തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെയും ലയണല്‍ മെസ്സിയുടെയും കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോടികളുടെ ജി.എസ്.ടി വെട്ടിപ്പ് നടന്നെന്ന ആരോപണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി സര്‍ക്കാര്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി അഞ്ചംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണര്‍ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കായികവകുപ്പ് സെക്രട്ടറി എന്‍. പ്രശാന്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ് പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടത്. സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെയാണ് പ്രധാനമായും ആരോപണമുയര്‍ന്നിട്ടുള്ളത്. സര്‍ക്കാരിന് വന്‍ തുക ജി.എസ്.ടി. ഇനത്തില്‍ നഷ്ടമുണ്ടാക്കിയെന്നും പൊതുമുതല്‍ സ്വകാര്യ കമ്പനിയുടെ ലാഭത്തിനായി ദുരുപയോഗം ചെയ്‌തെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, മൂലധന സ്രോതസ്സ്, രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ എന്നിവ സമഗ്രമായി പരിശോധിക്കാന്‍ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തിനായി മറ്റ് വകുപ്പുകളിലെ രേഖകള്‍ വിളിച്ചുവരുത്താനും സംഘത്തിന് അധികാരമുണ്ട്.
മുമ്പ് കാഞ്ഞങ്ങാട് ജി.എസ്.ടി ഇന്റലിജന്‍സ് ഓഫീസ് ഈ സംഭവത്തില്‍ കേസ് എടുത്തിരുന്നു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 216 കോടി രൂപ വിദേശത്തേക്ക് കൈമാറിയതില്‍ 22.68 കോടി രൂപ ജി.എസ്.ടി അടയ്ക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു അന്നത്തെ നടപടി. എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും തുടര്‍ന്നുള്ള അന്വേഷണ നടപടികള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. നിലവിലെ യു.ഡി.എഫ് സര്‍ക്കാര്‍ വിഷയം വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചതോടെയാണ് കേസിന് ജീവന്‍ വെച്ചത്. കേസിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ചെയര്‍മാന്‍ ആന്റോ അഗസ്റ്റിന്‍ കാഞ്ഞങ്ങാട് ജി.എസ്.ടി ഓഫീസിലെത്തി മൊഴി നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
