വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി സർക്കാർ ചെലവഴിച്ച തുകയെ ചൊല്ലി പുതിയ രാഷ്ട്രീയ വിവാദം. പദ്ധതിക്കായി സർക്കാർ 3,764 കോടി രൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. ഇടതുപക്ഷ എംഎൽഎമാരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഈ കണക്ക് വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ മറുപടി പ്രകാരം, പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേന്ദ്ര സർക്കാർ 817.80 കോടി രൂപയും, അദാനി ഗ്രൂപ്പ് 2,454 കോടി രൂപയും നിക്ഷേപിച്ചു. തുടർഘട്ടങ്ങളിലായി ഏകദേശം 19,000 കോടി രൂപ കൂടി നിക്ഷേപിക്കുമെന്ന് അദാനി അറിയിച്ചിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു.
എന്നാൽ, മുഖ്യമന്ത്രിയുടെ കണക്കുകൾ വസ്തുതാവിരുദ്ധമാണെന്ന് മുൻ തുറമുഖ മന്ത്രി വി.എൻ. വാസവൻ ആരോപിച്ചു. പദ്ധതിയുടെ ആകെ ചെലവിന്റെ 61.5 ശതമാനം സംസ്ഥാന സർക്കാരും, 29.5 ശതമാനം അദാനി ഗ്രൂപ്പും വഹിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കേന്ദ്രം നൽകിയ 817.80 കോടി രൂപ ഗ്രാന്റല്ല, വൈബിലിറ്റി ഗ്യാപ് ഫണ്ടിങ് (VGF) വായ്പയാണെന്നും, പദ്ധതിക്കായി ഇതിനകം ഏകദേശം 5,500 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കും മുഖ്യമന്ത്രിയുടെ കണക്കിനെ ചോദ്യം ചെയ്തു. സർക്കാർ ചെലവുകൾ ഇനിയും പൂർണമായിട്ടില്ലെന്നും, നിരവധി ബില്ലുകൾ അടയ്ക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ അന്തിമ സർക്കാർ ചെലവ് ഇടതുമുന്നണി നേരത്തെ പറഞ്ഞതുപോലെ ഉയരുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
