ആലപ്പുഴ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ ജി. സുധാകരൻ നടത്തിയ പരാമർശത്തെ തുടർന്ന് അദ്ദേഹത്തിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. സംസ്ഥാന സെക്രട്ടറിയെ അഭിസംബോധന ചെയ്ത രീതി "സംസ്‌കാരശൂന്യമായത്" ആണെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ വിമർശിച്ചു.
യുഡിഎഫിലെത്തിയതോടെ സുധാകരന് ആരെയും എന്തും പറയാനുള്ള ലൈസൻസ് ലഭിച്ചുവെന്ന് ആർ. നാസർ ആരോപിച്ചു. പാർട്ടിയെ തകർക്കാൻ ശ്രമിച്ചതിനാലാണ് എം.വി. ഗോവിന്ദൻ സുധാകരനെ "വർഗവഞ്ചകൻ" എന്ന് വിശേഷിപ്പിച്ചതെന്നും, സുധാകരൻ രാഷ്ട്രീയ ഭ്രാന്ത് ബാധിച്ചതുപോലെ പുലഭ്യം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എം.വി. ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ വീണ്ടും രംഗത്തെത്തി. വർഗമെന്തെന്നും വർഗവഞ്ചന എന്തെന്നുമൊന്നും ഗോവിന്ദന് അറിയില്ലെന്നും, തെറ്റ് പറ്റിയ സിപിഐഎം അത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി നശിക്കട്ടെയെന്ന നിലപാട് സ്വീകരിക്കുന്ന ഒരാൾക്ക് സംസ്ഥാന സെക്രട്ടറിയായിരിക്കാൻ യോഗ്യതയില്ലെന്നും, പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദൻ രാജിവെക്കണമെന്നും സുധാകരൻ പറഞ്ഞു.
എം.വി. ഗോവിന്ദൻ "വാ അടക്കുന്നതാണ് നല്ലത്" എന്നും സുധാകരൻ പ്രതികരിച്ചു. "സി.എച്ച്. കണാരന്റെയും എ.കെ.ജിയുടെയും ഇ.എം.എസിന്റെയും കാലത്ത് പാർട്ടിയിൽ വന്ന ആളാണ് ഞാൻ. അന്ന് ഗോവിന്ദൻ ഉണ്ടായിരുന്നില്ല. ഇതുവരെ അദ്ദേഹത്തിനെതിരെ സംസാരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. കൊത്തി കൊത്തി മുറത്തിൽ കയറി കൊത്താൻ തുടങ്ങിയപ്പോഴാണ് മറുപടി പറയേണ്ടി വന്നത്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
