ഷിക്കാഗോ: ഫോമയുടെ ഇന്നലെകളെ ഓർത്തെടുക്കാനും ഇന്നത്തെ പ്രവർത്തനങ്ങളെ വിലയിരുത്താനും നാളെയിലേക്കുള്ള പുതിയ ആശയങ്ങൾ പങ്കുവയ്ക്കാനും വേദിയൊരുക്കി ''ഫോമാ സൗഹൃദ സംഗമം 2026'' ഒക്ടോബർ 16ന് വൈകിട്ട് 5 മണിക്ക് ഷിക്കാഗോയിലെ സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും. ഫോമാ മുൻ പ്രസിഡന്റുമാരും എക്‌സിക്യൂട്ടീവ് അംഗങ്ങളും നേതാക്കളും ഒരേ വേദിയിൽ സംഗമിക്കുന്നു. സൗഹൃദത്തിനൊപ്പം ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും തുറന്ന സംവാദം നടക്കും.
ഫോമാ നേതാക്കളും ഡെലിഗേറ്റുകളും പ്രവർത്തകരും സുഹൃത്തുക്കളും ഒരുമിക്കുന്ന സംഗമം കേവലം ഒരു ഔപചാരിക പരിപാടിയാകാതെ, പഴയ സൗഹൃദങ്ങൾ പുതുക്കാനും പുതിയ ബന്ധങ്ങൾ വളർത്താനും പരസ്പരം ആശയങ്ങൾ പങ്കുവയ്ക്കാനുമുള്ള ഹൃദ്യമായ മീറ്റ് ആന്റ് ഗ്രീറ്റ് വേദിയായിരിക്കും.
സംഗമത്തിന്റെ പ്രധാന ഭാഗമായി ''ഫോമയുടെ ഇന്നലെ, ഇന്ന്, നാളെ'' എന്ന ആശയത്തെ മുൻനിർത്തിയുള്ള നേതൃസംവാദവും നടക്കും. ഫോമയുടെ രൂപീകരണം മുതൽ സംഘടന പിന്നിട്ട വഴികൾ, വിവിധ കാലഘട്ടങ്ങളിലെ നേട്ടങ്ങളും അനുഭവങ്ങളും, നിലവിലെ പ്രവർത്തനങ്ങൾ, ഭാവിയിൽ സംഘടന കൈവരിക്കേണ്ട ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് നേതാക്കൾ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കും.
ഫോമയെ വിവിധ കാലഘട്ടങ്ങളിൽ നയിച്ച മുൻ പ്രസിഡന്റുമാരും മുൻ എക്‌സിക്യൂട്ടീവ് അംഗങ്ങളും സംഗമത്തിൽ പങ്കെടുക്കുന്നത് പരിപാടിയുടെ പ്രത്യേകതയായിരിക്കും. സംഘടനയുടെ വളർച്ചയ്ക്ക് സാക്ഷികളായ മുതിർന്ന നേതാക്കളുടെ അനുഭവങ്ങളും പുതിയ തലമുറയുടെ കാഴ്ചപ്പാടുകളും ഒരേ വേദിയിൽ സംഗമിക്കുന്നതിലൂടെ ഫോമയുടെ ഭാവിയിലേക്കുള്ള ക്രിയാത്മകമായ ആശയവിനിമയത്തിന് അവസരമൊരുങ്ങും.
ഓർമ്മകൾ പങ്കിടാം, സൗഹൃദം പുതുക്കാം, അനുഭവങ്ങൾ കൈമാറാം, നാളത്തെ ഫോമയെക്കുറിച്ച് ഒരുമിച്ച് സംസാരിക്കാം എന്ന സന്ദേശത്തോടെയാണ് സൗഹൃദ സംഗമം സംഘടിപ്പിക്കുന്നത്.
ഫോമാ നേതാക്കളെയും ഡെലിഗേറ്റുകളെയും പ്രവർത്തകരെയും സുഹൃത്തുക്കളെയും ഒക്ടോബർ 16ന് വൈകിട്ട് 5 മണിക്ക് ഷിക്കാഗോയിൽ നടക്കുന്ന ''ഫോമാ സൗഹൃദ സംഗമം 2026''ലേക്ക് സംഘടനയുടെ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേലും പരിപാടിക്ക് ചുക്കാൻ പിടിക്കുന്ന സെൻട്രൽ റീജിയൻ ആർ.വി.പി ജോൺസൺ കണ്ണൂക്കാടനും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
ശ്രീകുമാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
