കൊച്ചി∙ വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിൽ തീരുമാനമറിയിക്കാൻ കേന്ദ്ര സർക്കാരിന് അവസാന അവസരമെന്ന് ഹൈക്കോടതി.
ഇന്നു കേസ് പരിഗണിച്ചപ്പോൾ തീരുമാനമൊന്നും ആയിട്ടില്ലെന്നും കുറച്ചു സമയം കൂടി അനുവദിക്കണമെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്രം വീണ്ടും സമയം ചോദിച്ചതോടെയാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവർ സമയം അനുവദിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബർ 10നകം തീരുമാനം അറിയിക്കാനാണു നിർദേശം.
വായ്പ എഴുതിത്തള്ളുന്നതിൽ നിലപാട് അറിയിക്കാൻ ഈ വർഷം ജനുവരി 31നാണ് കോടതി ആദ്യമായി കേന്ദ്ര സർക്കാരിനോട് നിർദേശിക്കുന്നത്. വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്നും മൊറട്ടോറിയം പ്രഖ്യാപിക്കാം എന്നുമായിരുന്നു തുടക്കം മുതൽ കേന്ദ്ര നിലപാട്. എന്നാൽ വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കണമെന്ന് കോടതി വീണ്ടും നിർദേശിച്ചു. കേന്ദ്ര ദുരന്ത നിവാരണ അതോറിക്ക് ഇതിനുള്ള അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ അതോറിറ്റിക്ക് അധികാരം നൽകുന്ന 13–ാം വകുപ്പ് ദുരന്തനിവാരണ നിയമത്തിൽനിന്ന് ഒഴിവാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.
അതോറിറ്റി അല്ല ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും സർക്കാർ തീരുമാനം അറിയിക്കണമെന്നും കോടതി നിർദേശിച്ചു. എന്നാൽ ഇക്കാര്യം തീരുമാനിക്കുന്നതിൽ സമയം നീട്ടി ചോദിക്കുകയാണ് കേന്ദ്രം വീണ്ടും ചെയ്തത്.
കേരളം 2200 കോടി രൂപയുടെ പാക്കേജ് പുന ർനിര്‍മാണ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് (പിഡിഎൻഎ) അനുസരിച്ച് ചോദിച്ചിട്ടുണ്ടെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
