കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ വീണ്ടും മോഷണം. മുണ്ടക്കൈ ഗവ. എല്‍.പി സ്കൂളിന് സമീപം താമസിച്ചിരുന്ന കെ.കെ സുല്‍ത്താന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
കട്ടിൽ, അലമാര, ജനൽപാളി, വാഷ് ബേസിന്‍, ഷവർ തുടങ്ങിയവയാണ് മോഷണം പോയത്. ടൗൺഷിപ്പിൽ ലഭിച്ച പുതിയ വീട്ടിലേക്ക് മാറുമ്പോൾ ഉപയോഗിക്കാൻ സൂക്ഷിച്ചിരുന്ന ഏകദേശം 1.5 ലക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് നഷ്ടമായത്. വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം സുല്‍ത്താൻ അറിഞ്ഞത്. പരാതിയെ തുടർന്ന് മേപ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആഴ്ചയും പ്രദേശത്ത് സമാനമായ മോഷണം റിപ്പോർട്ട് ചെയ്തിരുന്നു. മുണ്ടക്കൈ ചിറക്കൽ സുലൈമാന്റെ വീട്ടിൽ നിന്നു പുതപ്പുകൾ, ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ എന്നിവ കവർന്നിരുന്നു. കൂടാതെ കാർഷിക വിളകൾ മോഷണം പോകുന്നതും പതിവായിട്ടുണ്ട്.
ദുരന്തത്തെ തുടർന്ന് പ്രദേശം ‘നോ-ഗോ സോൺ’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ ഇപ്പോൾ ആളുകൾ താമസിക്കുന്നില്ല. പുറത്തുനിന്നുള്ളവർക്ക് പ്രവേശിക്കാൻ പാസ് നിർബന്ധമാണ്. നാട്ടുകാർക്ക് പോലും വീടുകൾ സന്ദർശിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.
ചൂരൽമല ടൗണിൽ പൊലീസ് കർശന പരിശോധന നടത്തുന്നുണ്ടെങ്കിലും മോഷണം തുടരുകയാണ്. സംഘടിത സംഘമാണ് മോഷണങ്ങൾക്ക് പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം. പ്രതികളെ ഉടൻ പിടികൂടണമെന്നും രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
