കുടിയേറ്റക്കാരെ വിചാരണ കൂടാതെ പുറത്താക്കാം; ട്രംപിന്റെ നയങ്ങള്‍ക്ക് യുഎസ് അപ്പീല്‍ കോടതിയുടെ പച്ചക്കൊടി

JUNE 23, 2026, 6:48 PM

വാഷിംഗ്ടണ്‍: യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അതിവേഗം നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്ക് അനുകൂലമായി യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതിയുടെ സുപ്രധാന വിധി. രാജ്യ വ്യാപകമായി വന്‍തോതില്‍ കുടിയേറ്റക്കാരെ നാടുകടത്താന്‍ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്ക് വന്‍ ഊര്‍ജം പകരുന്നതാണ് ചൊവ്വാഴ്ച പുറത്തുവന്ന കോടതി ഉത്തരവ്.

ഇമിഗ്രേഷന്‍ ജഡ്ജിക്ക് മുന്നില്‍ വാദം കേള്‍ക്കല്‍ പോലെയുള്ള ഔദ്യോഗിക നിയമ നടപടികളില്ലാതെ തന്നെ ഒരാളെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ അധികാരികള്‍ക്ക് അധികാരം നല്‍കുന്ന 'എക്‌സ്പീഡിറ്റഡ് റിമൂവല്‍' അഥവാ അതിവേഗ നാടുകടത്തല്‍ പ്രക്രിയ കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാന്‍ ഇതോടെ ഭരണകൂടത്തിന് സാധിക്കും.

യുഎസില്‍ എത്തിയിട്ട് തുടര്‍ച്ചയായി രണ്ട് വര്‍ഷത്തിലധികമായി എന്ന് തെളിയിക്കാന്‍ സാധിക്കാത്ത, മതിയായ രേഖകളില്ലാത്ത ഏത് കുടിയേറ്റക്കാരെയും വിചാരണ കൂടാതെ വേഗത്തില്‍ നാടുകടത്താന്‍ ഈ വിധിയിലൂടെ ട്രംപ് ഭരണകൂടത്തിന് വഴിതുറന്നു. മുന്‍പ് അതിര്‍ത്തിയില്‍ നിന്ന് 100 മൈല്‍ ചുറ്റളവില്‍ പിടിക്കപ്പെടുന്നവര്‍ക്കും യുഎസില്‍ പ്രവേശിച്ച് 14 ദിവസത്തില്‍ താഴെ മാത്രം പ്രായമുള്ളവര്‍ക്കും മാത്രമായി ഈ അതിവേഗ നാടുകടത്തല്‍ പരിമിതപ്പെടുത്തിയിരുന്നു. ഈ അതിര്‍വരമ്പുകള്‍ ഭേദിച്ച് രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള കുടിയേറ്റക്കാരെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ പുതിയ ഉത്തരവ് സഹായിക്കും.

ഡിസി സര്‍ക്യൂട്ട് അപ്പീല്‍ കോടതിയിലെ മൂന്നംഗ ജഡ്ജിമാരുടെ പാനലില്‍ 2-1 എന്ന ഭൂരിപക്ഷത്തിലാണ് വിധി പ്രസ്താവിച്ചത്. ട്രംപ് നാമനിര്‍ദ്ദേശം ചെയ്ത ജഡ്ജിമാരായ ജസ്റ്റിന്‍ വാക്കര്‍, നിയോമി റാവു എന്നിവര്‍ ഭരണകൂടത്തെ അനുകൂലിച്ചപ്പോള്‍, ബരാക് ഒബാമ നിയമിച്ച ജഡ്ജി റോബര്‍ട്ട് വില്‍ക്കിന്‍സ് ഇതിനോട് വിയോജിച്ചു. വിപുലീകരിച്ച ഈ നയം ഭരണഘടനാപരമായ മൗലികാവകാശങ്ങളും നീതിയും ലംഘിക്കുന്നതാണെന്ന ഹര്‍ജിക്കാരുടെ വാദം ജഡ്ജി ജസ്റ്റിന്‍ വാക്കറുടെ നേതൃത്വത്തിലുള്ള ഭൂരിപക്ഷ ബെഞ്ച് തള്ളി.

കോടതി വിധിയെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ ജനറല്‍ കൗണ്‍സല്‍ ജെയിംസ് പെര്‍സിവല്‍ എക്‌സിലൂടെ സ്വാഗതം ചെയ്തു. നിയമം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ കോടതി ശരിവെച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പം ഇപ്പോഴും വൈകിയിട്ടില്ലെന്നും സ്വയം നാടുകടത്തലിന് തയ്യാറാകുന്നവര്‍ക്ക് ഭരണകൂടം വാഗ്ദാനം ചെയ്ത 2,600 ഡോളര്‍ അസിസ്റ്റന്‍സ് തുക കൈപ്പറ്റാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അതിവേഗ നാടുകടത്തല്‍ നടപടികള്‍ പിഴവുകള്‍ നിറഞ്ഞതും കുടിയേറ്റക്കാര്‍ക്ക് അര്‍ഹമായ സ്വാഭാവിക നീതി നിഷേധിക്കുന്നതുമാണെന്ന് എസിഎല്‍യു ഇമിഗ്രന്റ്‌സ് റൈറ്റ്‌സ് പ്രൊജക്റ്റിന്റെ സീനിയര്‍ സ്റ്റാഫ് അറ്റോര്‍ണി ആനന്ദ് ബാലകൃഷ്ണന്‍ പ്രതികരിച്ചു. വിധിക്കെതിരെ അടുത്ത നിയമനടപടികള്‍ ആലോചിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam