിപ്പാർക്കുകയാണ്. ഇത്തരം മുറികളിൽ സാധാരണയായി പ്രത്യേക അടുക്കളകളില്ല. ജോലിസ്ഥലത്തും താമസസ്ഥലത്തും ഉള്ള സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം കുടിയേറ്റ തൊഴിലാളികളെ അപകടങ്ങൾ, പരിക്കുകൾ, രോഗങ്ങൾ, മരണം എന്നിവയിലേക്ക് എളുപ്പം നയിക്കുന്നു. ഹെൽമെറ്റുകൾ, കയ്യുറകൾ, മാസ്‌കുകൾ, ചെസ്റ്റ് ഗാർഡുകൾ തുടങ്ങിയ സംരക്ഷണ ഉപകരണങ്ങൾ പലയിടത്തും ഇതരസംസ്ഥാന തൊഴിലാളികൾക്ക് നൽകാറില്ല. അത്തരം സംരക്ഷണ കവചങ്ങൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധവും ഈ തൊഴിലാളികൾക്കിടയിൽ കുറവാണ്.

തൊഴിലുടമകളുടെയും കരാറുകാരുടെയും ചൂഷണവും വ്യാപകമായി നടക്കുന്നുണ്ട്. കുറഞ്ഞ വേതനം നൽകുന്നതും ഭാഗികമായി മാത്രം വേതനം നൽകുന്നതും വേതനം നൽകാതിരിക്കുന്നതും സംഭവിക്കുന്നു. തൊഴിൽ സംബന്ധിച്ചോ വേതനം സംബന്ധിച്ചോ ഉള്ള കരാറുകളോ മറ്റ് രേഖകളോ ഇല്ലാത്തത് മൂലം, ശമ്പളം നിഷേധിക്കപ്പെടുമ്പോൾ തൊഴിലാളികൾക്ക് അവരുടെ കുടിശ്ശിക അവകാശപ്പെടാൻ വളരെ ബുദ്ധിമുട്ടാണ്. പൊതുവിൽ ഈ തൊഴിലാളികൾ തൊഴിലാളി സംഘടനയുടെ ഭാഗമല്ലാത്തതിനാൽ, കൂട്ടായ വിലപേശൽ ശക്തി പ്രയോജനപ്പെടുത്താൻ അവർക്ക് കഴിയുന്നില്ല. ഭാഷാപരമായ തടസ്സവും നിയമസഹായം ലഭ്യമാക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു.

ബാബു കദളിക്കാട്


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam