കാന്‍പൂര്‍: കുടുംബാംഗങ്ങളായ സ്ത്രീകളുടെ ശുചിമുറി ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി അപ്ലോഡ് ചെയ്യുകയും എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ഇരുപത്തഞ്ചുകാരന് ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ അറസ്റ്റിലായി. പ്രതി സ്വന്തം ഗൂഗിള്‍ ഡ്രൈവ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അശ്ലീല സാമഗ്രികള്‍ സൂക്ഷിച്ചതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ചാമന്ഗഞ്ച് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്ന ഗൂഗിള്‍, വിവരങ്ങള്‍ ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിനെ അറിയിക്കുകയായിരുന്നു. ഗൂഗിള്‍ കൈമാറിയ ജിമെയില്‍ വിവരങ്ങള്‍, ഐ.എം.ഇ.ഐ നമ്പര്‍, ഐ.പി വിലാസം എന്നിവ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ദിവസങ്ങളോളം നിരീക്ഷണത്തില്‍ വച്ച ശേഷമാണ് പൊലീസെത്തി ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
കുടുംബത്തിലെ സ്ത്രീകള്‍ ശുചിമുറിയില്‍ കയറുമ്പോള്‍ രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്തി ഡ്രൈവിലേക്ക് അപ്ലോഡ് ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ഫോണ്‍ വിശദമായി പരിശോധിച്ചപ്പോഴാണ് എട്ടുവയസ്സുകാരിക്ക് നേരെയുണ്ടായ പീഡനവിവരവും പുറത്തുവന്നത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റിട്ടുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് നിലവില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കുന്ന സ്വകാര്യ വിവരങ്ങള്‍ കമ്പനി പരിശോധിക്കുന്നുണ്ടോ എന്ന ആശങ്ക ചിലരില്‍ ഉയരുന്നുണ്ടെങ്കിലും, കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ എ.ഐ സാങ്കേതികവിദ്യ വഴി ഗൂഗിള്‍ കര്‍ശന നിരീക്ഷണം നടത്താറുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
