പാലക്കാട്: മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ 'കോങ്ങാട്-മലമ്പുഴ ഡീൽ' പരാമർശത്തിന് മറുപടിയുമായി വി.കെ. ശ്രീകണ്ഠൻ എം.പി. പ്രായധിക്യം മൂലം എ.കെ. ബാലന് കിളി പോയെന്നും അദ്ദേഹത്തിന് സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണെന്നും ശ്രീകണ്ഠൻ പരിഹസിച്ചു.
പാലക്കാട് സീറ്റ് തൂക്കി വിറ്റ് ബിജെപിക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാനും മതേതര വോട്ടുകൾ ഭിന്നിപ്പിക്കാനും ഏറ്റവും കൂടുതൽ പ്രവർത്തിച്ചത് എ.കെ. ബാലനാണെന്ന് അദ്ദേഹം ആരോപിച്ചു. പാലക്കാട് സിപിഎം നടത്തിയ 'ഡീൽ' ഇപ്പോൾ കേരളം മുഴുവൻ ചർച്ചയാണെന്നും ഇതിനുള്ള മറുപടി ജനങ്ങൾ കനത്ത പ്രഹരമായി നൽകുമെന്നും ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു.
പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത, മെമ്പർഷിപ്പോ ഒരു പരിപാടിയിൽ പോലും സാന്നിധ്യമോ ഇല്ലാത്ത ഹോട്ടൽ വ്യവസായിയെ സ്ഥാനാർത്ഥിയാക്കിയത് മതേതര വോട്ടുകൾ ഭിന്നിപ്പിക്കാനാണെന്ന് എം.പി ആരോപിച്ചു. ഇത്തരത്തിൽ ബിജെപിക്ക് ജയിക്കാൻ സൗകര്യമൊരുക്കിയ എ.കെ. ബാലനെയും കൂട്ടരെയും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ 'കാഴ്ച ബംഗ്ലാവിൽ' വെക്കേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു.
നേരത്തെ, മലമ്പുഴയിൽ ബിജെപിയെ ജയിപ്പിക്കാൻ കോൺഗ്രസ് ദുർബല സ്ഥാനാർത്ഥിയെ നിർത്തിയെന്നും കോങ്ങാട് വോട്ട് മറിക്കുമെന്ന് ആർഎസ്എസിൽ നിന്ന് യുഡിഎഫിന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും എ.കെ. ബാലൻ ആരോപിച്ചിരുന്നു. ശ്രീകണ്ഠന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയത് ഈ വോട്ട് ഡീലിന്റെ ഭാഗമാണെന്നായിരുന്നു ബാലന്റെ പക്ഷം.
അതേസമയം, പാലക്കാട് യഥാർത്ഥ ഡീൽ നടക്കുന്നത് കോൺഗ്രസും സിപിഎമ്മും തമ്മിലാണെന്ന് മലമ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ആരോപിച്ചു. കാലങ്ങളായി തുടരുന്ന ഈ അന്തർധാരയുടെ തെളിവാണ് പാലക്കാട് ഷാഫി പറമ്പിൽ ജയിച്ചപ്പോൾ ആദ്യം അഭിനന്ദിക്കാൻ എ.കെ. ബാലൻ എത്തിയത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് മുന്നണികളും പരസ്പരം ഡീൽ ആരോപണങ്ങൾ ഉന്നയിക്കുന്നതോടെ പാലക്കാട്ടെ തിരഞ്ഞെടുപ്പ് പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ കടുക്കുമെന്ന് ഉറപ്പായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
