വയനാട്: കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായി മാറിയ ഈ ദുരന്തത്തിൽ 298 പേരാണ് ജീവൻ നഷ്ടമായത്. രണ്ടാം വാർഷികത്തോടനുബന്ധിച്ച് ദുരന്തത്തിൽ മരിച്ചവരെ അനുസ്മരിച്ച് വിവിധ സ്ഥലങ്ങളിൽ സ്മരണാചരണങ്ങളും സർവമത പ്രാർഥനകളും സംഘടിപ്പിക്കും.
ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ ഹൃദയഭൂമിയിൽ സർവമത പ്രാർഥന നടക്കും. സർക്കാർ ടൗൺഷിപ്പിൽ കഴിയുന്ന ദുരന്തബാധിതരും ചൂരൽമല ബെയിലി പാലത്തിന് സമീപം വെള്ളാർമല സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങുകളും നടത്തും.
2024 ജൂലൈ 30-ന് പുലർച്ചെയുണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ പുന്നപ്പുഴയിലൂടെ കുത്തിയൊഴുകിയ വെള്ളവും പാറക്കല്ലുകളും മരക്കൊമ്പുകളും മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ തകർത്തു. ദുരന്തത്തിൽ മരിച്ചവരിൽ പലരുടെയും മൃതദേഹങ്ങൾ കിലോമീറ്ററുകൾ അകലെയുള്ള ചാലിയാർ പുഴയിൽ നിന്നാണ് കണ്ടെത്തിയത്. 35 പേരെ ഇന്നും കണ്ടെത്താനായിട്ടില്ല.
സർക്കാരിന്റെ കണക്കുകൾ പ്രകാരം 1,084 കുടുംബങ്ങളെയാണ് ദുരന്തം നേരിട്ടോ പരോക്ഷമായോ ബാധിച്ചത്. രണ്ട് വർഷം പിന്നിട്ടിട്ടും അന്നത്തെ ഭീതിയും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയും പലർക്കും മറികടക്കാൻ കഴിഞ്ഞിട്ടില്ല.
ദുരന്തത്തിന് പിന്നാലെ കേരളമൊട്ടാകെ ദുരിതബാധിതർക്കൊപ്പം നിന്നു. വിവിധ സന്നദ്ധ സംഘടനകളും സാമൂഹിക സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സർക്കാരും ചേർന്ന് പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി. നിരവധി കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകിയെങ്കിലും സർക്കാർ പ്രഖ്യാപിച്ച എല്ലാ പുനരധിവാസ പദ്ധതികളും ഇതുവരെ പൂർത്തിയായിട്ടില്ല. നിരവധി കുടുംബങ്ങൾ ഇപ്പോഴും വാടകവീടുകളിലാണ് കഴിയുന്നത്.
രണ്ടാം വാർഷിക ദിനത്തിൽ പ്രിയപ്പെട്ടവരുടെ ഓർമകളുമായി ദുരന്തബാധിതർ വീണ്ടും പുത്തുമലയിലെ ഹൃദയഭൂമിയിലെത്തി. കണ്ണീരും പ്രാർഥനയും ചേർന്ന ആ അനുസ്മരണം, രണ്ട് വർഷം കഴിഞ്ഞിട്ടും മായാത്ത മുണ്ടക്കൈ-ചൂരൽമലയുടെ മുറിവുകളെ വീണ്ടും ഓർമ്മിപ്പിക്കുന്നതായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
