സര്‍ക്കാര്‍ മാറുന്നതോടെ കേരളത്തിലെ സര്‍വകലാശാലകളിലും ഭരണമാറ്റം വരുന്നു

MAY 10, 2026, 9:18 PM

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വന്നതേടെ സര്‍വകലാശാലകളിലും വൈകാതെ ഭരണമാറ്റം വരും. മുഖ്യഭരണസമിതിയായ സിന്‍ഡിക്കേറ്റുകളെല്ലാം നിലവില്‍ സി.പി.എം. നിയന്ത്രണത്തിലാണ്. ഇവയിലൊക്കെ സര്‍ക്കാര്‍ നാമനിര്‍ദേശത്തിലുള്ളവരുടെ അംഗബലവും നിര്‍ണായകമായതിനാല്‍ സി.പി.എമ്മിന്റെ മേല്‍ക്കൈ ഇല്ലാതാവും.

കേരള, കാലിക്കറ്റ് സര്‍വകലാശാലകളില്‍ മാത്രമേ തിരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കേറ്റുള്ളൂ. സര്‍വകലാശാലാ ചട്ടമനുസരിച്ച് സിന്‍ഡിക്കേറ്റിന് നാല് വര്‍ഷമാണ് കാലാവധി. കേരള സിന്‍ഡിക്കേറ്റിന് നാല് വര്‍ഷവും കാലിക്കറ്റില്‍ ഒന്നര വര്‍ഷവും കാലാവധിയുണ്ട്. നാമനിര്‍ദേശം ചെയ്യപ്പെട്ടവരെ സര്‍ക്കാരിന് പിന്‍വലിക്കാന്‍ അധികാരമുള്ളതിനാല്‍, അതുണ്ടാവുമെന്നതില്‍ തര്‍ക്കമില്ല. സര്‍ക്കാരിന് താത്പര്യമുള്ളവര്‍ വരുന്നതോടെ ഇവിടങ്ങളില്‍ ബലാബലം മാറും.

കേരളയിലെ 18 അംഗ സിന്‍ഡിക്കേറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ആറുമടക്കം 13 പേരുടെ ഭൂരിപക്ഷം ഇടതുപക്ഷത്തിനുണ്ട്. ഇതില്‍ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച രണ്ടു പേരുടെ കാലാവധി തദ്ദേശ തിരഞ്ഞെടുപ്പോടെ അവസാനിച്ചു. വൈസ് ചാന്‍സലറും സര്‍ക്കാര്‍ പ്രതിനിധികളായ നാല് ഉദ്യോഗസ്ഥരുണ്ട്. ബി.ജെ.പി.ക്ക് രണ്ടും യു.ഡി.എഫിന് ഒന്നുമാണ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍.

സിന്‍ഡിക്കേറ്റ് ഭരണത്തിനു നേതൃത്വംനല്‍കുന്ന ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ജി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള ആറു രാഷ്ട്രീയ നേതാക്കളെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഭരണമാറ്റത്തോടെ, ഇവരെല്ലാം പുറത്തായി സിന്‍ഡിക്കേറ്റിലെ ആധിപത്യം സി.പി.എമ്മിനു നഷ്ടമാവും.

കാലിക്കറ്റില്‍ 23 അംഗങ്ങളുള്ള സിന്‍ഡിക്കേറ്റാണ്. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ട 12 പേരില്‍ എല്‍.ഡി.എഫ്-ഏഴ്, യു.ഡി.എഫ്.-നാല്, ബി.ജെ.പി.-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സര്‍ക്കാര്‍ നാമനിര്‍ദേശത്തില്‍ വന്ന ആറു രാഷ്ട്രീയപ്രതിനിധികളും നാല് ഉദ്യോഗസ്ഥ പ്രതിനിധികളും കൂടിയായതോടെ, സി.പി.എമ്മിനായിരുന്നു ഭൂരിപക്ഷം. ആറു പേരുടെ നാമനിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിക്കും.

അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നതാണ് രീതി. എം.ജി.യിലെ 13 അംഗങ്ങളില്‍ ജോബ് മൈക്കിള്‍ (കേരള കോണ്‍ഗ്രസ്-എം.) എം.എല്‍.എ അംഗമായിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റതോടെ അദ്ദേഹം പുറത്താവും. കുസാറ്റിലെ 21 അംഗ സിന്‍ഡിക്കേറ്റില്‍ എം. വിജിന്‍ (സി.പി.എം.), സി.കെ ആശ (വൈക്കം) എന്നീ എം.എല്‍.എമാര്‍ അംഗങ്ങളാണ്. വിജിന്‍ വിജയിച്ചെങ്കിലും പ്രതിപക്ഷത്തായതിനാലും ആശ സ്ഥാനത്തില്ലാത്തതിനാലും മാറേണ്ടി വരും.

കാലടിയില്‍ 15 അംഗ സിന്‍ഡിക്കേറ്റാണ്. ഇതില്‍ സി.പി.എം. എം.എല്‍.എ. കെ. പ്രേംകുമാറും അഡ്വ. കെ.എസ്. അരുണ്‍കുമാറുമാണ് രാഷ്ട്രീയപ്രതിനിധികള്‍. ഭരണമാറ്റത്തോടെ ഇവര്‍ പുറത്താകും. സാങ്കേതിക സര്‍വകലാശാല (കെ.ടി.യു.)യിലെ ഒമ്പതംഗ സിന്‍ഡിക്കേറ്റില്‍ സി.പി.എം. എം.എല്‍.എ.മാരായിരുന്ന ഐ.ബി. സതീഷും കെ. സച്ചിന്‍ദേവും അംഗങ്ങളായിരുന്നു. ഇരുവരും തിരഞ്ഞെടുപ്പില്‍ തോറ്റതോടെ, ഇനിയുണ്ടാവില്ല. കണ്ണൂരില്‍ രണ്ട് വര്‍ഷത്തെ കാലാവധിയുണ്ടെങ്കിലും വൈകാതെ പുനസംഘടന വരുമെന്നാണ് റിപ്പോര്‍ട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam