ചണ്ഡീഗഢ്: ചണ്ഡീഗഢിലെ സെക്ടര്‍ 42-ല്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ എത്തിയ സംഘത്തിന് നേരെ വെടിവയ്പ്പ്. വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ളാറ്റ് ഒഴിപ്പിക്കാനെത്തിയ വീട്ടുടമ രാജിന്ദര്‍ സിങ്ങിന്റെ ഭാര്യ മന്‍വീന്ദര്‍ കൗറിനുനേരെ വെടിയുതിര്‍ത്ത 67 വയസ്സുകാരനായ അഭിഭാഷകന്‍ ജെ.പി.എസ് ചഢയെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ് ഇയാള്‍ വെടിവച്ചത്. വെടിയുണ്ടയുടെ ചീളുകള്‍ മുഖത്തു തറച്ച് ഗുരുതരമായി പരിക്കേറ്റ മന്‍വീന്ദര്‍ കൗറിനെ പിജിഐഎംഇആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 36 വര്‍ഷമായി ഈ ഫ്‌ളാറ്റില്‍ താമസിച്ച് വരികയായിരുന്ന ചഢയുമായി ഫ്‌ളാറ്റുടമയ്ക്ക് ദീര്‍ഘകാലമായി നിയമതര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കത്തിനൊടുവില്‍ ഫ്‌ളാറ്റ് ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന്, ശനിയാഴ്ച നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോടതി ബെയ്ലിഫും പൊലീസും ഉടമയുടെ ഭാര്യ മന്‍വീന്ദര്‍ കൗറും സ്ഥലത്തെത്തുകയായിരുന്നു. സംഘം എത്തിയപ്പോള്‍ പൂട്ടിയിട്ട ഫ്‌ളാറ്റിന്റെ വാതില്‍ തുറക്കാന്‍ ചഢ വിസമ്മതിച്ചു. തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം പൂട്ട് പൊളിച്ച് കൈവശാവകാശം ഉടമയ്ക്ക് കൈമാറാന്‍ അനുമതിയുണ്ടായിരുന്നതിനാല്‍ പൊലീസ് പൂട്ട് പൊളിക്കാന്‍ തുടങ്ങി. ഇതില്‍ കോപിഷ്ടനായ ചഢ തോക്കുമായി ബാല്‍ക്കണിയിലെത്തി മന്‍വീന്ദറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വീണ്ടും തോക്കില്‍ വെടിയുണ്ട നിറയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഇയാളെ സാഹസികമായി കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു. അതേസമയം സംഭവത്തില്‍ പൊലീസിനും ഫ്‌ളാറ്റുടമയ്ക്കുമെതിരെ ആരോപണവുമായി ചഢയുടെ കുടുംബം രംഗത്തെത്തി. ഫ്‌ളാറ്റിന്റെ കൈവശാവകാശം ഏറ്റെടുക്കാന്‍ നിലവില്‍ കോടതി ഉത്തരവില്ലെന്നും, ഓഗസ്റ്റ് മൂന്നിന് കേസില്‍ അടുത്ത വാദം കേള്‍ക്കാനിരിക്കെ ഒരു സംഘം ആളുകള്‍ ബലമായി വീട്ടില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ചഢയുടെ മകന്‍ ആരോപിച്ചു. വാടകക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ നിലവില്‍ സ്റ്റേ ഉത്തരവുണ്ടെന്നും കുടുംബം അവകാശപ്പെട്ടു. എന്നാല്‍ നിയമപരമായ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഫ്‌ളാറ്റ് ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
