മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയം മുന്‍പും നടപടിയെടുത്തതിന്റെ വിവരങ്ങള്‍ പുറത്ത്. ചട്ടങ്ങള്‍ പാലിക്കാതെ കമ്പനി അടച്ചുപൂട്ടിയതിന് പിഴ ചുമത്തിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
2021 ഫെബ്രുവരിയിലായിരുന്നു ഈ നടപടി ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എക്‌സാലോജിക്കിനും വീണാ വിജയനും ഓരോ ലക്ഷം രൂപ വീതമാണ് അന്ന് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസമാണ് വീണയുടെ കമ്പനിക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഈ വാർത്ത ചർച്ചയാവുന്നതിനിടെ ആണ് എക്‌സാലോജിക്കിനെതിരെ ഇതിന് മുന്‍പും അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നത്.
അതായത് കമ്പനികാര്യ മന്ത്രാലയത്തെ അറിയിക്കാതിരുന്നടക്കമുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് എക്‌സാലോജിക് കമ്പനി അടച്ചുപൂട്ടിയത് എന്നും ഇത് കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയത് എന്നുമാണ് പുറത്തു വരുന്ന വിവരം.
2019-2020ല്‍ കമ്പനി 17 ലക്ഷം രൂപയുടെ നഷ്ടത്തിലായിരുന്നെന്നും 2020ല്‍ കമ്പനി അടച്ചുപൂട്ടുന്നത് വരെ ഏഴ് ലക്ഷം രൂപ നഷ്ടമുണ്ടായിരുന്നെന്നുമാണ് അന്ന് എക്‌സാലോജിക് വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍ രണ്ട് ലക്ഷം രൂപ പിഴത്തുക അടച്ചോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. കൊവിഡ് സമയത്ത് അടച്ചുപൂട്ടുകയായിരുന്നെന്നാണ് എക്‌സാലോജിക് അറിയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്