ആലപ്പുഴ: തോട്ടപ്പള്ളി മണൽ നീക്കൽ പ്രതിസന്ധിയെ ചൊല്ലിയുള്ള വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ. തോട്ടപ്പള്ളി പൊഴി സംബന്ധിച്ച വാർത്തകളിൽ "മീഡിയ പ്രൊപ്പഗണ്ട" നടന്നോയെന്ന സംശയമുണ്ടെന്ന് കളക്ടർ പറഞ്ഞു. തോട്ടപ്പള്ളി പൊഴി ആവശ്യമായ സമയങ്ങളിൽ മുറിച്ചിരുന്നുവെന്നും ജലനിരപ്പും ഒഴുക്കും കൃത്യമായി നിരീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു വിശദീകരണം.
2018ലെ പ്രളയത്തിന് ശേഷം ആദ്യമായാണ് കുട്ടനാട്ടിൽ ഇത്രയും വലിയ വെള്ളപ്പൊക്കം അനുഭവപ്പെടുന്നതെന്ന് കളക്ടർ പറഞ്ഞു. എൻഎച്ച്എഐ നിർമ്മിച്ച താൽക്കാലിക പാലം നേരത്തെ തന്നെ പൊളിച്ചുനീക്കാൻ നിർദേശം നൽകിയിരുന്നുവെങ്കിലും അത് നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു.
"കഴിഞ്ഞ ദിവസം ദുരന്തനിവാരണ നിയമപ്രകാരം എൻഎച്ച്എഐക്ക് നോട്ടീസ് നൽകി. തുടർന്ന് ഇന്നലെ രാവിലെ 10.30-ന് പാലം പൊളിച്ചുനീക്കാമെന്ന് എൻഎച്ച്എഐ അറിയിക്കുകയായിരുന്നു," കളക്ടർ പറഞ്ഞു.
തോട്ടപ്പള്ളിയിലെ ജലപ്രവാഹം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. "ഇപ്പോൾ ഒരു മീറ്ററാണ് ജലനിരപ്പ്. അത് 1.6 മീറ്ററിന് മുകളിലെത്തുമ്പോഴാണ് പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് നൽകുന്നത്. മൂന്നോ നാലോ ദിവസം കൂടുമ്പോൾ ജലനിരപ്പ് വിലയിരുത്താറുണ്ട്. പൊഴി മുറിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോഴെല്ലാം അതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സമീപ ജില്ലകളിൽ നിന്നുള്ള വെള്ളവും തോട്ടപ്പള്ളിയിലൂടെയാണ് കടലിലേക്ക് ഒഴുകുന്നത്," കളക്ടർ വിശദീകരിച്ചു. ഇല്ലായിരുന്നെങ്കിൽ നിലവിലെ സാഹചര്യത്തേക്കാൾ ഗുരുതരമായ വെള്ളപ്പൊക്കമായേനെ ഉണ്ടായിരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ജില്ലയിലെ വെള്ളപ്പൊക്കം രൂക്ഷമാകാൻ പ്രധാന കാരണം തോട്ടപ്പള്ളി പൊഴിയിൽ ആവശ്യമായ മണൽ നീക്കം സമയബന്ധിതമായി നടത്താത്തതും സ്പിൽവേയുടെ പ്രവർത്തനം കാര്യക്ഷമമാക്കാത്തതുമാണെന്ന റിപ്പോർട്ടർ വാർത്ത നേരത്തെ പുറത്തുവിട്ടിരുന്നു.
പൊഴിയിലെ മണൽത്തിട്ടകൾ നീക്കം ചെയ്യാതിരുന്നതിനെ തുടർന്ന് കടലിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതായും, സ്പിൽവേ ഷട്ടറുകൾക്ക് മുന്നിൽ മണലും മാലിന്യവും അടിഞ്ഞുകൂടി ജലപ്രവാഹം തടസ്സപ്പെട്ട സാഹചര്യവുമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
2018ലെ പ്രളയത്തിന് ശേഷം ഹൈക്കോടതിയുടെ നിർദേശപ്രകാരം സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയും, ചെന്നൈ ഐഐടിയും തയ്യാറാക്കിയ റിപ്പോർട്ടുകളിൽ മഴക്കാലത്തിന് മുമ്പ് തോട്ടപ്പള്ളിയിലെ മണൽ നീക്കം നിർബന്ധമായും പൂർത്തിയാക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ഇത് പാലിക്കാത്തത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പും റിപ്പോർട്ടുകളിൽ നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
