തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനെതിരെ വിവാദ പരാമർശം നടത്തിയ ആർഎസ്എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിനെതിരെ സംവിധായിക അഞ്ജലി മേനോൻ രംഗത്ത്. മോഹൻദാസ് നടത്തിയ പ്രസ്താവനയെ "ഏറ്റവും വൃത്തികെട്ട വിദ്വേഷ പ്രസംഗം" എന്നാണ് അഞ്ജലി മേനോൻ വിശേഷിപ്പിച്ചത്.
സമൂഹമാധ്യമത്തിലൂടെയാണ് അഞ്ജലി മേനോൻ പ്രതികരിച്ചത്. ടി.ജി. മോഹൻദാസിന്റെ വാക്കുകൾ അതീവ അറപ്പുളവാക്കുന്നതാണെന്നും ആദ്യം ഈ പരാമർശങ്ങളെ പൂർണമായും അവഗണിക്കാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് അതിനെതിരെ പ്രതികരിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നിയെന്നും അവർ പറഞ്ഞു.
വിവാദ വീഡിയോയിൽ സംസാരിച്ച വ്യക്തി മാത്രമല്ല, അത് ചിത്രീകരിച്ചവരും എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവരും ലൈക്ക് ചെയ്തവരും പിന്തുണച്ചവരുമെല്ലാം വിദ്വേഷ പ്രസംഗത്തിന്റെ ഭാഗമാണെന്ന് അഞ്ജലി മേനോൻ ചൂണ്ടിക്കാട്ടി. ഇത്തരം പരാമർശങ്ങളെ ഒരു കാരണവശാലും സാധാരണവൽക്കരിക്കുകയോ അവഗണിക്കുകയോ ചെയ്യരുതെന്നും ശക്തമായി എതിർക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഇതിനിടെ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു. അധിക്ഷേപം, കലാപത്തിന് പ്രേരണ നൽകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കവെയാണ് ടി.ജി. മോഹൻദാസ് വിവാദ പ്രസ്താവന നടത്തിയത്. പ്രതിഷേധക്കാരെ നേരിടാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും മുന്നറിയിപ്പ് നൽകിയ ശേഷം വെടിവെക്കുമായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
"ജന്തർ മന്തറിൽ നാല് കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് മൂന്ന് തവണ പിരിഞ്ഞുപോകാൻ ആവശ്യപ്പെടും. അതിന് ശേഷവും പിരിഞ്ഞില്ലെങ്കിൽ വെടിവെക്കും. ആളുകൾ ചിതറിയോടും. ചിലർ മരിക്കും, ചിലർക്ക് ഗുരുതരമായി പരിക്കേൽക്കും. ഏതാനും മണിക്കൂറിനുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കും," എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പ്രതിഷേധത്തിന് എത്തുന്ന വിദ്യാർഥികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും മോഹൻദാസ് നടത്തിയിരുന്നു. ഇത്തരത്തിലുള്ള പ്രതിഷേധങ്ങളെ കർശനമായി നേരിട്ട അനുഭവമുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
വിവാദ പരാമർശം പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ-സാംസ്കാരിക രംഗത്തും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
