തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിലേക്കുള്ള ബന്ധു നിയമനത്തെ ചൊല്ലി മന്ത്രി സണ്ണി ജോസഫിനെതിരെ കെപിസിസി യോഗത്തിൽ വിമർശനം ഉയർന്നതായി റിപ്പോർട്ട്. നിയമനത്തിൽ കൂടുതൽ കരുതൽ പുലർത്തേണ്ടിയിരുന്നുവെന്നും അനാവശ്യ വിവാദങ്ങൾക്ക് ഇടനൽകരുതായിരുന്നുവെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. വിഷയത്തിൽ പാർട്ടി വൃത്തങ്ങളിലടക്കം ചർച്ചകൾ ശക്തമായ സാഹചര്യത്തിലാണ് കെപിസിസി യോഗത്തിലും വിമർശനം ഉയർന്നത്.
അതേസമയം, നിയമനത്തിൽ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്നാണ് മന്ത്രി സണ്ണി ജോസഫിന്റെ വിശദീകരണം. ബെന്നി തോമസ് ദീർഘകാലമായി പൊതുപ്രവർത്തന രംഗത്തുള്ള വ്യക്തിയാണെന്നും മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ ബന്ധുവാണെന്ന കാര്യം മറച്ചുവെച്ചിട്ടില്ലെന്നും എല്ലാവരോടും അത് തുറന്നുപറഞ്ഞിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. മറ്റൊരു മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തി നിയമനം നടത്താമായിരുന്നുവെങ്കിലും അത്തരം കാപട്യത്തിന് താൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കെപിസിസി പ്രസിഡന്റായിരിക്കുമ്പോൾ അടുത്ത സഹപ്രവർത്തകരായിരുന്നവരെയും ഉൾപ്പെടുത്തി 13 പേരെയാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് നിയമിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് സുദീപ് ജെയിംസും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
നിയമനം നിയമപരമായി ശരിയാണെന്ന വാദം നിലനിൽക്കുമ്പോഴും രാഷ്ട്രീയമായും ധാർമികമായും വിവാദങ്ങൾക്ക് വഴിവെച്ചെന്ന വിമർശനമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
