ഫൊക്കാന സമഗ്രസംഭാവന പുരസ്‌കാരം ഡോ. എ.കെ.ബി. പിള്ളയ്ക്കും, ജോർജ് മണ്ണീക്കരോട്ടിനും

AUGUST 2, 2026, 12:46 AM

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാന, 2024-2026 കാലയളവിലെ സമഗ്രസംഭാവന പുരസ്‌കാരം പ്രശസ്ത പണ്ഡിതനും സാഹിത്യകാരനും മാനവവികാസ ശാസ്ത്രജ്ഞനുമായ ഡോ. എ.കെ. ബാലകൃഷ്ണപിള്ള (എ.കെ.ബി)യ്ക്കും, അമേരിക്കൻ മലയാള സാഹിത്യത്തിന്റെ ചരിത്രകാരനും ശ്രദ്ധേയനായ സാഹിത്യകാരനുമായ ജോർജ് മണ്ണീക്കരോട്ടിന് (മരണാനന്തരം) സമ്മാനിക്കുന്നതായി പ്രഖ്യാപിച്ചു.

അമേരിക്കൻ മലയാള സമൂഹത്തിനും മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഇവർ നൽകിയ ദീർഘകാലവും വിലമതിക്കാനാവാത്തതുമായ സംഭാവനകളെ മാനിച്ചാണ് ഈ ബഹുമതി.

1960ൽ ഈസ്റ്റ് കരോലിന സർവകലാശാലയിൽ അധ്യാപകനായാണ് ഡോ. എ.കെ.ബി. പിള്ള അമേരിക്കയിലെത്തിയത്. പിന്നീട് അക്കാദമിക ലോകത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അദ്ദേഹം കൊളംബിയ സർവകലാശാലയിലെ ആന്ത്രോപോളജിക്കൽ സൊസൈറ്റിയുടെ വിശിഷ്ടാംഗമായി സേവനമനുഷ്ഠിച്ചു. ഫൊക്കാനയുടെ രൂപീകരണകാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിലും വളർച്ചയിലും മാർഗദർശകനായും ഉപദേഷ്ടാവായും സജീവ സാന്നിധ്യമായിരുന്നു.

vachakam
vachakam
vachakam

ഗവേഷണാധിഷ്ഠിതമായ അഞ്ഞൂറിലധികം ലേഖനങ്ങൾ, നോവലുകൾ, ചെറുകഥകൾ, സഞ്ചാരസാഹിത്യകൃതികൾ എന്നിവയ്ക്ക് പുറമെ Transcendental Self, Shakespeare's King Lear: A Study of Human Order ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ് അദ്ദേഹം. കുട്ടനാട്ടിലെ മങ്കൊമ്പിൽ ജനിച്ച ഡോ. എ.കെ.ബി. പിള്ള, സൈക്കോതെറാപ്പിസ്റ്റായ ഭാര്യ ഡോണാ പിള്ളയോടൊപ്പം ന്യൂയോർക്കിലെ റിവർഡെയിലിൽ വിശ്രമജീവിതം നയിച്ചുവരുന്നു.

2026 ജൂൺ 26ന് അന്തരിച്ച ജോർജ് മണ്ണീക്കരോട്ട് അമേരിക്കൻ മലയാള സാഹിത്യരംഗത്തെ അനശ്വര സാന്നിധ്യമായിരുന്നു. അമേരിക്കയിലെ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയും ചരിത്രവും രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ഗവേഷണഗ്രന്ഥമായ 'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം' പ്രവാസി മലയാള സാഹിത്യത്തിലെ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റായും വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതാവായും പ്രവർത്തിച്ച മണ്ണീക്കരോട്ട് നോവൽ, ചെറുകഥ, ലേഖനം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി പത്തോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യസ്‌നേഹിയും സംഘടനാപ്രവർത്തകനുമായ അദ്ദേഹം ഫൊക്കാനയുടെ വിവിധ ചുമതലകൾ വഹിക്കുകയും സംഘടനയുടെ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുകയും ചെയ്തിരുന്നു. കൊല്ലം ജില്ലയിലെ പട്ടാഴിയിൽ ജനിച്ച അദ്ദേഹം ന്യൂയോർക്കിലെ മോണ്ടിസെല്ലോയിൽ അമേരിക്കൻ ജീവിതം ആരംഭിച്ച് പിന്നീട് ടെക്‌സാസ് സംസ്ഥാനത്തെ ഹ്യൂസ്റ്റണിൽ സ്ഥിരതാമസമാക്കി.

vachakam
vachakam
vachakam

വടക്കേ അമേരിക്കയിലെ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകിയ ഈ രണ്ട് മഹത് വ്യക്തിത്വങ്ങളെ ആദരിക്കുന്നതിലൂടെ പ്രവാസി മലയാള സാഹിത്യത്തിന്റെയും സാംസ്‌കാരിക പാരമ്പര്യത്തിന്റെയും മഹത്വം ഫൊക്കാന വീണ്ടും ഉയർത്തിക്കാട്ടുകയാണെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. 2026 ഓഗസ്റ്റിൽ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ നടക്കുന്ന ഫൊക്കാന അന്തർദേശീയ കൺവൻഷനിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ, സാഹിത്യസമ്മേളന ചെയർമാൻ കോരസൺ വർഗീസ്, സാഹിത്യസമ്മേളന കമ്മിറ്റി അംഗങ്ങളായ കെ.കെ. ജോൺസൺ, സന്തോഷ് പാലാ എന്നിവർ സംയുക്തമായാണ് സമഗ്രസംഭാവന പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

പ്രവാസി മലയാള സാഹിത്യത്തിനും സാംസ്‌കാരിക രംഗത്തിനും മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഈ രണ്ട് വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിൽ ഫൊക്കാനയ്ക്ക് അഭിമാനമുണ്ടെന്നും, അവരുടെ സംഭാവനകൾ വരുംതലമുറകൾക്ക് പ്രചോദനമായിരിക്കുമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

vachakam
vachakam
vachakam

കോരസൺ വർഗീസ്, സാഹിത്യസമ്മേളന ചെയർമാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam