കോഴിക്കോട്: നഗര മധ്യത്തിലെ സൗത്ത് ബീച്ചിലുള്ള പെട്രോള്‍ പമ്പിന് സമീപത്തെ ആക്രിക്കടയ്ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച രാത്രി പത്ത് മണിയോടെയുണ്ടായ സംഭവത്തില്‍ അഗ്‌നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്.
പി. സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയുടെ പിന്‍വശത്ത് ബീച്ചില്‍ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ക്കിടയിലാണ് ആദ്യം തീ പടര്‍ന്നുപിടിച്ചത്. മാലിന്യത്തില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ധാരാളമായി ഉണ്ടായിരുന്നതിനാല്‍ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. വലിയ സ്‌ഫോടനശബ്ദത്തോടെയാണ് തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാത്രി സമയമായതിനാല്‍ കടല്‍ത്തീരത്ത് നിരവധി ആളുകള്‍ ഉണ്ടായിരുന്നതും സമീപത്ത് പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്നതും കടുത്ത ആശങ്ക സൃഷ്ടിച്ചു.
തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ മീഞ്ചന്ത, ബീച്ച് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേനയും പോലീസും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ തീവ്രശ്രമത്തിനൊടുവില്‍ രാത്രി പതിനൊന്ന് മണിയോടെ തീ പൂര്‍ണ്ണമായും അണച്ചു. പെട്രോള്‍ പമ്പിലേക്ക് തീ പടരാതിരിക്കാന്‍ സേന ജാഗ്രത പുലര്‍ത്തിയതിനാല്‍ വന്‍ അപകട ഭീഷണി ഒഴിവായി. പോലീസിന്റെ ഇടപെടല്‍ മൂലം പ്രദേശത്ത് കാര്യമായ ഗതാഗത തടസ്സവും ഉണ്ടായില്ല.
അപകടസമയത്ത് ഷെഡില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയൊരു അനിഷ്ടസംഭവം ഒഴിവായി. മഴ പെയ്ത് മിനിറ്റുകള്‍ക്കകം ഇത്ര വലിയ രീതിയില്‍ തീ പടരാന്‍ ഇടയായത് എങ്ങനെയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
