കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ വി. ശിവന്‍കുട്ടി, കെ.എന്‍ ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, ഗണേശ് കുമാര്‍, കെ. രാജന്‍, എന്നിവരും കൊടിക്കുന്നില്‍ സുരേഷ് എംപി, മുകേഷ് എംഎല്‍എ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. നടി നിഖിലാ വിമല്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
മത്സരത്തില്‍ പങ്കെടുക്കലാണ് ഏറ്റവും പ്രധാനമെന്ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഓര്‍ക്കണം. ഇത് കൗമാര മനസുകളുടെ ഉത്സവമാണ്. അതിനാല്‍ അനാരോഗ്യകരമായ മത്സരബോധം കൊണ്ട് ആ മനസുകളെ കലുഷിതമാക്കരുത്. കുട്ടികളുടെ കലാമത്സരമായി തന്നെ രക്ഷിതാക്കള്‍ ഇതിനെ കാണണമെന്നും മുഖ്യന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. ഇന്ന് പിന്നിലായവരാകും നാളെ മുന്നിലെത്തുന്നത്.
ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാരോത്സവമായി നമ്മുടെ സംസ്ഥാന കലോത്സവം മാറിയിരിക്കുകയാണ്. കല പോയിന്റുകള്‍ നേടാനുള്ള ഉപാധി മാത്രമായി കുട്ടികള്‍ കാണരുത്. ആ രീതി കുഞ്ഞുങ്ങള്‍ ഒഴിവാക്കണം. കലാവാസനയുള്ള കുഞ്ഞുങ്ങള്‍ക്ക് പരിരക്ഷയും കലാപോഷണത്തിലൂടെയുള്ള വ്യക്തിത്വ വികസനവും സൃഷ്ടിക്കുക എന്നതാണ് ഓരോ ചുവടുവയ്പ്പിലൂടെയും നമ്മള്‍ ലക്ഷ്യമാക്കേണ്ടത്. ഈ ലക്ഷ്യത്തിലേയ്ക്ക് നയിക്കുന്നതാവണം കലോത്സവങ്ങള്‍.
ഒരു കാര്യം കൂടി നിങ്ങളോടെനിക്ക് പറയാനുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരികളില്‍ കുഞ്ഞുങ്ങള്‍ അകപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനും അതിന്റെ പിടിയില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനുമുള്ള ഒരു ഉപാധി കൂടിയായി കലയെ കാണണം. ഇത് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ നിങ്ങളെ സഹായിക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്